തിരുവനന്തപുരം: സംഘപരിവാറിനെ പോലും നാണിപ്പിക്കുന്ന വർഗീയ പ്രചരണമാണ് സിപിഎം വടകരയിലും മലബാറിലും നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. തെരഞ്ഞെടുപ്പ് ജയിക്കാൻ വേണ്ടി നടത്തിയ വർഗീയ പ്രചാരണത്തിന് പിന്നിൽ അറിയപ്പെടുന്ന സിപിഎം നേതാക്കൾ ആയിരുന്നു. ഹീനമായ വർഗീയ പ്രചാരണം നടത്തിയവർ എത്ര ഉന്നതരായിരുന്നാലും അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരേണ്ടത് സർക്കാരിന്റെ ബാധ്യതയാണ്. പൊലീസ് കർശന നടപടി എടുക്കുന്നില്ലെങ്കിൽ യുഡിഎഫ് ശക്തമായ പ്രക്ഷോഭം തുടങ്ങുമെന്നും വി ഡി സതീശൻ പറഞ്ഞു.
വടകരയിലെ ‘കാഫിർ’ പ്രയോഗം സിപിഎം സൃഷ്ടി ആയിരുന്നുവെന്ന് തെളിഞ്ഞെന്ന് വി ഡി സതീശൻ പറഞ്ഞു. കേരളത്തെ ഭിന്നിപ്പിക്കാൻ സംഘപരിവാർ മെനയുന്ന അതേ തന്ത്രമാണ് വടകരയിൽ ജയിക്കാൻ സിപിഎം പുറത്തെടുത്തത്. താത്ക്കാലിക ലാഭത്തിന് വേണ്ടി പുറത്തെടുത്ത തന്ത്രം സമൂഹത്തിൽ ആഴത്തിലുള്ള മുറിവേൽപ്പിക്കുമെന്ന് മുതിർന്ന സിപിഎം നേതാക്കൾ പോലും മറന്നു. സിപിഎമ്മിൽ നിന്ന് സംഘപരിവാറിലേക്ക് അധിക ദൂരമില്ലെന്ന് ഇതോടെ തെളിഞ്ഞെന്നും വി ഡി സതീശൻ വിമർശിച്ചു.
കാഫിർ പരാമർശം ഉള്ള സ്ക്രീൻ ഷോട്ട് പ്രചരിപ്പിച്ച കേസിൽ പ്രതി ചേർത്ത യൂത്ത് ലീഗ് പ്രവർത്തകൻ കാസിമിനെതിരെ തെളിവില്ലെന്ന് പൊലീസ് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയ പശ്ചാത്തലത്തിലാണ് ഈ വിഷയത്തിൽ പ്രതിഷേധം ശക്തമാക്കാനുള്ള യുഡിഎഫ് നീക്കം. പൊലീസ് അന്വേഷണം നടക്കുന്ന ഘട്ടത്തിലും കാഫിർ സ്ക്രീൻ ഷോട്ട് ഫേസ്ബുക്ക് അക്കൗണ്ടിൽ നിലനിർത്തിയ സിപിഎം നേതാവ് കെ കെ ലതികക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ഡിജിപിക്ക് പരാതി നൽകി.