തിരുവനന്തപുരം: ഉരുൾപ്പൊട്ടലുണ്ടായ വയനാട് മുണ്ടക്കൈയിലടക്കം എല്ലാഭാഗങ്ങളിലും രക്ഷാപ്രവർത്തനങ്ങളും മറ്റു പ്രവർത്തനങ്ങളും മുഖ്യമന്ത്രി പിണറായി വിജയൻ്റെ നേതൃത്വത്തിൽ നിരീക്ഷിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്നുണ്ടെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചു. ആരോഗ്യ വകുപ്പിന് സാധ്യമായ എല്ലാ കാര്യങ്ങളും ചെയ്യുന്നുണ്ട്.
സ്റ്റേറ്റ് മിഷൻ ഡയറക്ടർ ജീവൻ ബാബുവിൻ്റെ നേതൃത്വത്തിലുള്ള സംഘമായിരിക്കും പ്രവർത്തനം ഏകോപിപ്പിക്കുക. ആവശ്യമായ മരുന്ന് സാധനങ്ങൾ അധികമായി എത്തിക്കുന്നതിനായുള്ള ക്രമീകരണങ്ങൾ നടത്തിയിട്ടുണ്ടെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
ഓരോരുത്തരേയും ജീവനോടെ രക്ഷിക്കുന്നതിനായുള്ള ശ്രമമാണ് നടക്കുന്നത്. ഫയർഫോഴ്സിൻ്റേയും എൻഡിആർഎഫ്എയുടേയും സിവിൽ ഡിഫൻസിൻ്റേയും സംഘം അവിടെ പ്രവർത്തിക്കുന്നുണ്ട്. മന്ത്രി എ കെ ശശീന്ദ്രൻ സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. റവന്യൂ മന്ത്രി കെ രാജനും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസും ജില്ലയുടെ ചുമതലയുള്ള മന്ത്രി ഒ ആർ കേളു എന്നിവർ ഉൾപ്പെടെയുള്ള മന്ത്രിമാർ സംഭവസ്ഥലത്ത് എത്തുമെന്നും മന്ത്രി പറഞ്ഞു.
മുണ്ടക്കൈ, അട്ടമല, ചൂരൽമല എന്നിവിടങ്ങളിലാണ് ഇന്ന് രാവിലെ 2 മണിയോടെയാണ് ദുരന്തമുണ്ടായത്. രക്ഷാ പ്രവർത്തനം അതീവ ദുഷ്കരമായി തുടരുകയാണെന്ന് ദൗത്യ സംഘം വ്യക്തമാക്കി. മുണ്ടക്കൈയും അട്ടമലയും പൂർണമായി ഒറ്റപ്പെട്ട നിലയിലാണ്. ഇരുമേഖലകളിലുമായി നാനൂറോളം കുടുംബങ്ങളാണ് ഒറ്റപ്പെട്ട് പോയിരിക്കുന്നത്.