ഡൽഹി: രാജി സന്നദ്ധത അറിയിച്ച് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് എൻ.ഡി.എക്കുണ്ടായ കനത്ത തിരിച്ചടിക്ക് പിന്നാലെയാണ് പ്രഖ്യാപനം. പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനായി പ്രവർത്തനം തുടരുമെന്നും മുതിർന്ന നേതാക്കളെ കാണുമെന്നും ഫഡ്‌നാവിസ് പറഞ്ഞു.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്കുണ്ടായ ദയനീയ പ്രകടനത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി സ്ഥാനം രാജിവെക്കാൻ തയ്യാറാണെന്ന് ഫഡ്‌നാവിസ് അറിയിച്ചു. ഈ വർഷാവസാനം നടക്കാനിരിക്കുന്ന മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിയെ ശക്തിപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്, തന്നെ ചുമതലകളിൽ നിന്ന് ഒഴിവാക്കണമെന്ന് ഫഡ്‌നാവിസ് ബിജെപി നേതൃത്വത്തോട് അഭ്യർത്ഥിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിലെ ബിജെപി ഘടകം പാർട്ടിയുടെ മോശം പ്രകടനം വിശകലനം ചെയ്യാൻ യോഗം ചേർന്നിരുന്നു. ദേവേന്ദ്ര ഫഡ്‌നാവിസും ബിജെപി സംസ്ഥാന അധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുലെയും മറ്റ് മുതിർന്ന നേതാക്കളും യോഗത്തിൽ പങ്കെടുത്തു. മഹാരാഷ്ട്രയിൽ 45 സീറ്റുകൾ നേടുകയെന്ന ലക്ഷ്യത്തിൽ എങ്ങനെ ഇടിവ് സംഭവിച്ചുവെന്ന് പരിശോധിച്ച് വരികയാണ്.
സംസ്ഥാനത്ത് ആകെ ഒമ്പത് ലോക്‌സഭാ സീറ്റുകളിൽ മാത്രമാണ് ബിജെപിക്ക് വിജയിക്കാനായത്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് പാർട്ടിയുടെ അംഗസംഖ്യ 14 ആയി കുറഞ്ഞു. സഖ്യകക്ഷികളായ ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയും അജിത് പവാറിൻ്റെ നേതൃത്വത്തിലുള്ള എൻസിപിയും ചേർന്ന് 48 സീറ്റുകളിൽ 17 സീറ്റുകളാണ് എൻഡിഎ നേടിയത്.