ഇന്ത്യയിലെ തന്നെ മികച്ച ബ്രാന്‍ഡുകളില്‍ ഒന്ന്. വ്യവസായ മേഖലയിലെ ഐതിഹാസം. ഒരു ഇന്ത്യക്കാരന്‍ ഉപയോഗിക്കുന്ന ദൈനംദിന വസ്തുക്കളില്‍ ഏതിലെങ്കിലുമൊക്കെയായി നിറഞ്ഞുനില്‍ക്കുന്ന പേര്. അങ്ങനെ നീളുന്നു ടാറ്റ എന്ന ബ്രാന്‍ഡിന്റെ പ്രശസ്തി. ഇന്ത്യയുടെ മുക്കിലും മൂലയിലും നിറഞ്ഞു നില്‍ക്കുന്ന, ആറ് ഭുഖണ്ഡങ്ങളിലും കൈയ്യൊപ്പ് പതിപ്പിച്ച വ്യവസായ രംഗത്തെ വിപ്ലവം. വ്യവസായ ലോകത്തിന്റെ എല്ലാ കോണുകളിലും തന്റെതായ സാമ്രാജ്യം കെട്ടിപ്പണിതിട്ടാണ് രത്തന്‍ ടാറ്റ വ്യാവസായിക ജീവിതത്തോട് വിട പറഞ്ഞത്. രണ്ട് പതിറ്റാണ്ടിന്റെ വ്യവസായ ജീവിതത്തില്‍ നീളുന്ന സംരഭങ്ങളുടെ നിരയാണ് ടാറ്റയുടെ സമ്പാദ്യം. 30 ലക്ഷം ഡോളറിലധികം ആസ്തി, 10 ലക്ഷത്തിലധികം ജീവനക്കാര്‍, മുപ്പതോളം ലിസ്റ്റഡ് കമ്പനികള്‍, നിരവധി ഉപകമ്പനികള്‍ തുടങ്ങി നീളുന്നു ടാറ്റയുടെ സുവര്‍ണകാലഘട്ടത്തിന്റെ അവശേഷിപ്പുകള്‍. സാധാരണക്കാരന് വേണ്ടി ജീവിച്ച് സാധാരണക്കാരന്‍ വളര്‍ത്തിയ വ്യവസായി.
ആവശ്യങ്ങള്‍ക്കനുസൃതമായി മാത്രമാണ് ടാറ്റയുടെ ഓരോ സംരംഭങ്ങളും ഉയര്‍ന്ന് പൊങ്ങിയത്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്ന് തന്നെയാണ് ഇന്ത്യയില്‍ കാര്‍ നിര്‍മാണ രംഗത്തെ വിപ്ലവമായ ടാറ്റ നാനോ. മുംബൈ നഗരവീഥികളിലെ തിരക്കുള്ള റോഡിലൂടെ ഒരു ചെറിയ സ്‌കൂട്ടറില്‍ അച്ചനും അമ്മയും ഒരു കുഞ്ഞുമടങ്ങുന്ന കുടുംബം. രത്തന്‍ ടാറ്റ കണ്ട ഈ കാഴ്ച്ചയാണ് പിന്നീട് കുറഞ്ഞ വരുമാനമുള്ളവര്‍ക്കും സ്വന്തമാക്കാന്‍ സാധിക്കുന്ന വിധത്തില്‍ ഒരു കുഞ്ഞന്‍ കാര്‍ എന്ന സങ്കല്‍പത്തിലേക്ക് രത്തന്‍ ടാറ്റയെ കൊണ്ടെത്തിച്ചത്. ഒരു ജീവിതം മുഴുവന്‍ സഹജീവികള്‍ക്കായി മാറ്റിവെച്ച ടാറ്റ തന്റെ സമ്പത്തിന്റെ ഭൂരിഭാഗവും ചിലവിട്ടത് സേവനങ്ങള്‍ക്കായാണ്. ടാറ്റ മോട്ടോഴ്‌സ്, ടാറ്റ സ്റ്റീല്‍, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്, ടാറ്റ പവര്‍, ടാറ്റ ഗ്ലോബല്‍ ബിവറേജസ്, ടാറ്റ കെമിക്കല്‍സ്, ഇന്ത്യന്‍ ഹോട്ടല്‍സ് ആന്‍ഡ് ടാറ്റ ടെലിസര്‍വീസസ് തുടങ്ങിയ വ്യവസായങ്ങളിലൊക്കെയായി പണിയെടുക്കുന്ന ലക്ഷക്കണക്കിന് ജീവനക്കാരെല്ലാം ടാറ്റയ്ക്ക് കീഴില്‍ ജീവിതം കെട്ടിപ്പടുത്തവരാണ്.
മുത്തശ്ശി നവാജ്ബായ് വളര്‍ത്തിയ രത്തന്റെ പഠനം അമേരിക്കയിലായിരുന്നു. ഇന്ത്യയിലെ അതിസമ്പന്ന കുടുംബത്തിലാണ് ജനിച്ചതെങ്കിലും ലോസാഞ്ചലസില്‍ പഠനത്തിനിടയില്‍ രത്തന്‍ ചെയ്യാത്ത ജോലികളില്ല. മാതാപിതാക്കള്‍ വഴിപിരിഞ്ഞപ്പോള്‍ അനാഥത്വം അറിയിക്കാതെയാണ് കൊച്ച് രത്തനെ വളര്‍ത്തിയത്. മുത്തശ്ശി തുറന്നുകൊടുത്ത വഴിയാണ് തൊട്ടതെല്ലാം പൊന്നാക്കാനുള്ള കരുത്ത് രത്തന് നല്‍കിയത്. അമേരിക്കന്‍ പഠനത്തിനിടയില്‍ കണ്ടുമുട്ടിയ പെണ്‍കുട്ടിയുമായി അടുത്തു. പക്ഷേ അതിനിടയില്‍ മുത്തശ്ശിയുടെ അസുഖം രത്തനെ ഇന്ത്യയിലേക്ക് തിരിച്ച് വിളിച്ചു. ഇരുരാജ്യത്തുമായി പ്രണയം തടസ്സപ്പെട്ടപ്പോള്‍ പിന്നീട് ഒരു വിവാഹമേ വേണ്ട എന്ന തീരുമാനത്തിലെത്തി രത്തന്‍. ഇന്ത്യയിലെത്തിയ ടാറ്റ ജാംഷെഡ്പൂരില്‍ ടാറ്റാ സ്റ്റീലില്‍ ജോലിക്ക് കയറി. പതിയെ വ്യവസായത്തിലേക്കുള്ള ചുവട് വെയ്പ്പായി. തുടക്കമെല്ലാം വിജയമായിരുന്നെങ്കിലും പതിയെ ചുവടുകള്‍ ചെറുതായി പാളി തുടങ്ങിയെങ്കിലും രത്തന്‍ പിന്തിരിഞ്ഞില്ല. 1991 ല്‍ ജെ.ആര്‍.ഡി ടാറ്റ, ടാറ്റ ഗ്രൂപ്പിന്റെ പടിയിറങ്ങുമ്പോള്‍ അദ്ദഹത്തിന് രത്തനിലുള്ള വിശ്വാസത്തിന്റെ തെളിവായിരുന്നു രത്തന് നല്‍കിയ പിന്‍ഗാമി പദവി. രത്തന്റെ കീഴില്‍ കമ്പനിയിലുണ്ടായ മാറ്റങ്ങള്‍ ഒരു പുതിയ സാമ്രാജ്യത്തിലേക്കുള്ള ചുവടുവയ്പ്പായിരുന്നു.
ടാറ്റയെന്ന ബിസിനസ് സാമ്രാജ്യം, പതിനായിരക്കണക്കിന് തൊഴിലാളികള്‍, സാധാരണക്കാരുടെ ഇന്ത്യയില്‍ സാധാരണക്കാരന് വേണ്ടി പുറത്തിറക്കിയ നാനോ, ഇലക്ട്രിക് കാറുകള്‍ തുടങ്ങിയ വിപ്ലവചിന്തകള്‍ ഇന്ത്യയിലെ വ്യവസായ മേഖലയില്‍ വരുത്തിയ മാറ്റങ്ങള്‍ വലുതാണ്. നാനോയുടെ ജനനം ടാറ്റയെന്ന കമ്പനിക്കുണ്ടാക്കിയത് വമ്പന്‍ നഷ്ടങ്ങളായിരുന്നു. കമ്പനിയുടെ ചരിത്രത്തില്‍ തന്നെയുണ്ടായ ഏറ്റവും വലിയ നഷ്ടമായിരുന്നു നാനോയുടെ വരവ്, ഒന്നും രണ്ടുമല്ല, ആയിരംകോടിയുടെ സാമ്പത്തിക ഇടിവ്. ഒരു ലക്ഷം രൂപയ്ക്ക് വിപണിയിലെത്തിച്ച നാനോയ്ക്ക് അതിലേറെ നിര്‍മാണച്ചെലവ് ഉണ്ടായതാണ് ഇതിന് കാരണം. നഷ്ടത്തിലായിരുന്നിട്ടും ഉല്‍പ്പാദനം അവസാനിപ്പിക്കാന്‍ ടാറ്റ തയ്യാറായിരുന്നില്ല. 2008 ല്‍ ഏറെ പ്രതീക്ഷയോടെ നിരത്തുകളില്‍ എത്തിയ നാനോയ്ക്ക് ഇന്ത്യന്‍ കാര്‍ വിപണികള്‍ പ്രതീക്ഷിച്ച വരവേല്‍പ്പല്ല നല്‍കിയത്. വിലകുറഞ്ഞ കാര്‍ എന്ന നിലയില്‍ അവതരിപ്പിച്ചതാണ് നാനോയ്ക്ക് തിരിച്ചടിയായതെന്ന് പിന്നീട് രത്തന്‍ ടാറ്റ തന്നെ തുറന്നു പറഞ്ഞിരുന്നു. ഒടുവില്‍ 2018 ന്റെ അവസാനത്തോടെ ടാറ്റ നാനോ കാറിന്റെ ഉല്‍പ്പാദനം അവസാനിപ്പിക്കുകയായിരുന്നു.
വ്യവസായ-സാമൂഹ്യ രംഗത്ത് അതുല്യ സംഭാവന നല്‍കിയ ടാറ്റയുടെ കീഴില്‍ ഇനിയും ഒരുപാട് ജീവിതങ്ങള്‍ നിലകൊള്ളും. ഒട്ടനവധി സാധാരണക്കാരാണ് ടാറ്റയുടെ വിവിധ കമ്പനികളിലായി പണിയെടുക്കുന്നത്. അകമഴിഞ്ഞ മനുഷ്യസ്‌നേഹി മാത്രമായിരുന്നില്ല ഒരു നല്ല മൃഗസ്‌നേഹയുമാണ് രത്തന്‍. 2018ല്‍ ഇംഗ്ലണ്ടിലെ ചാള്‍സ് രാജകുമാരന്‍ രത്തന്‍ ടാറ്റയെ ജീവകാരുണ്യ പ്രവര്‍ത്തനത്തനങ്ങളില്‍ ആജീവനാന്ത നേട്ടത്തിനുള്ള പുരസ്‌കാരം നല്‍കാനായി ബക്കിംഗ്ഹാം കൊട്ടാരത്തിലേക്ക് ക്ഷണിച്ചു. എന്നാല്‍ രത്തന്‍ ടാറ്റയ്ക്ക് പരിപാടിയില്‍ പങ്കെടുക്കാനായില്ല. തന്റെ വളര്‍ത്തുനായയ്ക്ക് സുഖമില്ലാത്ത കാരണത്താല്‍ അവസാന നിമിഷം ഇംഗ്ലണ്ടിലേക്കുള്ള യാത്ര അദ്ദേഹം ഒഴിവാക്കി. പ്രശസ്തമായ ഒരു അവാര്‍ഡ് ദാന ചടങ്ങിനേക്കാള്‍ രോഗബാധിതനായ തന്റെ നായയ്ക്ക് മുന്‍ഗണന നല്‍കാനുള്ള രത്തന്‍ ടാറ്റയുടെ തീരുമാനം ചാള്‍സ് രാജകുമാരനെ പോലും വിസ്മയിപ്പിച്ചു. നായകള്‍ക്ക് വേണ്ടി മുംബൈയില്‍ ആരംഭിച്ച മൃഗാശുപത്രിയാണ് രത്തന്‍ ടാറ്റയുടെ അവസാനത്തെ സംരംഭം. അദ്ദേഹത്തിന്റെ ദീര്‍ഘകാല സ്വപ്ന പദ്ധതിയായിരുന്നു ഈ ആശുപത്രി.
എഴുപത്തിയഞ്ചാം വയസ്സിലാണ് രത്തന്‍ ടാറ്റ സണ്‍സ് ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് വിരമിക്കുന്നത്. അപ്പോഴേക്കും രത്തന്റെ കീഴില്‍ ടാറ്റയുടെ ആസ്തി 40 മടങ്ങ് വര്‍ധിച്ചു. ലാഭം അന്‍പത് ഇരിട്ടിയായി. നേട്ടങ്ങള്‍ പലതും കൊയ്തു. വിദേശ സര്‍ക്കാരുകളുടേതുള്‍പ്പെടെ ഒട്ടേറെ ബഹുമതികളും, 2000-ല്‍ പത്മഭൂഷണും 2008-ല്‍ പത്മവിഭൂഷണും ലഭിച്ചു. ശിഷ്ടകാലം ആര്‍ക്കിടെക്ടായി ജോലി ചെയ്യാനായിരുന്നു തീരുമാനം. ഒരു ജീവിതകാലം മുഴുവന്‍ സഹജീവികള്‍ക്കായി പങ്കിട്ട് നല്‍കിയ അതിനായകന്‍ ഇന്ന് വിടവാങ്ങുമ്പോള്‍ രാജ്യത്തിന്റെ വ്യവസായമുഖം മാറ്റിമറിച്ച ഒരു വിപ്ലവകാരിയായി തന്നെ രത്തന്‍ അറിയപ്പെടും. ഇന്ത്യന്‍ വ്യാവസായിക രംഗത്തെ ഉയര്‍ത്തിപ്പിടിക്കാന്‍ രത്തനോളം ആരും മുന്നിട്ടിറങ്ങിയിട്ടില്ല എന്നതിന് തെളിവാണ് ഇന്ത്യയുടെ മുക്കിലും മൂലയിലുമുള്ള ടാറ്റ കമ്പനികള്‍.