കൊച്ചി: രാജ്യത്തെ ആദ്യ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ കോടതി കൊല്ലത്ത് പ്രവര്‍ത്തനമാരംഭിക്കുന്നു. നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് നിയമം അനുസരിച്ച് പ്രവര്‍ത്തിക്കുന്ന കോടതി വെള്ളിയാഴ്ച സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ഡോ. ഡിവൈ ചന്ദ്രചൂഡ് ഉദ്ഘാടനം ചെയ്യും. വൈകീട്ട് മൂന്നേമുക്കാലിന് ഹൈക്കോടതി ഓഡിറ്റോറിയത്തിലാണ് ഉദ്ഘാടന ചടങ്ങ്. ഓണ്‍ലൈന്‍ തര്‍ക്ക പരിഹാര കോടതിയുടെയും ഹൈക്കോടതിയിലെ മാതൃകാ ഡിജിറ്റല്‍ കോടതി സംവിധാനത്തിന്റെയും ഉദ്ഘാടനം ചീഫ് ജസ്റ്റിസ് നിര്‍വ്വഹിക്കും.
ചെക്ക് ഉള്‍പ്പടെയുള്ള നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് കേസുകളില്‍ പരാതി നല്‍കുന്നതും പരിശോധിക്കുന്നതും രജിസ്റ്റര്‍ ചെയ്യുന്നതും വക്കാലത്ത് നല്‍കുന്നതും മുതല്‍ നോട്ടീസ് അയക്കുന്നതും ഓണ്‍ലൈനാകും. ഡിജിറ്റല്‍ ഷെയറിംഗ് സംവിധാനം വഴിയാണ് സമന്‍സ് അയക്കുന്നതും പരാതിയുടെ പകര്‍പ്പ് എതിര്‍ കക്ഷികള്‍ക്ക് കൈമാറുന്നതും. ഇതിനായി തപാല്‍ വകുപ്പിന്റെ ഇ പോസ്റ്റുമായും സംസ്ഥാന പൊലീസിന്റെ ഇ കോപ്‌സുമായും ധാരണയുണ്ടാക്കി. കേസുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും ഡിജിറ്റല്‍ ആയി പൂര്‍ത്തിയാക്കും.
അഭിഭാഷകരും കക്ഷികളും ഹാജരാകുന്നതും ഓണ്‍ലൈനിലാകും. കക്ഷികള്‍ സമയം നഷ്ടപ്പെടുത്തി നേരിട്ട് കോടതിയില്‍ ഹാജരാകേണ്ടതില്ലെന്നതാണ് ഏറ്റവും വലിയ സൗകര്യം. ജാമ്യാപേക്ഷകളും ഓണ്‍ലൈനായി പരിഗണിക്കും. ജാമ്യാപേക്ഷയ്‌ക്കൊപ്പം നല്‍കുന്ന രേഖകള്‍ ഓണ്‍ലൈനായി നല്‍കണം. തെളിവുകള്‍ പരിഗണിക്കുന്നതും വാദവും വിധി പറയുന്നതും ഓണ്‍ലൈനിലാണ്. വിധിന്യായത്തിന്റെ പകര്‍പ്പ് ഉള്‍പ്പടെയുള്ള രേഖകള്‍ ഡിജിറ്റല്‍ സിഗ്നേച്ചര്‍ ഉപയോഗിച്ച് ഒപ്പിട്ട് ഓണ്‍ലൈനില്‍ നല്‍കും. ഒപ്പിനായി ഡിജിറ്റല്‍ സിഗ്നേച്ചറോ ആധാര്‍ അടിസ്ഥാനമാക്കിയുള്ള ഇ സിഗ്നേച്ചറോ ഉപയോഗിക്കാം.