CMDRF

നീളുന്ന യുദ്ധദിനങ്ങൾ… ഇസ്രയേൽ – ഹമാസ് സംഘർഷത്തിന് ഒരു വർഷം

അശാന്തിയുടെ നിഴലുകൾ ഏറെ പരക്കുന്ന ദിനങ്ങൾ ആയിരിക്കും വരാനിരിക്കുന്നത് എന്ന് കൂടിയാണ് ലോകം മനസ്സിലാക്കുന്നത്.

നീളുന്ന യുദ്ധദിനങ്ങൾ… ഇസ്രയേൽ – ഹമാസ് സംഘർഷത്തിന് ഒരു വർഷം
നീളുന്ന യുദ്ധദിനങ്ങൾ… ഇസ്രയേൽ – ഹമാസ് സംഘർഷത്തിന് ഒരു വർഷം

ടെൽ അവീവ്: സമാധാനാന്തരീക്ഷത്തിൽ പോയിക്കൊണ്ടിരുന്ന ഒരു ലോകത്തിന്റെ ഗതിതന്നെ മാറ്റിമറിച്ച ഇസ്രയേൽ – ഹമാസ് സംഘർഷത്തിന് ഒരു വർഷം. കഴിഞ്ഞ വർഷം ഒക്ടോബർ ഏഴിനായിരുന്നു ഇസ്രയേലിനെ നടുക്കിയ ഹമാസിന്റെ ആക്രമണം തുടങ്ങുന്നത്. വിവിധ ലോകനഗരങ്ങളിൽ ഇന്ന് യുദ്ധവിരുദ്ധ റാലികൾ നടക്കും.

നീണ്ടുക്കൊണ്ടിരിക്കുന്ന സംഘർഷം ഇപ്പോൾ പശ്ചിമേഷ്യയുടെ കൂടുതൽ മേഖലകളിലേക്ക് പടരുകയാണ്. ലെബനനും ഗാസ പോലെ മറ്റൊരു യുദ്ധഭൂമിയായി മാറുന്നതാണ് ലോകം സാക്ഷ്യം വഹിക്കുന്നത്. യെമനിലും സിറിയയിലും ആക്രമണങ്ങൾ നടക്കുന്നു. അതോടൊപ്പം ഇറാൻ നേരിട്ട് രണ്ടു വട്ടം ഇസ്രയേലിനെ ആക്രമിച്ചു. ലോകസമാധാനത്തിന് ഇടപെടേണ്ട ഐക്യരാഷ്ട്ര സഭ വെറും കാഴ്‍ചക്കാരായി ചുരുങ്ങിപ്പോയ ഒരു വർഷമാണ് കടന്നുപോകുന്നത്. അതേസമയം യുഎന്നിന്റെ സമാധാന ആഹ്വാനം ഇരുപക്ഷവും തള്ളി. യുഎൻ തലവൻ അന്റോണിയോ ഗുട്ടറസിന് ഇസ്രയേൽ പ്രവേശന വിലക്കു പോലും പ്രഖ്യാപിച്ചു.

Also Read: ഇറാൻ വ്യോമ പാത ഒഴിവാക്കാൻ അമേരിക്കൻ നിർദ്ദേശം, ഇറാനെ ആക്രമിച്ചാൽ തിരിച്ചടി ഭയാനകമാകുമെന്ന് ആശങ്ക

യുദ്ധത്തിന്റെ നാൾവഴികൾ ….

GAZA

2023 ഒക്‌ടോബർ 7- ന് ലോകത്തെ നടുക്കി ഇസ്രയേലിനെതിരെ ഹമാസിന്‍റെ അപ്രതീക്ഷിത ആക്രമണം. അന്ന് കൊല്ലപ്പെട്ടത് 1200 ഇസ്രയേലികൾ. അതോടൊപ്പം ബന്ദികളാക്കിയത് 250 ലേറെ പേരെ. ഇസ്രയേൽ അന്നോളം പുലർത്തിയ സുരക്ഷിതത്വ ബോധവും ആത്മവിശ്വാസവും അപ്പാടെ തകർന്ന ഒരു ഒളിയുദ്ധം. മണിക്കൂറുകൾക്കകം ഹമാസിന്‍റെ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് പ്രത്യാക്രമണം തുടങ്ങി. ഒരു വർഷത്തിനിപ്പുറം ഇന്നുവരെ ഗാസയിൽ കൊല്ലപ്പെട്ടത് 42000 പേർ. അതിൽ പകുതിയോളം സ്ത്രീകളും കുട്ടികളുമാണ്. ഒരു ലക്ഷം പേർക്ക് പരിക്കേറ്റു. ലോകത്തെ ഏറ്റവും വലിയ ദുരന്തഭൂമി ആയി ഗാസ ഇന്ന് മാറിയിരിക്കുന്നു.

Also Read: ‘യു എൻ ഓള്‍ഡ് കമ്പനി’; രൂക്ഷ വിമർശവുമായി വിദേശകാര്യമന്ത്രി

കാര്യമായ ഒരിടപെടലിനും തയ്യാറാവാതെ ലോകശക്തികൾ കാഴ്ചക്കാരായി നിൽക്കുന്നു. എക്കാലവും ലോകരാജ്യങ്ങൾ ഉയർത്തിപ്പിടിച്ച ഇസ്രയേൽ – പലസ്തീൻ ദ്വിരാഷ്ട്ര പരിഹാരം എന്ന ഫോർമുല പോലും ഇസ്രയേൽ ഇന്ന് തള്ളുകയാണ്. പൂർണ്ണമായ ഹമാസിന്റെ ഉന്മൂലനം ലക്ഷ്യമിട്ട് ആക്രമണം തുടങ്ങിയ ഇസ്രയേൽ ഇന്ന് നേരിടുന്നത് ഹിസ്ബുല്ലയും ഹൂതികളും ഇറാഖിലെ ഇസ്ലാമിക് റെസിസ്റ്റൻസും അടക്കം നിരവധി സായുധ സംഘങ്ങളെ. അവർക്കെല്ലാം പരസ്യ ആയുധ സാമ്പത്തിക സഹായവുമായി ഇറാൻ നിൽക്കുന്നു.

ലോകം ഒരു മൂന്നാം ലോക യുദ്ധ ഭീഷണിയിൽ നിലനിൽക്കെ യുദ്ധ തന്ത്രങ്ങളിലെ പിഴവുകളുടെ പേരിൽ ബെഞ്ചമിൻ നെതന്യാഹു സർക്കാർ ഇസ്രയേലിനുള്ളിൽ ഏറെ വിമർശനം നേരിടുന്നു. ഹമാസിനാകട്ടെ, യുദ്ധത്തിൽ തലവൻ ഇസ്മായിൽ ഹനിയ അടക്കം നേതൃനിരയിലെ ഒട്ടേറെ പേരെ ഇസ്രയേലിന്റെ ആക്രമണത്തിൽ ഇതുവരെ നഷ്ടമായി. എന്നാൽ ഇപ്പോഴും ഹമാസ് ഇല്ലാതായി എന്നോ ഇനി തിരിച്ചടിക്ക് ശേഷിയില്ലാത്ത വിധം ദുർബലമായി എന്നോ പറയാനാവില്ല.

Also Read: കറാച്ചി വിമാനത്താവളത്തിന് പുറത്ത് സ്‌ഫോടനം; രണ്ട് പേർ കൊല്ലപ്പെട്ടു

ഹമാസിനെ ഇല്ലാതാക്കുക എന്ന ലക്‌ഷ്യം ഏറെ നീളുമെന്ന് ഇസ്രയേൽ തന്നെ സമ്മതിക്കുന്നു. ഇതിനിടയിലാണ് സംഘർഷം ഇറാൻ – ഇസ്രയേൽ നേർക്കുനേർ പോരാട്ടമായി ഇപ്പോൾ വഴിമാറുന്നത്. ഇതോടെ അശാന്തിയുടെ നിഴലുകൾ ഏറെ പരക്കുന്ന ദിനങ്ങൾ ആയിരിക്കും വരാനിരിക്കുന്നത് എന്ന് കൂടിയാണ് ലോകം മനസ്സിലാക്കുന്നത്.

Top