CMDRF

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ബിജെപിയില്‍ ചേര്‍ന്നത് വധശ്രമ കേസില്‍ പ്രതിചേര്‍ക്കപ്പെട്ടതിന് പിന്നാലെ

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ബിജെപിയില്‍ ചേര്‍ന്നത് വധശ്രമ കേസില്‍ പ്രതിചേര്‍ക്കപ്പെട്ടതിന് പിന്നാലെ
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ബിജെപിയില്‍ ചേര്‍ന്നത് വധശ്രമ കേസില്‍ പ്രതിചേര്‍ക്കപ്പെട്ടതിന് പിന്നാലെ

ഇന്‍ഡോര്‍: മധ്യപ്രദേശിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അക്ഷയ് ഭം പത്രിക പിന്‍വലിച്ചത് 17 വര്‍ഷം മുന്‍പത്തെ വധശ്രമ കേസില്‍ പ്രതിചേര്‍ക്കപ്പെട്ടതിന് പിന്നാലെ. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്നു അക്ഷയ്. ഏപ്രില്‍ 23 നാണ് മണ്ഡലത്തില്‍ മത്സരിക്കാനായി അക്ഷയ് പത്രിക നല്‍കിയത്. ഏപ്രില്‍ 24 നാണ് ഇദ്ദേഹത്തിനെതിരെ വധശ്രമ കുറ്റം ചുമത്തി പൊലീസ് കേസെടുത്തത്. പിന്നാലെ ഏപ്രില്‍ 29 ന് മധ്യപ്രദേശിലെ മന്ത്രിയും ബിജെപി നേതാവുമായ കൈലാഷ് വിജയവര്‍ഗീയ, അക്ഷയ് ഭം ബിജെപിയില്‍ ചേര്‍ന്നതായി പ്രഖ്യാപിക്കുകയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്മാറിയതായി അറിയിക്കുകയായിരുന്നു. സൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ പത്രികകള്‍ തള്ളിയതും മറ്റ് സ്ഥാനാര്‍ത്ഥികള്‍ പത്രികകള്‍ പിന്തുണച്ച് ബിജെപി സ്ഥാനാര്‍ത്ഥിക്ക് എതിരില്ലാതെ ജയം സമ്മാനിക്കുകയും ചെയ്ത സംഭവത്തിന് പിന്നാലെയാണ് ഇന്‍ഡോറിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ ചുവടുമാറ്റം.

മെയ് 10 ന് അക്ഷയ് ഭംമിനോടും അച്ഛനോടും കോടതിയില്‍ നേരിട്ട് ഹാജരാകാന്‍ ഇന്‍ഡോര്‍ ജില്ലാ കോടതി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ജഡ്ജി നിധി നിലേഷ് ശ്രീവാസ്തവ നിര്‍ദ്ദേശിച്ചിട്ടുണ്ട്. കോടതി രേഖകള്‍ പ്രകാരം 2007 ഒക്ടോബര്‍ നാലിന് നടന്ന സംഭവത്തിലാണ് കോടതി നിര്‍ദ്ദേശം. യൂനുസ് ഖാന്‍ എന്നയാളുടെ കൃഷിയിടത്തിലേക്ക് അതിക്രമിച്ച് കയറി ഇവിടെയുണ്ടായിരുന്ന ജീവനക്കാരെ ആക്രമിക്കുകയും സോയാബീന്‍ പാടത്തിന് തീയിട്ടുവെന്നുമാണ് കേസ്. അക്ഷയ് ഭം, അച്ഛന്‍ കാന്തിലാല്‍, സെക്യൂരിറ്റി ഏജന്‍സി ഉടമ സത്വീര്‍ സിങ് എന്നിവരാണ് കേസിലെ പ്രതികള്‍.

കാന്തിലാല്‍ തന്നെ തീ കൊളുത്തി കൊല്ലാന്‍ സത്വീറിനോട് ആവശ്യപ്പെട്ടുവെന്നാണ് യൂനുസ് ഖാന്‍ പൊലീസിനോട് പറഞ്ഞത്. ഇദ്ദേഹത്തിന്റെ അയല്‍വാസി ഉസ്മാന്‍ സാക്ഷിമൊഴിയില്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. സത്വീര്‍ സിങിന്റെ സുരക്ഷാ ഏജന്‍സി അനധികൃതമായി ഭൂമി കൈയ്യടക്കുന്നവരാണെന്നും യൂനുസ് ഖാന്റെ അജ്ഞത മുതലെടുത്ത് കാന്തിലാലും അക്ഷയും ഇവരുടെ ഭൂമി തട്ടിയെടുത്തെന്നും പ്രൊസിക്യൂഷന്‍ ആരോപിച്ചിട്ടുണ്ട്. സംഭവം നടന്ന് ഇത്രയും വര്‍ഷം കേസില്‍ നിഷ്‌ക്രിയനായിരുന്ന പരാതിക്കാരന്‍ ഇപ്പോള്‍ പരാതി ശക്തമായി ഉന്നയിക്കുന്നത് ഉപദ്രവിക്കാന്‍ വേണ്ടിയാണെന്നായിരുന്നു അക്ഷയ് ഭംമിന്റെ അഭിഭാഷകര്‍ കോടതിയില്‍ വാദിച്ചത്. എന്നാല്‍ ഇത് പരിഗണിക്കാതെ കോടതി യൂനുസ് ഖാന്റെ ഹര്‍ജി പരിഗണനക്ക് എടുക്കുകയായിരുന്നു.

Top