കൊല്ലം: ഡോ. വന്ദനാദാസ് കൊലക്കേസില്‍ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതി സന്ദീപിനെ എട്ടിന് നേരിട്ട് ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടു. പ്രതിക്കെതിരേയുള്ള കുറ്റപത്രത്തില്‍ ശനിയാഴ്ച വാദം കേള്‍ക്കാന്‍ കൊല്ലം അഡീഷണല്‍ സെഷന്‍സ് ജഡ്ജി പി.എന്‍.വിനോദ് ഉത്തരവായിരുന്നു.
സുപ്രീംകോടതിയില്‍ ജാമ്യഹര്‍ജി ഫയല്‍ ചെയ്തിട്ടുള്ളതിനാല്‍ കുറ്റപത്രത്തിന് മേലുള്ള വാദം കേള്‍ക്കുന്നത് മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഭാഗം ഹര്‍ജി നല്‍കി. പ്രോസിക്യൂഷനുവേണ്ടി ഹാജരായ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ പ്രതാപ് ജി.പടിക്കല്‍ ഹര്‍ജിയെ ശക്തമായി എതിര്‍ക്കുകയും വാദത്തിന് പ്രോസിക്യൂഷന്‍ തയ്യാറാണെന്ന് അറിയിക്കുകയും ചെയ്തു.
സാക്ഷിവിസ്താരം താമസിപ്പിക്കുന്നതിനായാണ് ഇത്തരം ഹര്‍ജികളെന്നും കോടതിയില്‍ അറിയിച്ചു. തുടര്‍ന്നാണ് പ്രതിയെ ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടത്. വന്ദനാദാസിന്റെ മാതാപിതാക്കളും ശനിയാഴ്ച കോടതിയില്‍ എത്തിയിരുന്നു. സംഭവം നടന്ന 2023 മേയ് 10-നുതന്നെ അറസ്റ്റിലായ പ്രതി സന്ദീപ് നിലവില്‍ റിമാന്‍ഡില്‍ കഴിഞ്ഞുവരികയാണ്.