അപ്രതീക്ഷിതമായി പശ്ചിമേഷ്യയിൽ പൊട്ടിപ്പുറപ്പെട്ട ഇസ്രയേൽ-ഹമാസ് യുദ്ധവും റഷ്യ-യുക്രെയ്ൻ പോരാട്ടവും ഇറാൻ-ഇസ്രയേൽ സംഘർഷവുമെല്ലാം ലോകത്തെ സർവ്വനാശത്തിലേക്ക് കൊണ്ടുപോകുമെന്ന ഭീതി നിലനിൽക്കെ രാജ്യങ്ങളെ തമ്മിലടിപ്പിച്ചും ആഭ്യന്തര കലാപമുണ്ടാക്കിയും ‘ചോര കുടിക്കുന്ന’ അമേരിക്കയുടെ മുഖം മൂടിയാണ് ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ക്ക് ഹസീന ഇപ്പോൾ തുറന്ന് കാട്ടിയിരിക്കുന്നത്.
ലോകത്ത് ഏറ്റവും കൂടുതൽ രാജ്യങ്ങൾ ആക്രമിച്ചും അധിനിവേശം നടത്തിയും മുന്നോട്ടുപോകുന്ന അമേരിക്കയുടെ തന്ത്രപരമായ ഇടപെടലാണ് ബംഗ്ലാദേശിലെ ഇപ്പോഴത്തെ കലാപത്തിന് പിന്നിലെന്ന ആരോപണത്തെ സാധൂകരിക്കുന്ന വിവരങ്ങളാണ് ഷെയ്ക്ക് ഹസീന പുറത്തുവിട്ടിരിക്കുന്നത്.
ബംഗ്ലാദേശിന്റെ സെന്റ് മാർട്ടിൻസ് ദ്വീപ് ‘അമേരിക്കയ്ക്ക് വിട്ടുകൊടുത്തിരുന്നെങ്കിൽ തനിക്ക് ഭരണത്തിൽ തുടരാമായിരുന്നു’ എന്നാണ്, ബംഗ്ലദേശിൽനിന്ന് രക്ഷപ്പെടുന്നതിനു മുൻപ് രാജ്യത്തെ അഭിസംബോധന ചെയ്യാൻ ഷെയ്ഖ് ഹസീന തയ്യാറാക്കി വച്ചിരുന്ന പ്രസംഗത്തിൽ കരുതിവച്ചിരുന്നത്. ബംഗ്ലാദേശിലെ തന്റെ ഭരണം അട്ടിമറിക്കാൻ അമേരിക്ക ഗൂഢാലോചന നടത്തിയെന്നും സെന്റ്‌റ് മാർട്ടിൻ ദ്വീപുകൾ അവർക്ക് കൈമാറാത്തതാണ് അതിന് പ്രധാന കാരണമെന്നും ഹസീന ബംഗ്ലാദേശിലെ ജനങ്ങളോട് പറയാൻ ഉദ്ദേശിച്ചിരുന്നു. ബംഗ്ലാദേശിൽ വച്ച് അവർക്ക് പറയാൻ സാധിക്കാത്ത ഈ വിവരങ്ങൾ ഇന്ത്യയിൽ അഭയം തേടിയ ശേഷം പുറത്തുവന്നത് അമേരിക്കയെയും അമ്പരപ്പിച്ചിട്ടുണ്ട്. ബ്രിട്ടൺ ഷെയ്ക്ക് ഹസീനയ്ക്ക് അഭയം നൽകാതിരിക്കുന്നതിന് പിന്നിൽ അമേരിക്കയുടെ സമ്മർദ്ദമാണെന്ന അഭ്യൂഹങ്ങൾ നിലനിൽക്കെയാണ് ഞെട്ടിക്കുന്ന വിവരം ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്.
ഇതോടെ സെന്റ് മാർട്ടിൻ ദ്വീപ് ലോക ചർച്ചകളിൽ ഇടംപിടിച്ചിരിക്കുകയാണ്. ഷെയ്ക്ക് ഹസീനയ്ക്ക് എതിരെ പ്രക്ഷോഭത്തിന് ഇറങ്ങിയവരെ പോലും ഈ വെളിപ്പെടുത്തൽ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. അമേരിക്കയ്‌ക്കൊപ്പം ചേർന്ന് രാജ്യത്തെ ഒറ്റുകൊടുക്കാൻ ശ്രമിച്ചവരുടെ കെണിയിലാണ് ബംഗ്ലാദേശ് ജനത വീണിരിക്കുന്നതെന്ന പ്രചരണവും ബംഗ്ലാദേശിൽ ശക്തിപ്പെട്ട് വരുന്നുണ്ട്. നിലവിലെ ബംഗ്ലാദേശ് സർക്കാരിനെ വെട്ടിലാക്കുന്ന സംഭവവികാസങ്ങളാണിത്. ഈ സാഹചര്യത്തിൽ ഇനി അവർ ആഗ്രഹിച്ചാൽ പോലും സെന്റ് മാർട്ടിൻ ദ്വീപ് അമേരിക്കയ്ക്ക് വിട്ടുകൊടുക്കാൻ സാധിക്കുകയില്ല. അത്തരമൊരു പ്രതിരോധം തീർക്കാൻ ഷെയ്ക്ക് ഹസീനയുടെ വെളിപ്പെടുത്തലിന് തൽക്കാലം കഴിഞ്ഞിട്ടുണ്ട്.
ഇന്ത്യയ്ക്കും, ബംഗ്ലാദേശിനും, മ്യാൻമറിനുമിടയിൽ ബംഗാൾ ഉൾക്കടലിന്റെ വടക്കുകിഴക്കേയറ്റത്തുള്ള കുഞ്ഞൻ ദ്വീപാണ് സെന്റ് മാർട്ടിൻ ദ്വീപ്. ഇതിന്റെ വിസ്തീർണം വെറും 3 ചതുരശ്ര കിലോമീറ്റർ മാത്രമാണെങ്കിലും ഇതൊരു തന്ത്രപരമായ ഇടമാണ്. ബംഗ്ലാദേശിലെ കോക്‌സ് ബസാർ-ടെക്നാഫ് മുനമ്പിൽനിന്നും 9 കിലോമീറ്ററും മ്യാൻമറിന്റെ വടക്കുപടിഞ്ഞാറൻ തീരത്തുനിന്ന് 8 കിലോമീറ്ററും മാത്രം അകലെ ബംഗ്ലാദേശിന്റെ ഏക പവിഴപ്പുറ്റ് ദ്വീപ് കൂടിയാണിത്. 68 ഇനം പവിഴപ്പുറ്റുകളും 151 ഇനം ആൽഗകളും 234 ഇനം കടൽമത്സ്യങ്ങളും ഉൾപ്പെടെ ജൈവവൈവിധ്യത്തിന്റെ വലിയ കലവറയാണിത്. ടൂറിസം വികസിച്ചതോടെ ദിവസവും ആയിരക്കണക്കിന് പേരാണ് സെന്റ് മാർട്ടിൻ ദ്വീപ് സന്ദർശിക്കാനെത്തുന്നത്.
നാരികേൽ ജിൻജിര അഥവാ നാളികേര ദ്വീപ് ദാരുചീനി ദ്വീപ് അഥവാ കറുവാപ്പട്ട ദ്വീപ് എന്നും ഈ ദ്വീപിന് വിളിപ്പേരുകളുണ്ട്. മൂന്നുഭാഗങ്ങളായാണ് ദ്വീപിന്റെ കിടപ്പ്. വടക്കുഭാഗം നാരികേൽ ജിൻജിര അതായത് ഉത്തർപറയെന്നും തെക്കുഭാഗം ദക്ഷിൺപറയെന്നും നടുവിൽ ഇടുങ്ങിയ ഇടനാഴി പോലുള്ള ഭാഗം മധ്യപറയെന്നുമാണ് അറിയപ്പെടുന്നത്. ബംഗ്ലാദേശിന്റെ പ്രധാന വിനോദസഞ്ചാര മേഖല കൂടിയായ സെന്റ് മാർട്ടിൻ ദ്വീപിൽ നാലായിരത്തോളമാണ് ആകെ ജനസംഖ്യ. നെൽക്കൃഷി, നാളികേരം, മീൻ വളർത്തൽ എന്നിവയാണ് ദ്വീപുവാസികളുടെ പ്രധാന ജീവനോപാധി. ഇവിടെ വിളയുന്ന വസ്തുക്കൾ പ്രധാനമായും മ്യാൻമറിലേക്കാണ് കയറ്റുമതി ചെയ്യുന്നത്.
അയ്യായിരം വർഷം മുൻപ് ടെക്നാഫിന്റെ കരപ്രദേശത്തിനൊപ്പമായിരുന്നു ഈ പ്രദേശമെങ്കിലും പിന്നീട് കടലെടുക്കുകയായിരുന്നെന്നാണ് പഠനങ്ങൾ പറയുന്നത്. 450 വർഷം മുമ്പാണ് ഇപ്പോൾ കാണുന്ന സെന്റ് മാർട്ടിൻ ദ്വീപ് രൂപപ്പെട്ടത്. 250 വർഷം മുമ്പ് 18-ാം നൂറ്റാണ്ടിൽ അറബ് വ്യാപാരികളാണ് ആദ്യമായി ദ്വീപിലെത്തിയിരുന്നത്. ദക്ഷിണപൂർവേഷ്യയിലേക്ക് വാണിജ്യത്തിനായി പോയിരുന്ന വ്യാപാരികൾ ദ്വീപ് വിശ്രമകേന്ദ്രമാക്കി മാറ്റുകയായിരുന്നു. അവർ അതിന് ‘ജസിറ’ എന്നും പേരിട്ടു. അറബിയിൽ ജസിറയെന്നാൽ ദ്വീപ് എന്നാണ് അർഥം. 1900 ൽ ബ്രിട്ടീഷുകാർ കോളനി സ്ഥാപിച്ചതോടെ ദ്വീപ് ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായി മാറി. ഇതിനു ശേഷമാണ്, സെന്റ് മാർട്ടിൻ ദ്വീപെന്ന പേര് വന്നിരുന്നത്.
1937 ൽ, ബർമ എന്ന മ്യാൻമർ സ്വതന്ത്രമായപ്പോഴും, സെന്റ് മാർട്ടിൻ ദ്വീപ് ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായി തുടരുകയാണ് ഉണ്ടായത്. പിന്നീട്, 1947 ൽ ഇന്ത്യ സ്വതന്ത്രമായപ്പോൾ, വിഭജനത്തിൽ ദ്വീപ് കിഴക്കൻ പാകിസ്ഥാന്റെ ഭാഗമായി മാറി. 1971 ൽ പാകിസ്ഥാനിൽ നിന്ന് ബംഗ്ലാദേശ് സ്വാതന്ത്ര്യം നേടിയപ്പോൾ, ഈ ദ്വീപ് ബംഗ്ലാദേശിന്റെ ഭാഗമായി തുടരുകയാണ് ഉണ്ടായത്. നിലവിൽ മ്യാൻമറും, സെന്റ് മാർട്ടിൻ ദ്വീപിനെച്ചൊല്ലി ബംഗ്ലാദേശുമായി തർക്കത്തിലാണ്. ദ്വീപ് ബംഗ്ലാദേശിന്റേതാണെന്ന് അംഗീകരിച്ച് 1974 ൽ ഇരുരാജ്യങ്ങളും ഒപ്പുവച്ചിരുന്നെങ്കിലും ദ്വീപിന്റെ സമുദ്രാതിർത്തി സംബന്ധിച്ചുള്ള തർക്കം ഇപ്പോഴും നിലനിൽക്കുന്നുണ്ട്. 2012 ൽ രാജ്യാന്തര സമുദ്ര നിയമ ട്രൈബ്യൂണൽ ദ്വീപിനുമേലുള്ള ബംഗ്ലാദേശിന്റെ അവകാശം ശരിവച്ചെങ്കിലും തർക്കം അവസാനിച്ചിട്ടില്ല.
ഈ ദ്വീപ് അമേരിക്കയുടെ കൈവശം വന്നാൽ, മേഖലയിൽ നിർണ്ണായക ഇടപെടൽ നടത്താൻ അമേരിക്കയ്ക്ക് കഴിയും. അത് ബംഗ്ലാദേശിന് മാത്രമല്ല ഇന്ത്യയുൾപ്പെടെയുള്ള അയൽ രാജ്യങ്ങൾക്കും വലിയ ഭീഷണിയാണ്. ഷെയ്ക്ക് ഹസീനയുടെ പ്രധാന എതിരാളിയായിരുന്ന ഖാലിദസിയയുടെ നേതൃത്വത്തിലുള്ള ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി ദ്വീപ് യുഎസിന് വിൽക്കാൻ ശ്രമിക്കുന്നുവെന്ന് 2003 ൽ തന്നെ, ഹസീന ആരോപിച്ചിരുന്നതാണ്. അതുകൊണ്ട് തന്നെ, ഇപ്പോഴത്തെ വെളിപ്പെടുത്തലിന് വിശ്വാസ്യതയും കൂടുതലാണ്.
‘വെള്ളക്കാരായ’ ഒരു വിദേശരാജ്യം ബംഗ്ലാദേശിൽ വ്യോമത്താവളം സ്ഥാപിക്കാൻ ആഗ്രഹിക്കുന്നുണ്ടെന്നും, അനുവാദം നൽകാത്തതിനാൽ തന്നെ പുറത്താക്കാൻ ശ്രമിക്കുന്നുവെന്നും’ അവാമി ലീഗിന്റെ നേതൃത്വത്തിൽ, 2024 മേയിൽ നടന്ന സർവകക്ഷി യോഗത്തിൽ ഹസീന തുറന്നടിച്ചിരുന്നു. ആവശ്യം അംഗീകരിച്ചില്ലെങ്കിൽ അടുത്ത തവണ തിരഞ്ഞെടുപ്പ് നടക്കില്ലെന്ന് ഭീഷണിയുണ്ടായിരുന്നു എന്നും അവർ പറയുകയുണ്ടായി.
അന്ന് ഈ ആരോപണം നിഷേധിച്ച് രംഗത്തുവന്ന അമേരിക്ക, അസംബന്ധമെന്ന് പറഞ്ഞ് തള്ളുകയാണ് ഉണ്ടായത്. ബംഗ്ലാദേശിൽ എവിടെയും സൈനികത്താവളം നിർമിക്കാൻ പദ്ധതിയില്ലെന്നും ധാക്കയുമായി തന്ത്രപരമായ സൈനികബന്ധം മാത്രമാണ് ആഗ്രഹിക്കുന്നതെന്നുമായിരുന്നു 2003ൽ, അന്നത്തെ ബംഗ്ലാദേശിലെ യുഎസ് പ്രതിനിധിയായ മേരി ആൻ പീറ്റേഴ്സ് പ്രതികരിച്ചിരുന്നത്. ഇപ്പോൾ ഉയർന്ന ആരോപണത്തെയും അമേരിക്ക നിഷേധിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ ഒരു ചർച്ചയും ബംഗ്ലാദേശുമായി ഉണ്ടായിട്ടില്ലെന്നാണ് അമേരിക്കൻ വിദേശകാര്യ മന്ത്രാലയവും അവകാശപ്പെടുന്നത്.
എന്നാൽ, ബംഗ്ലാദേശ് വിട്ട ഷെയ്ക്ക് ഹസീന വീണ്ടും ഈ ആരോപണം ഉന്നയിക്കുന്നത് ഇന്ത്യയും റഷ്യയും ചൈനയും ഉൾപ്പെടെയുള്ള വൻ ശക്തികൾ അതീവ ഗൗരവത്തോടെയാണ് കാണുന്നത്. ഷെയ്ക്ക് ഹസീനയെ വീഴ്ത്തിയതിൽ അമേരിക്കയ്ക്ക് വലിയ പങ്കുണ്ട് എന്ന് തന്നെയാണ് ഈ രാജ്യങ്ങൾ കരുതുന്നത്. ഇതോടെ ഭൂരിപക്ഷം വരുന്ന മറ്റ് ലോക രാജ്യങ്ങൾക്കിടയിലും വില്ലൻ പരിവേഷമാണ് നിലവിൽ അമേരിക്കയ്ക്ക് ലഭിച്ചിരിക്കുന്നത്.
വലുപ്പം കൊണ്ട് ചെറുതെങ്കിലും, ബംഗ്ലാദേശിനും മ്യാൻമറിനും നടുവിൽ തന്ത്രപ്രധാനമായ മേഖലയിലാണ് സെന്റ് മാർട്ടിൻ ദ്വീപിന്റെ സ്ഥാനം. ബംഗാൾ ഉൾക്കടലിന്റെ പ്രവേശന ഭാഗത്തായതിനാൽ സമുദ്ര ഗതാഗതത്തെയും ചരക്കുനീക്കത്തെയും അടുത്തുനിന്ന് നിരീക്ഷിക്കാനും ഈ ദ്വീപിൽ നിന്നും കഴിയും. ഇവിടം നിയന്ത്രിക്കുന്നവർക്ക് സുപ്രധാന സമുദ്രപാതയായ മലാക്ക കടലിടുക്കിനടുത്ത് തങ്ങളുടെ സാന്നിധ്യം ശക്തമാക്കാൻ സാധിക്കും. അമേരിക്ക ലക്ഷ്യമിടുന്നതും അത് തന്നെയാണ്. ചൈനയുടെ വ്യാപാരനീക്കത്തിന്റെ 80 ശതമാനത്തിലേറെയും മലാക്ക പാതയിലൂടെ ആണെന്നതിനാൽ ഈ മേഖല അമേരിക്കയ്ക്ക് നിർണായകമാണ്. കോക്സ് ബസാറിൽ ചൈന നിർമിക്കുന്ന തുറമുഖവും ഈ ദ്വീപിന് തൊട്ടടുത്താണ്. അമേരിക്കയുടെ വിശ്വസ്ത ക്വാഡ് പങ്കാളി ചാത്തോഗ്രാമിൽ നിർമാണം തുടങ്ങിയ മാതാർബരി തുറമുഖവും മാർട്ടിൻ ദ്വീപിനടുത്താണ്. 2027 ൽ പ്രവർത്തനം തുടങ്ങുമെന്ന് കരുതുന്ന ഈ തുറമുഖം ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളുമായുള്ള വ്യാപാരബന്ധം മെച്ചപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നതാണ്.
വിശ്വസ്ത പങ്കാളികളെ കൂട്ടുപിടിച്ച് ചൈനയെ നേരിടാനുള്ള അമേരിക്കയുടെ ഇന്തോ-പസിഫിക് നയത്തിന്റെ ഭാഗമായും ഈ താൽപ്പര്യത്തെ അമേരിക്കൻ അനുകൂലികൾ വ്യാഖ്യാനിക്കുന്നുണ്ടെങ്കിലും യഥാർത്ഥ വസ്തുത അതല്ല. ഈ ദ്വീപിൽ നിന്നും ചൈനയുടെയും മ്യാൻമറിന്റെയും ബംഗ്ലാദേശിന്റെയും മാത്രമല്ല ഇന്ത്യയുടെ നീക്കങ്ങളും അമേരിക്കയ്ക്ക് അടുത്തറിയാൻ സാധിക്കും. അപകടകരമായ സാഹചര്യമാണത്. ഇന്ത്യയ്ക്കും, ഒരിക്കലും വിശ്വസിക്കാൻ പറ്റാത്ത രാജ്യമാണ് അമേരിക്ക. ചരിത്രവും അതു തന്നെയാണ്.
EXPRESS VIEW