CMDRF

പച്ച പട്ട് പുതയ്ക്കാനൊരുങ്ങി മരുപ്രദേശങ്ങള്‍

പച്ച പട്ട് പുതയ്ക്കാനൊരുങ്ങി മരുപ്രദേശങ്ങള്‍
പച്ച പട്ട് പുതയ്ക്കാനൊരുങ്ങി മരുപ്രദേശങ്ങള്‍

ദോഹ: മരുഭൂമിയെ പച്ചപ്പണിയിക്കുന്നതിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 12 ലക്ഷം ചതുരശ്ര മീറ്ററോളം മേഖലയില്‍ പുല്‍മേടുകള്‍ വെച്ചുപിടിപ്പിച്ച് ഖത്തര്‍ പരിസ്ഥിതി കാലാവസ്ഥ വ്യതിയാന മന്ത്രാലയം. കാലാവസ്ഥ വ്യതിയാനത്തെ നേരിടുന്നതിന്റെയും പ്രാദേശിക പരിസ്ഥിതി വ്യവസ്ഥയെ സംരക്ഷിക്കുന്നതിന്റെയും ഭാഗമായാണ് വ്യത്യസ്ത പ്രദേശങ്ങളിലായി പുല്‍മേടുകള്‍ സ്ഥാപിച്ചത്. ഉമ്മുല്‍, സഹ്നത്, അല്‍ ഖയ്യ, അല്‍ സുലൈമി അല്‍ ഗര്‍ബി എന്നിവിടങ്ങളിലെ ചെറുചെടികളും കുറ്റിക്കാടുകളും പച്ച പുല്ലുകളും വെച്ചുപിടിപ്പിച്ചാണ് രാജ്യത്തുടനീളം സസ്യജാലങ്ങളെ സംരക്ഷിക്കുന്നതിനും മരുഭൂവത്കരണം ചെറുക്കുന്നതിനുമായി മന്ത്രാലയത്തിലെ വന്യജീവി വികസന വകുപ്പ് മാര്‍ച്ചില്‍ ആരംഭിച്ച പദ്ധതിയുടെ തുടര്‍ച്ചയായാണ് മൂന്നിടങ്ങളിലായി ദശലക്ഷത്തിലധികം ചതുരശ്രമീറ്റര്‍ പുല്‍മേടുകള്‍ പുനഃസ്ഥാപിച്ചത്. ഉമ്മുല്‍ സഹ്നതില്‍ 2.32 ലക്ഷം ചതുരശ്രമീറ്റര്‍ വിസ്തൃതിയുള്ള പുല്‍മേടാണ് വേലി സ്ഥാപിച്ച് പിടിപ്പിച്ചത്. കളിമണ്ണും ഭൂമിയുടെ മൃദുത്വവും കൊണ്ട് വേര്‍തിരിച്ച സവിശേഷതയുള്ള ഭൂമിയാണ് ഉമ്മുല്‍ സഹ്നതിലേത്. അല്‍ഹറം, ലറമറാം, അല്‍ ജത്ജത് തുടങ്ങിയവക്കു പുറമെ സിദര്‍, അല്‍ സമൂര്‍, അല്‍ ഔസാജ് തുടങ്ങിയ കാട്ടുമരങ്ങളും ഈ പ്രദേശങ്ങളിലുണ്ട്.

രാജ്യത്തിന്റെ വടക്കുപടിഞ്ഞാറ് സ്ഥിതിചെയ്യുന്ന അല്‍ഖയ്യ പ്രദേശത്ത് 8.54 ലക്ഷം ചതുരശ്രമീറ്റര്‍ വിസ്ത്യതിയിലാണ് പുല്‍മേട് പുനഃസ്ഥാപിച്ചത്. വേലികെട്ടി തരംതിരിച്ച് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കപ്പെട്ട ഇവിടം നിരവധി സന്ദര്‍ശകരാണ് വസന്തകാലത്ത് എത്തിച്ചേരുന്നത്. കാട്ടുമരങ്ങളായ സിദര്‍, സമൂര്‍ എന്നിവയും മുള്‍ച്ചെടികള്‍പോലുള്ള ചില ഇടയവൃക്ഷങ്ങളും ഇവിടെയുണ്ട്. അല്‍സുലൈമി അല്‍ഗര്‍ബിയില്‍ 1.20 ലക്ഷം ചതുരശ്രമീറ്റര്‍ വിസ്ത്യതിയിലുള്ള പുല്‍മേടാണ് മന്ത്രാലയം വേലികെട്ടിത്തിരിച്ച് പുനഃസ്ഥാപിച്ചത്. അപൂര്‍വയിനം സിദര്‍ മരവും സമൂര്‍, ലറംറാം, അല്‍ അലിന്‍ദ, അല്‍ നാം തുടങ്ങിയ വൃക്ഷങ്ങളും ഇവിടെ കാണപ്പെടുന്നു. അപൂര്‍വമായ, വംശനാശ ഭീഷണി നേരിടുന്ന സസ്യജാലങ്ങളെ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ നിരവധി പുല്‍മേടുകളാണ് മന്ത്രാലയം സ്ഥാപിച്ചത്. വാഹനങ്ങള്‍ പ്രവേശിക്കുന്നത് തടയുക, സന്ദര്‍ശകരുടെ കടന്നുകയറ്റം ഇല്ലാതാക്കുക തുടങ്ങിയവയും സംരക്ഷണ പ്രക്രിയയില്‍ ഉള്‍പ്പെടുന്നു.

Top