വീരമൃത്യു വരിച്ച ക്യാപ്റ്റൻ അൻഷുമാൻ സിങ്ങിന് കീർത്തിചക്ര നൽകി ആദരിച്ച് രാജ്യം

വീരമൃത്യു വരിച്ച ക്യാപ്റ്റൻ അൻഷുമാൻ സിങ്ങിന് കീർത്തിചക്ര നൽകി ആദരിച്ച് രാജ്യം
വീരമൃത്യു വരിച്ച ക്യാപ്റ്റൻ അൻഷുമാൻ സിങ്ങിന് കീർത്തിചക്ര നൽകി ആദരിച്ച് രാജ്യം

സിയാച്ചിനിലെ തീപിടിത്തത്തിൽ വീരമൃത്യു വരിച്ച ക്യാപ്റ്റൻ അൻഷുമാൻ സിങ്ങിന് മരണാനന്തര ബഹുമതിയായി കീർത്തിചക്ര നൽകി ആദരിച്ച് രാജ്യം. രാഷ്ട്രപതി ദ്രൗപതി മുർമുവാണ് കീർത്തിചക്ര നൽകി ആദരിച്ചത്. ‘സ്വന്തം സുരക്ഷ നോക്കാതെ രക്ഷാപ്രവർത്തനം നടത്തിയ ജവാന്റെ അസാധാരണമായ ധൈര്യം രാജ്യം എന്നും ഓർക്കും’ എന്ന് രാഷ്ട്രപതി ദ്രൗപതി മുർമു എക്‌സിൽ കുറിച്ചിരുന്നു. അൻഷുമാൻ സിങ്ങിൻ്റെ ഭാര്യയും അമ്മയും ചേർന്നാണ് രാഷ്ട്രപതിയിൽ നിന്ന് കീർത്തിചക്രം ഏറ്റുവാങ്ങിയത്.

2023 ജൂലൈ 19 ന്, സിയാച്ചിൻ ഹിമാനിയിലെ ബങ്കറിലുണ്ടായ തീപിടുത്തത്തിലാണ് ക്യാപ്റ്റൻ അൻഷുമാൻ സിംഗ് മരണപ്പെട്ടത്. ബങ്കറിനുള്ളിൽ പെട്ടുപോയ സൈനികരെ രക്ഷിക്കാൻ നടത്തിയ പ്രവർത്തനത്തിൽ പൊള്ളലേൽക്കുകയായിരുന്നു. നാല് സൈനികരെ അദ്ദേഹം സുരക്ഷിതമായി പുറത്തെത്തിച്ചു. ഗുരുതരമായി പൊള്ളലേറ്റ അൻഷുമാൻ സിങ്ങിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണപ്പെട്ടുകയായിരുന്നു.

ഈ വേളയിൽ തങ്ങളുടെ പ്രണയത്തെ കുറിച്ചും അൻഷുമാൻ സിങ്ങിൻ്റെ ഓർമകളും പങ്കുവെച്ചിരിക്കുകയാണ് ഭാര്യ സ്‌മൃതി. ‘ ജൂലൈ 18ന് ഞങ്ങൾ ദീർഘനേരം ഫോണിൽ സംസാരിച്ചിരുന്നു. അടുത്ത 50 കൊല്ലത്തെ ഞങ്ങളുടെ ജീവിതം എങ്ങനെയാണെന്ന് സംസാരിച്ചു. വീടുവയ്ക്കുന്നതിനെക്കുറിച്ചും പിറക്കാനിരിക്കുന്ന കുട്ടികളെക്കുറിച്ചും സംസാരിച്ചു. പിറ്റേന്ന് ഉറങ്ങിയെഴുന്നേൽക്കുമ്പോൾ അദ്ദേഹം തങ്ങളെ വിട്ടു പോയെന്ന് ഫോൺ വരുന്നു. അത് ഉൾകൊള്ളാൻ മണിക്കൂറുകൾ വേണ്ടി വന്നു’, ക്യാപ്റ്റൻ അൻഷുമാൻ സിംഗിൻ്റെ ഭാര്യ സ്‌മൃതി സിങ്ങ് നിറകണ്ണുകളോടെ ഓർമ്മിച്ചു.

അൻഷുമാനുമായുള്ള പ്രണയത്തെക്കുറിച്ചും സ്മൃതി വ്യക്തമാക്കി. ‘എഞ്ചിനീയറിംഗ് കോളേജിലെ ആദ്യ ദിനത്തിലാണ് ഞങ്ങൾ കണ്ടു മുട്ടുന്നത്, ആദ്യ കാഴ്ചയിൽ തന്നെ പ്രണയത്തിലായി. ഒരു മാസത്തിന് ശേഷം അദ്ദേഹത്തെ ആംഡ് ഫോഴ്‌സ് മെഡിക്കൽ കോളേജിലേക്ക് (AFMC) തിരഞ്ഞെടുത്തു. പിന്നീട് എട്ടു വർഷം നീണ്ട പ്രണയം. ഒടുവിൽ ഞങ്ങൾ വിവാഹിതരായി. ഇപ്പോൾ കീർത്തി ചക്രം എന്റെ കൈയിൽ ഉണ്ട്. അവൻ ഹീറോ ആണ്. മരണത്തിനു മുമ്പ് നാല് കുടുംബത്തെ രക്ഷിച്ചാണ് മടങ്ങിയത്’ സ്മൃതി പറഞ്ഞു.

Top