ആറുവയസുകാരിയെ തട്ടികൊണ്ടുപോയ സംഭവം; അനുപമയുടെ ജാമ്യാപേക്ഷ തള്ളി കോടതി

ആറുവയസുകാരിയെ തട്ടികൊണ്ടുപോയ സംഭവം; അനുപമയുടെ ജാമ്യാപേക്ഷ തള്ളി കോടതി
ആറുവയസുകാരിയെ തട്ടികൊണ്ടുപോയ സംഭവം; അനുപമയുടെ ജാമ്യാപേക്ഷ തള്ളി കോടതി

കൊല്ലം: ഓയൂര്‍ ആറുവയസുകാരിയെ തട്ടികൊണ്ടുപോയ കേസിലെ മൂന്നാം പ്രതി അനുപമയുടെ ജാമ്യാപേക്ഷ കോടതി തള്ളി. വിദ്യാര്‍ത്ഥിയായ തന്റെ പഠനം തുടരാന്‍ അനുവദിക്കണമെന്നായിരുന്നു ആവശ്യം. കൊല്ലം ഒന്നാം അഡീഷനല്‍ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കാനും ഭയപ്പെടുത്താനും സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു. കേസില്‍ ആദ്യമായാണ് പ്രതികളുടെ ഭാഗത്ത് നിന്നു ജാമ്യാപേക്ഷ നല്‍കുന്നത്. വിദ്യാര്‍ത്ഥിയായ അനുപമയുടെ പഠനം തുടരാന്‍ ജാമ്യം നല്‍കണമെന്ന് ആവശ്യപ്പെട്ട് അഡ്വ. പ്രഭു വിജയകുമാര്‍ മുഖേനയാണ് ജാമ്യാപേക്ഷ നല്‍കിയത്.

കേസില്‍ ചാത്തന്നൂര്‍ മാമ്പള്ളിക്കുന്നം കവിതാരാജില്‍ കെ.ആര്‍.പത്മകുമാര്‍(51), ഭാര്യ എം.ആര്‍.അനിതാകുമാരി(39), മകള്‍ പി.അനുപമ(21) എന്നിവരാണ് പ്രതികള്‍. കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ മൂന്നാംപ്രതിയായ അനുപമ നാലുലക്ഷത്തിലേറെ സബ്‌സ്‌ക്രൈബേഴ്‌സുള്ള യൂട്യൂബറാണ്. ഹോളിവുഡ് താരങ്ങളുടെ വീഡിയോകള്‍ക്കുള്ള റിയാക്ഷന്‍ വീഡിയോകളാണ് അനുപമ പദ്മന്‍ എന്ന യൂട്യൂബ് ചാനലില്‍ പ്രധാനമായും പോസ്റ്റ് ചെയ്തിരുന്നത്. ഇംഗ്ലീഷിലായിരുന്നു അവതരണം. അതിനാല്‍ വിദേശങ്ങളില്‍നിന്നടക്കം ഈ ചാനലിന് കാഴ്ചക്കാരുണ്ടായിരുന്നു. തട്ടിക്കൊണ്ടുപോകലുമായി ബന്ധപ്പെട്ട് അനുപമയെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നതോടെ യൂട്യൂബ് സബ്‌സ്‌ക്രൈബേഴ്‌സിന്റെ എണ്ണവും വര്‍ധിച്ചിരുന്നു.

Top