ബയോമെട്രിക് രജിസ്‌ട്രേഷനായുള്ള സമയപരിധി പുതുക്കി

ബയോമെട്രിക് രജിസ്‌ട്രേഷനായുള്ള സമയപരിധി പുതുക്കി
ബയോമെട്രിക് രജിസ്‌ട്രേഷനായുള്ള സമയപരിധി പുതുക്കി

കുവൈത്ത്: പ്രവാസികള്‍ക്ക് ഡിസംബര്‍ 30 വരെയും പൗരന്മാര്‍ക്ക് സെപ്റ്റംബര്‍ 30 വരെയും ബയോമെട്രിക് രജിസ്‌ട്രേഷനായുള്ള സമയപരിധി നീട്ടി. നേരത്തെ സ്വദേശികളും പ്രവാസികളും ജൂണ്‍ ഒന്നിന് മുമ്പായി ബയോമെട്രിക് രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിക്കണമെന്ന് അധികൃതര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് അല്‍ യൂസഫ് അസ്സബാഹിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് സമയം നീട്ടിയത്. സമയ പരിധി നീട്ടിയ തീരുമാനം മലയാളികള്‍ അടക്കമുള്ള പ്രവാസികള്‍ക്ക് ഏറെ ആശ്വാസമായി.

ദിവസങ്ങള്‍ കാത്തിരിന്നിട്ടും അപ്പോയിന്റ്‌മെന്റ് ലഭിക്കാത്ത സാഹചര്യത്തില്‍ ജൂണ്‍ ഒന്നിന് മുമ്പ് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാന്‍ കഴിയില്ലേ എന്ന ആശങ്ക പലര്‍ക്കും ഉണ്ടായിരുന്നു. സമയം ദീര്‍ഘിപ്പിച്ചതോടെ സെന്ററുകളിലെ തിരക്കും കുറയുകയും ജനങ്ങള്‍ക്ക് സാവകാശം ലഭിക്കുകയും ചെയ്യും. സഹല്‍ ആപ്പ്, മെത്ത പ്ലാറ്റ്‌ഫോം വഴിയാണ് ബയോമെട്രിക്കിന് അപേക്ഷിക്കേണ്ടത്. കേന്ദ്രങ്ങളില്‍ എത്തുന്നതിനുമുമ്പ് മുന്‍ കൂട്ടി അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യാന്‍ ആഭ്യന്തര മന്ത്രാലയം അഭ്യര്‍ഥിച്ചു.

നിലവില്‍ രാജ്യത്തിന്റെ അതിര്‍ത്തി ചെക്ക്‌പോസ്റ്റുകള്‍, വിമാനത്താവളം എന്നിവിടങ്ങളില്‍ ബയോമെട്രിക് രജിസ്‌ട്രേഷനുള്ള സജ്ജീകരണങ്ങള്‍ ഉണ്ട്. അലി സബാഹ് അല്‍ സാലം ഐഡന്റിഫിക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റിലും, ജഹ്റ മേഖലയിലെ ഐഡന്റിഫിക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റിലും പ്രവാസികള്‍ക്കായി രണ്ട് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ഡിസംബറോടെ രാജ്യത്ത് താമസിക്കുന്ന മുഴുവന്‍ പേരുടെയും ബയോമെട്രിക് വിവരങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

Top