ഡല്‍ഹി: തിഹാര്‍ ജയിലില്‍ ദിവസേന 15-മിനിറ്റ് നേരം വൈദ്യപരിശോധനയ്ക്ക് അനുമതി നല്‍കണമെന്ന അരവിന്ദ് കെജ്രിവാളിന്റെ ഹര്‍ജി കോടതി തള്ളി. ഭാര്യയുടെ സാന്നിധ്യത്തില്‍ ഡോക്ടറുടെ പരിശോധന അനുവദിക്കണമെന്ന ഹര്‍ജി ഡല്‍ഹി റോസ് അവന്യു കോടതിയാണ് തള്ളിയത്.
ആവശ്യമായ വൈദ്യചികിത്സ നല്‍കണമെന്നും പ്രത്യേക പരിശോധന ആവശ്യമായ ഘട്ടത്തില്‍ മെഡിക്കല്‍ ബോര്‍ഡിനെ ജയില്‍ അധികൃതര്‍ പരിഗണിക്കണമെന്നും കോടതി പറഞ്ഞു. എയിംസ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ ബോര്‍ഡ് എന്‍ഡോക്രൈനോളജിസ്റ്റും ഡയബറ്റോളജിസ്റ്റുമടങ്ങുന്നതായിരിക്കണം.
നേരത്തേ കെജ്രിവാളിനെ ഇടക്കാലജാമ്യത്തില്‍ വിട്ടയക്കണമെന്ന ഹര്‍ജിയും കോടതി തള്ളിയിരുന്നു. ഇ.ഡിയും സംസ്ഥാനവും രജിസ്റ്റര്‍ ചെയ്ത എല്ലാ ക്രിമിനല്‍ കേസുകളില്‍ നിന്നും ഇടക്കാല ജാമ്യം നല്‍കി ജയില്‍ മോചിതനാക്കണമെന്ന ഹര്‍ജിയാണ് ഡല്‍ഹി കോടതി തള്ളിയത്. അതോടൊപ്പം പരാതിക്കാരന് 75000 രൂപ പിഴയും കോടതി വിധിച്ചു. എ.എ.പി നേതാവ് ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ളത് കോടതിയുടെ ഉത്തരവിലാണെന്നും കോടതി പരമാര്‍ശിച്ചു.