ന്യൂഡല്‍ഹി: ഡൽഹി കലാപവുമായി ബന്ധപ്പെട്ട യു.എ.പി.എ കേസിൽ ജയിലിൽ കഴിയുന്ന വിദ്യാർഥി ആക്ടിവിസ്റ്റ് ഉമർ ഖാലിദ്, ഷാര്‍ജീല്‍ ഇമാം എന്നിവരുടെ ജാമ്യാപേക്ഷ ഡൽഹി ഹൈകോടതി നാളെ പരിഗണിക്കും. ജസ്റ്റിസ് നവീന്‍ ചൗള, ജസ്റ്റിസ് ശലീന്ദര്‍ കൗര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക. നേരത്തെ ഹർജി കേൾക്കുന്നതിൽ നിന്ന് ഡൽഹി ഹൈകോടതിയിലെ ജസ്റ്റിസ് അമിത് ശർമ പിന്മാറിയിരുന്നു.
സ്ഥിരം ജാമ്യം തേടി 2022 മാര്‍ച്ചിൽ ഉമര്‍ ഖാലിദ് നൽകിയ ഹർജി വിചാരണ കോടതി തള്ളി. മേയ് 28ന് രണ്ടാമത്തെ ജാമ്യാപേക്ഷയും വിചാരണകോടതി തള്ളി. തുടർന്ന് ഹൈകോടതിയിലെത്തിയെങ്കിലും സുപ്രീംകോടതിയെ സമീപിക്കാൻ നിർദേശിക്കുകയായിരുന്നു. ഉമര്‍ ഖാലിദിന്റെ ജാമ്യാപേക്ഷയില്‍ മറുപടി നല്‍കാന്‍ ഡല്‍ഹി പൊലീസിനോട് കോടതി നിര്‍ദേശിച്ചിരുന്നു. ഇതിനിടെ ജസ്റ്റിസ് കൈത് മധ്യപ്രദേശ് ഹൈക്കോടതി ജഡ്ജിയായി പോയതോടെയാണ് പുതിയ ബെഞ്ചിനെ നിയോഗിച്ചത്.
Also Read: കളി കാര്യമായി ! അവധി കിട്ടാൻ ഒൻപതാം ക്ലാസുകാരന്‍റെ പ്രാങ്ക്, പൊലീസ് അന്വേഷണം
2020 ഫെബ്രുവരിയില്‍ വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ കലാപത്തിലെ പ്രധാന സൂത്രധാരൻ ഉമർ ഖാലിദ് ആണെന്ന ഡൽഹി പൊലീസിന്റെ ആരോപണത്തിലാണ് ഉമര്‍ ഖാലിദ് അടക്കമുള്ളവര്‍ക്കെതിരെ യുഎപിഎ ചുമത്തി ജയിലിലടച്ചത്. 53പേരുടെ മരണത്തിനിടയാക്കിയ കലാപത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ചാണ് 2020 സെപ്റ്റംബര്‍ 14ന് ജെഎന്‍യു മുന്‍ വിദ്യാര്‍ത്ഥിയായ ഉമര്‍ ഖാലിദിനെ ഡല്‍ഹി പൊലീസിന്റെ പ്രത്യേക സെല്‍ അറസ്റ്റ് ചെയ്തത്. മതവികാരം വ്രണപ്പെടുത്തി, രാജ്യതലസ്ഥാനത്ത് കലാപം അഴിച്ചു വിടാന്‍ ഗൂഢാലോചന നടത്തി തുടങ്ങിയവയായിരുന്നു കുറ്റങ്ങള്‍.