വിശാഖപട്ടണം: ആന്ധ്രാപ്രദേശിലെ അച്യുതപുരം പ്രത്യേക സാമ്പത്തിക മേഖലയിലെ ഫാര്‍മ യൂണിറ്റിലെ റിയാക്ടറിലുണ്ടായ സ്‌ഫോടനത്തിലെ മരണസംഖ്യ 17 ആയി. സ്ഫോടനത്തില്‍ 17 പേര്‍ മരിക്കുകയും 35 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത് രാസ ദ്രാവകത്തിന്റെ ചോര്‍ച്ചയാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞതായി അധികൃതര്‍ അറിയിച്ചു.
എസ്സിയന്‍ഷ്യ അഡ്വാന്‍സ്ഡ് സയന്‍സസ് പ്രൈവറ്റ് ലിമിറ്റഡില്‍ നടന്ന സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടക്കുകയാണെന്ന് വിശാഖപട്ടണം ജില്ലാ കലക്ടര്‍ എം.എന്‍. ഹരേന്ദ്ര പ്രസാദ് പറഞ്ഞു. സ്ഫോടനത്തിന്റെയും തീപിടുത്തത്തിന്റെയും കൃത്യമായ കാരണം അന്വേഷണം പൂര്‍ത്തിയായ ശേഷമേ വ്യക്തമാകൂ. 12 മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി കെ.ജി.എച്ചിലും ബാക്കി അഞ്ചു മൃതദേഹങ്ങള്‍ അനകപ്പള്ളി സര്‍ക്കാര്‍ ആശുപത്രിയിലേക്കും മാറ്റി. പരിക്കേറ്റവരില്‍ 18 പേര്‍ അനകപ്പള്ളിയിലെ ഉഷ പ്രൈം ആശുപത്രിയിലും ഏഴ് പേര്‍ വിശാഖപട്ടണത്തെ മെഡിക്കോവര്‍ ആശുപത്രിയിലും ചികിത്സയിലാണ്. ബാക്കിയുള്ള 10 പേരെ അച്യുതപുരത്തെ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
അതേസമയം, മരിച്ചവരുടെ കുടുംബത്തിനും പരിക്കേറ്റവര്‍ക്കും സാധ്യമായ എല്ലാ സഹായവും സര്‍ക്കാര്‍ നല്‍കുമെന്ന് മന്ത്രി കൊല്ലു രവീന്ദ്ര പറഞ്ഞു. കമ്പനിക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.ബുധനാഴ്ച ഉച്ചയോടെയാണ് റിയാക്ടര്‍ പൊട്ടിത്തെറിച്ചത്. തീ അണയ്ക്കാന്‍ പത്തോളം അഗ്‌നിശമനസേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി. രണ്ട് ഷിഫ്റ്റുകളിലായി 391 തൊഴിലാളികളാണ് ഫാക്ടറിയില്‍ ജോലി ചെയ്തിരുന്നത്. സ്‌ഫോടനം ഉച്ചഭക്ഷണ സമയത്തായതിനാല്‍ ജീവനക്കാരുടെ സാന്നിധ്യം കുറവായിരുന്നു. ഇത് മരണസംഖ്യ ഉയരാതിരിക്കാന്‍ കാരണമായി.