കേരള രാഷ്ട്രീയത്തിൽ എന്നും ബുദ്ധിപരമായ നീക്കം നടത്തിയ ചരിത്രം സി.പി.എമ്മിന് മാത്രം അവകാശപ്പെട്ടതാണ്. എന്നാൽ, പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ അത്തരം ഒരു ബുദ്ധിപൂർവ്വമായ ഇടപെടൽ നടത്തിയിരിക്കുന്നത് യഥാർത്ഥത്തിൽ കോൺഗ്രസ്സാണ്. പി.സരിനെ ഇടതുപക്ഷ സ്ഥാനാർത്ഥിയാക്കി സി.പി.എം നടത്തിയ തന്ത്രപരമായ നീക്കത്തിലെ ക്ഷീണം തീർക്കാൻ, ബി.ജെ.പി സംസ്ഥാന നേതാവായ സന്ദീപ് വാര്യരെ മുൻ നിർത്തിയാണ് കോൺഗ്രസ്സ് കരുക്കൾ നീക്കിയിരുന്നത്.
ബി.ജെ.പി നേതൃത്വവുമായി ഉടക്കി നിന്ന സന്ദീപ് വാര്യരുമായി അണിയറയിൽ ചർച്ച നടത്തിയ കോൺഗ്രസ്സ് നേതാക്കൾ ഇതിനായി പ്രത്യേക പ്ലാൻ തന്നെയാണ് തയ്യാറാക്കിയിരുന്നത്. സി.പി.എമ്മിലേക്ക് സന്ദീപ് പോകുമെന്ന ഒരു പ്രതീതി ഉണ്ടാക്കി, സി.പി.എം നേതാക്കളെ കൊണ്ട് സന്ദീപിന് അനുകൂലമായി പ്രതികരിപ്പിക്കുക എന്നതായിരുന്നു ആദ്യ അജണ്ട. വി.ഡി സതീശൻ ഉൾപ്പെടെയുള്ള കോൺഗ്രസ്സ് നേതാക്കൾ ഒരുക്കിയ ഈ തിരക്കഥയിൽ അഭിനയിച്ച സന്ദീപിൻ്റെ കെണിയിലാണ് എ.കെ ബാലൻ ഉൾപ്പെടെയുള്ള സി.പി.എം നേതാക്കൾ വീണ് പോയിരുന്നത്.
സന്ദീപ് വാര്യർ നമ്പർ വൺ കോമ്രേഡ് ആകുമെന്ന് പറഞ്ഞ സിപിഎം കേന്ദ്രകമ്മിറ്റിയംഗം എ കെ ബാലൻ. സന്ദീപ് വാര്യർ ക്രിസ്റ്റൽ ക്ലിയർ ആകുമെന്നാണ് നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നത്. സന്ദീപ് മുൻപ് പറഞ്ഞതൊന്നും പ്രശ്നമല്ലെന്നും എ കെ ബാലൻ വ്യക്തമാക്കുകയുണ്ടായി. കറകളഞ്ഞ കമ്യൂണിസ്റ്റുകാരെ കൊണ്ട് മാത്രം ഞങ്ങൾക്ക് ഭരണം കിട്ടുമോ എന്ന് റിപ്പോർട്ടർ ടിവിയുടെ അഭിമുഖ പരിപാടിയായ ക്ലോസ് എൻകൗണ്ടറിൽ ചോദിച്ച എ കെ ബാലൻ ഓരോ കാലത്ത് ഓരോരുത്തരെ കിട്ടുമെന്നും ചൂണ്ടിക്കാണിക്കുകയുണ്ടായി.
എ.കെ ബാലൻ്റെ അന്നത്തെ ഈ പ്രതികരണമാണിപ്പോൾ, വ്യാപകമായി സി.പി.എമ്മിനെതിരെ കോൺഗ്രസ്സ് നേതൃത്വം പ്രയോഗിച്ചു കൊണ്ടിരിക്കുന്നത്. സന്ദീപ് വാര്യർ സി.പി.എമ്മിൽ വന്നാൽ പഴയതൊന്നും പ്രശ്നമല്ലാത്ത സി.പി.എമ്മിന് , അദ്ദേഹം കോൺഗ്രസ്സിൽ വന്നതാണോ പ്രശ്നമെന്ന ചോദ്യമാണ് കോൺഗ്രസ്സ് നേതൃത്വം ഉയർത്തുന്നത്.
സന്ദീപ് വാര്യർ ബി.ജെ.പിയോട് ഉടക്കി നിന്ന അവസരത്തിൽ സന്ദീപ് നിലപാട് വ്യക്തമാക്കട്ടെ അപ്പോൾ മാത്രം പരിശോധിക്കാം എന്ന തരത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാഷ് നടത്തിയ പ്രതികരണം പോലെ കരുതലോടെയുള്ള ഒരു പ്രതികരണം എ.കെ ബാലൻ നടത്തിയിരുന്നെങ്കിൽ ഇത്തരമൊരു പഴി സി.പി.എമ്മിന് കേൾക്കേണ്ടി വരുമായിരുന്നില്ലന്നു മാത്രമല്ല ശരിക്കും കോൺഗ്രസ്സിനെ വെട്ടിലാക്കാനും കഴിയുമായിരുന്നു.
സന്ദീപ് വാര്യർ ബി.ജെ.പി നേതാവായിരിക്കെ നടത്തിയ വിദേഷ പ്രചരണങ്ങളും പ്രകോപനങ്ങളും എല്ലാം, ഏറ്റവും അധികം ഉപയോഗിക്കാൻ കഴിയാവുന്ന സുവർണ്ണാവസരമാണ്, ഇതോടെ സി.പി.എമ്മിന് നഷ്ടമായിരിക്കുന്നത്. ഇനി അത്തരം പ്രചരണം നടത്തിയത് കൊണ്ട് കാര്യമുണ്ടോ എന്നതും സംശയകരമാണ്. സോഷ്യൽ മീഡിയകൾ തിരഞ്ഞെടുപ്പിൻ്റെ ഗതി നിർണ്ണയിക്കുന്ന ഈ തിരഞ്ഞെടുപ്പിൽ സന്ദീപ് വാര്യരുടെ പഴയ പ്രകോപന വീഡിയോകൾക്ക് പിന്നാലെ എ.കെ ബാലൻ്റെ പ്രതികരണവും വ്യാപകമായാണ് പ്രചരിച്ചു കൊണ്ടിരിക്കുന്നത്.
എ.കെ ബാലൻ്റെ അന്നത്തെ പ്രതികരണം ഉണ്ടായിരുന്നില്ലങ്കിൽ ഇപ്പോൾ പാണക്കാട് തറവാട്ടിൻ്റെ പടി കയറിയ സന്ദീപ് വാര്യർക്ക് അതിനും കഴിയുമായിരുന്നില്ല. കോൺഗ്രസ്സ് ‘അപ്പം കൊടുത്ത് ചുണ്ണാബ് വാങ്ങിയെന്ന് ‘ ഇപ്പോൾ പറയുന്ന എ.കെ ബാലൻ സന്ദീപ് വാര്യർക്ക് ക്ലീൻചിറ്റ് നൽകുന്നതിനുമുൻപ് ഈ ചുണ്ണാബ് കഥ ഓർക്കണമായിരുന്നു. ഒരു കോൺഗ്രസ്സ് നേതാവിനെ സ്വീകരിക്കാൻ ശ്രമിക്കുന്നതു പോലെ ലാഘവത്തോടെ ഒരിക്കലും ഒരു ബി ജെ പി നേതാവിനേയോ ആർ.എസ്.എസ് നേതാവിനേയോ സി.പി.എം നേതാക്കൾ സ്വീകരിക്കാൻ ശ്രമിക്കരുത്. കാരണം, പ്രത്യയശാസ്ത്രപരമായി മാത്രമല്ല വ്യക്തിപരമായും തങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ ശത്രുക്കളായി സി.പി.എം പ്രവർത്തകർ കാണുന്ന വിഭാഗമാണത്.
സി.പി.എമ്മിന് വോട്ട് ചെയ്യുന്ന ജനവിഭാഗങ്ങളും ഇതേ മാനസികാവസ്ഥ പിന്തുടരുന്നവരാണ്. അതു കൊണ്ടാണ് കേരള നിയമസഭയിൽ ഒരംഗത്തെ പോലും അവർക്ക് വിജയിപ്പിക്കാൻ കഴിയാതിരിക്കുന്നത്. മുൻപ് നേമത്ത് ഉണ്ടായിരുന്ന ബി.ജെ.പിയുടെ അക്കൗണ്ട് പൂട്ടിച്ചതും ഇതേ സി.പി.എം തന്നെയാണ്. സി.പി.എം നിയമസഭയിൽ പൂട്ടിച്ച ആ അക്കൗണ്ട് ലോകസഭയിലേക്ക് തുറന്നു നൽകിയത് കോൺഗ്രസ്സാണ്. കാരണം അവരുടെ സിറ്റിംഗ് സീറ്റാണ് തൃശൂരിൽ ബി.ജെ.പി പിടിച്ചെടുത്തിരിക്കുന്നത്. ഇവിടെ സി.പി.എം നേതൃത്വം നൽകുന്ന ഇടതുപക്ഷത്തിന് വോട്ട് വർദ്ധിച്ചപ്പോൾ, കോൺഗ്രസ്സിൻ്റെ അടിത്തറയാണ് തകർന്ന് തരിപ്പണമായിരുന്നത്.
പാലക്കാട് കൂടി പരാജയപ്പെട്ടാൽ, അത് യു.ഡി.എഫിൻ്റെ തകർച്ചയിലേക്കാണ് കാര്യങ്ങൾ എത്തിക്കുക. മാത്രമല്ല, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ്റെയും കെ സുധാകരൻ്റെയും കസേരകളും ഇളകും. പാലക്കാട് യു.ഡി.എഫ് തോൽക്കുകയും ചേലക്കരയിൽ ഇടതുപക്ഷം വിജയിക്കുകയും ചെയ്താൽ, ഇടതുപക്ഷത്തിന് മൂന്നാം ഊഴത്തിലേക്കുള്ള വാതിലുകളും അതോടെ തുറക്കപ്പെടും. ഏത് രാഷ്ട്രീയ കാലാവസ്ഥയിലും 35,000 ഉറച്ച വോട്ടുകൾ പാലക്കാട് മണ്ഡലത്തിൽ ഇടതുപക്ഷത്തിനുണ്ട്. അത് ഇത്തവണ ഉറപ്പായും വർദ്ധിക്കുമെന്ന ആത്മവിശ്വാസമാണ് സി.പി.എമ്മിനുള്ളത്.
ചേലക്കരയിൽ ഭൂരിപക്ഷം കുറഞ്ഞാലും, വിജയിക്കുമെന്ന കാര്യത്തിലും സി.പി.എമ്മിന് വലിയ പ്രതീക്ഷയാണുള്ളത്. വയനാട്ടിൽ കോൺഗ്രസ്സിന് ഭൂരിപക്ഷം കൂടി കുറഞ്ഞാൽ, ഇതിൽപരം മറ്റൊരു തിരിച്ചടി യു.ഡി.എഫിന് ലഭിക്കാനില്ലന്നതും, നാം മനസ്സിലാക്കേണ്ടതുണ്ട്. ഇതെല്ലാം ശരിക്കും മനസ്സിലാക്കി തന്നെയാണ്, വി.ഡി സതീശനും സംഘവും പാലക്കാട് തന്ത്രങ്ങൾ മെനഞ്ഞിരിക്കുന്നത്. യു.ഡി.എഫും ബി.ജെ.പിയും തമ്മിൽ നേരിട്ടാണ് മത്സരമെന്ന് പറഞ്ഞ് രംഗത്തിറങ്ങിയ കോൺഗ്രസ്സ് നേതൃത്വത്തിന് ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നതെന്ന് ബോധ്യമായതോടെയാണ് അവരുടെ സ്ട്രാറ്റജിയിലും മാറ്റം വരുത്തേണ്ടി വന്നിരിക്കുന്നത്.
സന്ദീപ് വാര്യർക്ക് വേണ്ടിയുള്ള തിരക്കഥ ഒരുക്കിയത് തന്നെ പ്രമുഖ കോൺഗ്രസ്സ് നേതാവാണ്. അതിൽ സന്ദീപ് വാര്യർ അയാളുടെ റോളും ഭംഗിയായി നിർവഹിച്ചിട്ടുണ്ട്. അതും എന്തായാലും പറയാതെ വയ്യ. സന്ദീപ് വാര്യർ പാർട്ടിവിട്ട തിരിച്ചടി ഒഴിവാക്കാൻ കോൺഗ്രസ്സിൽ എസ്ഡിപിഐ- ജമാ അത്തെ ഇസ്ലാമി ബന്ധം ആരോപിച്ചാണ് ബി.ജെ പി രംഗത്ത് വന്നിരിക്കുന്നത്. കടുത്ത വിദേഷ പരാമർശങ്ങളുമായാണ് കെ സുരേന്ദ്രൻ ഉൾപ്പെടെയുള്ള ബി.ജെ.പി നേതാക്കൾ മണ്ഡലത്തിൽ കളം നിറയുന്നത്. അവരുടെ ലക്ഷ്യമെന്താണെന്നത് ഇതിൽ നിന്നു തന്നെ വ്യക്തമാണ്.
2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ രണ്ടാം സ്ഥാനത്ത് എത്തിയ ബിജെപിയുടെ വോട്ട് ബാങ്ക് ചോർന്നാൽ ബി.ജെ.പിയിലും വൻ പൊട്ടിത്തെറി ഉണ്ടാകും. അട്ടിമറി വിജയം നേടിയാൽ മധുരമായ പ്രതികാരമായും അത് മാറുകയും ചെയ്യും. കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും ഒരു കാര്യം എന്തായാലും വ്യക്തമാണ്. ആര് തന്നെ ജയിച്ചാലും പരാജയപ്പെട്ടാലും അത് കേരള രാഷ്ട്രീയത്തിൽ ഒരു പൊളിച്ചെഴുത്തിന് തന്നെയാണ് കാരണമാകാൻ പോകുന്നത്.
Express View
വീഡിയോ കാണാം