തിരുവനന്തപുരം: നോട്ട്സ് ഉള്‍പ്പടെയുള്ള പഠന കാര്യങ്ങള്‍ ഇനി മുതൽ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് വാട്‌സ്ആപ്പിലൂടെ നൽകേണ്ടെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്. കുട്ടികള്‍ക്ക് നേരിട്ട് ക്ലാസില്‍ ലഭിക്കേണ്ട പഠനാനുഭവങ്ങള്‍ നഷ്ടമാക്കുന്നത് പൂര്‍ണമായി ഒഴിവാക്കണം. ഇക്കാര്യങ്ങള്‍ ഉറപ്പാക്കുന്നതിന് ബന്ധപ്പെട്ട അധികാരികള്‍ സ്‌കൂളുകളില്‍ ഇടവിട്ട് സന്ദര്‍ശനം നടത്തി നിരീക്ഷണം ശക്തമാക്കേണ്ടതും വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും അഭിപ്രായം ആരായേണ്ടതുമാണെന്ന് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു.
കോവിഡ് കാലത്ത് ഓണ്‍ലൈന്‍ പഠനമായിരുന്നെങ്കിലും നിലവില്‍ സ്‌കൂളുകളില്‍ നേരിട്ടാണ് ക്ലാസ് നടക്കുന്നത്. കുട്ടികള്‍ക്ക് പഠനകാര്യങ്ങള്‍ ഓര്‍ത്തിരിക്കാനും ശരിയായി മനസ്സിലാക്കാനും ക്ലാസിൽ തന്നെ പോകണം, ഓൺലൈൻ ക്ലാസിൽ അതിനുള്ള സാധ്യത വളരെ കുറവാണ്. പഠന കാര്യങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ നല്‍കുന്ന രീതി കുട്ടികള്‍ക്ക് അമിതഭാരവും പ്രിന്റ് എടുത്ത് പഠിക്കുമ്പോള്‍ സാമ്പത്തിക ബുദ്ധിമുട്ടും വരുത്തുന്നതായി രക്ഷിതാക്കൾ പരാതി നൽകിയിരുന്നു.
Also Read: വയനാട് ദുരന്തം: ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് പരിഗണിക്കും
ഈ പരാതിയെ തുടർന്ന് ബാലാവകാശകമ്മീഷൻ നടത്തിയ ഇടപെടലിനെ തുടർന്നാണ് നടപടി. എല്ലാ ആര്‍ഡിഡിമാര്‍ക്കും സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ക്കും ഇത് സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് സര്‍ക്കുലര്‍ അയച്ചു.