കൊൽക്കത്ത: ബംഗാളിലെ ഡോക്ടറെ കൊലപ്പെടുത്തിയത് ക്രൂരമായ പീഡനത്തിന് ശേഷമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. വയറിലും കഴുത്തിലും വിരലിലുകളിലും മുറിവേറ്റെന്നും സ്വകാര്യ ഭാഗങ്ങളില്‍നിന്ന് രക്തം വാര്‍ന്നെന്നുമാണ് കണ്ടെത്തല്‍. കണ്ണടപൊട്ടി രണ്ടു കണ്ണിലും ഗ്ലാസ് തറച്ചു. സ്വകാര്യ ഭാഗങ്ങളിൽ കടുത്ത ക്ഷതവും രക്തസ്രാവവും ഉണ്ടായി. മരണം പുലർച്ചെ മൂന്നിനും അഞ്ചിനും ഇടയിലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. വനിതാ ട്രെയിനി ഡോക്ടറെ ആര്‍ജി കാര്‍ മെഡിക്കല്‍ കോളേജിലെ സെമിനാര്‍ ഹാളില്‍ ശരീരത്തില്‍ മുറിവുകളോടെയാണ് കണ്ടെത്തിയത്.
സംസ്ഥാനത്ത് വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ക്യാമ്പസില്‍ സുരക്ഷാ നടപടികള്‍ വര്‍ധിപ്പിക്കണമെന്ന തങ്ങളുടെ ആവര്‍ത്തിച്ചുള്ള ആവശ്യങ്ങള്‍ ആശുപത്രി ഭരണകൂടം അവഗണിക്കുകയായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ ആരോപിച്ചിരുന്നു. ആര്‍ജി കാര്‍ മെഡിക്കല്‍ കോളേജിലെ മുഴുവന്‍ സുരക്ഷാ ഏജന്‍സിക്കും പിഴവുകളുണ്ടെന്ന് റസിഡന്റ് ഡോക്ടര്‍മാരും ആരോപിച്ചിരുന്നു. സിസിടിവി ക്യാമറകള്‍ സ്ഥാപിച്ച് 24 മണിക്കൂറും തത്സമയ നിരീക്ഷണം ഏര്‍പ്പെടുത്തി ആശുപത്രി പരിസരത്ത് സുരക്ഷ വര്‍ധിപ്പിക്കാനുള്ള തങ്ങളുടെ നിര്‍ദേശങ്ങള്‍ പരിഗണിച്ചിട്ടില്ലെന്നും അവര്‍ ആരോപിച്ചു.
ആശുപത്രി വളപ്പില്‍ ഇടയ്ക്കിടെ വരുന്ന പുറത്തുനിന്നുള്ളയാളാണ് പ്രതി. ശനിയാഴ്ച അറസ്റ്റ് ചെയ്ത പ്രതിയെ ഓഗസ്റ്റ് 23 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. വേണ്ടിവന്നാല്‍ കുറ്റവാളിക്ക് വധശിക്ഷ നല്‍കാന്‍ ശ്രമിക്കുമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞിരുന്നു.