പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ ശക്തനായ സ്ഥാനാര്‍ത്ഥിയെ രംഗത്തിറക്കണമെന്ന ആവശ്യം സി.പി.എം അണികളിലും അനുഭാവികളിലും ശക്തമാകുന്നു. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി പരിഗണിക്കപ്പെടുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍, വിടി ബല്‍റാം, പി സരിന്‍ എന്നിവരോട് മുട്ടിനില്‍ക്കാന്‍ ശേഷിയുള്ള യുവ നേതാവാകണം സ്ഥാനാര്‍ത്ഥിയാകേണ്ടത് എന്നതാണ് സി.പി.എം അനുഭാവികളുടെ അഭിപ്രായം. അവര്‍ ഒറ്റ സ്വരത്തില്‍ മുന്നോട്ടുവയ്ക്കുന്ന പേര് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം സ്വരാജിന്റേതാണ്.
സ്വരാജ് സ്ഥാനാര്‍ത്ഥിയായാല്‍, പ്രചരണത്തില്‍ വേഗതയേറുമെന്നും, യു.ഡി.എഫിനെയും ബി.ജെ.പിയെയും പ്രതിരോധത്തിലാക്കാന്‍ കഴിയുമെന്നുമാണ് ഇടതുപക്ഷ അണികള്‍ വിശ്വസിക്കുന്നത്. മുന്‍ തൃപ്പൂണിത്തുറ എം.എല്‍.എയായ എം സ്വരാജ്, കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 992 വോട്ടുകള്‍ക്ക് മാത്രമാണ് പരാജയപ്പെട്ടിരുന്നത്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ ബാബു മതചിഹ്നം ഉപയോഗിച്ച് വോട്ട് തേടി എന്നാരോപിച്ച് പിന്നീട് സ്വരാജ് കോടതിയെ സമീപിക്കുന്ന സാഹചര്യവുമുണ്ടായി.
തിരഞ്ഞെടുപ്പിന് വീടുകളില്‍ വിതരണം ചെയ്ത വോട്ടേഴ്‌സ് സ്ലിപ്പുകള്‍ക്കൊപ്പം ശബരിമല അയ്യപ്പന്റെ ചിത്രം വിതരണം ചെയ്തെന്നും സ്ഥാനാര്‍ഥിയുടെ ഫോട്ടോയ്‌ക്കൊപ്പം അയ്യപ്പന്റെ പടം കൂടി ചേര്‍ത്ത് പ്രചാരണം നടത്തിയെന്നുമാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. മതം, ജാതി, ഭാഷ, സമുദായം എന്നിവയുടെ പേരില്‍ വോട്ട് ചോദിക്കരുതെന്ന ചട്ടം ലംഘിച്ച ബാബുവിന്റെ തിരഞ്ഞെടുപ്പ് റദ്ദാക്കി, തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നാണ് സ്വരാജ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. ഇത് സംബന്ധമായ അന്തിമ വിധി ഇനിയും വന്നിട്ടില്ല.
Also Read: പാലക്കാടും ചേലക്കരയിലും ഇടതുപക്ഷം ‘പത്മവ്യൂഹത്തിൽ’ നേരിടേണ്ടത് ഒരേസമയം അഞ്ച് ശത്രുക്കളെ !
നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി ഏകദേശം രണ്ട് വര്‍ഷത്തോളം മാത്രമാണെന്നിരിക്കെ, പാര്‍ട്ടിയും മുന്നണിയും കടുത്ത വെല്ലുവിളി നേരിടുന്ന സാഹചര്യത്തില്‍, ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് സ്വരാജിനെ പരിഗണിക്കണമെന്ന ആവശ്യം, മുതിര്‍ന്ന സി.പി.എം – ഡി.വൈ.എഫ്.ഐ നേതാക്കള്‍ക്കുമുണ്ട്. സ്വരാജ് സ്ഥാനാര്‍ത്ഥിയായാല്‍ ശക്തമായ ത്രികോണ മത്സരത്തിനാണ് പാലക്കാട്ട് തിരിതെളിയുക.
പാലക്കാട് മണ്ഡലത്തില്‍ ആഴത്തില്‍ വേരുകള്‍ ഉണ്ടായിട്ടും, കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍, യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിന് വിജയിക്കാനായത് കേവലം 3,859 വോട്ടുകള്‍ക്ക് മാത്രമാണ്. അതും… അവസാന നിമിഷത്തില്‍ ബി.ജെ.പി വിജയിക്കാതിരിക്കാന്‍ സി.പി.എം വോട്ടുകള്‍ ഷാഫിക്ക് ലഭിച്ചിട്ടാണെന്നത് കൂടി നാം ഓര്‍ക്കണം. ഉപതിരഞ്ഞെടുപ്പായതിനാലും നിലവിലെ രാഷ്ട്രീയ വെല്ലുവിളി മുന്‍നിര്‍ത്തിയും, അത്തരമൊരു വോട്ട് ഷിഫ്റ്റിങ് എന്തായാലും ഇത്തവണ സി.പി.എം നടത്തില്ല. മികച്ച പ്രാസംഗികന്‍ കൂടിയായ സ്വരാജ് സ്ഥാനാര്‍ത്ഥിയായാല്‍, പരമാവധി ന്യൂനപക്ഷ വോട്ടുകളും ഇടതുപക്ഷത്തിന് ശേഖരിക്കാന്‍ കഴിയും.
കഴിഞ്ഞ നിയമസഭയിലെ സ്വരാജിന്റെ പ്രകടനം എതിരാളികളുടെ പോലും കൈയ്യടി നേടിയതായതിനാല്‍, സ്വരാജ് മത്സരത്തിനിറങ്ങിയാല്‍, അത് പ്രതിപക്ഷത്തിന് അപ്രതീക്ഷിത വെല്ലുവിളിയാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്. ചേലക്കര നിലനിര്‍ത്തുകയും, പാലക്കാട് അട്ടിമറി വിജയം… അതല്ലെങ്കില്‍ വലിയ വോട്ട് വര്‍ദ്ധനവ് ഉണ്ടാക്കിയാലും, ഇടതുപക്ഷത്തിന് വന്‍ ഗുണം ചെയ്യും. സകല അപവാദ പ്രചരണങ്ങള്‍ക്കും ഇതുവഴി മറുപടി നല്‍കാന്‍ സി.പി.എമ്മിനും കഴിയും.
തൃശൂര്‍ പൂരം സി.പി.എമ്മും സര്‍ക്കാരും കലക്കിയാണ്, ബി.ജെ.പിക്ക് വിജയിക്കാന്‍ അവസരം ഒരുക്കിയതെന്ന് പറയുന്ന യു.ഡി.എഫിന്, പാലക്കാട് ബി.ജെ.പി വിജയിച്ചാല്‍, പിന്നെ ഒന്നും തന്നെ പറയാന്‍ കഴിയുകയില്ല. അപ്പോള്‍ യഥാര്‍ത്ഥ വില്ലന്‍മാരായി മാറുക കോണ്‍ഗ്രസ്സ് ആയിരിക്കും. തൃശൂരിന് പുറമെ പാലക്കാട്ടെ കോണ്‍ഗ്രസ്സിന്റെ സിറ്റിംഗ് സീറ്റിലും താമര വിരിഞ്ഞാല്‍, മുസ്ലീംലീഗിനും പിന്നെ വേറെ വഴി നോക്കേണ്ടതായി വരും. യു.ഡി.എഫിന്റെ തകര്‍ച്ചയിലേക്കാണ് അതോടെ കാര്യങ്ങള്‍ എത്തുക.
വീഡിയോ കാണാം