തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ യൂണിയന്‍ നേതാവിനെ തിരഞ്ഞെടുപ്പ് ചുമതലയില്‍ നിന്ന് ഒഴിവാക്കി തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ്. കേരള സെക്രട്ടേറിയറ്റ് എംപ്ലോയിസ് അസോസിയേഷന്‍ നേതാവിനെതിരെയാണ് നടപടി. സംഘടനാ സെക്രട്ടറിയെന്ന നിലയില്‍ പ്രസിദ്ധീകരിച്ച ലഘുലേഖയുടെ പേരിലാണ് നടപടി. ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയുണ്ടായത്.
സ്വന്തം പേരില്‍ രാഷ്ട്രീയ പ്രസ്താവന അച്ചടിച്ചിറക്കിയ ഒരാള്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ മുഖ്യ ചുമതലയിലിരിക്കുന്നത് ദോഷം ചെയ്യുമെന്നും അങ്ങനെ പരസ്യപ്രസ്താവന നടത്തിയ ഒരാളെ ആ പദവിയില്‍ നിന്ന് മാറ്റണമെന്നുമായിരുന്നു ബിജെപിയുടെ പരാതിയിലുണ്ടായിരുന്നത്. പരാതി പരിഗണിച്ച തിരഞ്ഞെടുപ്പ് കമ്മീഷനും പെരുമാറ്റ ചട്ട ചുമതലയുള്ള അസിസ്റ്റന്റ് കലക്ടറും അശോക് കുമാറിന്റെ വാദം കേട്ടിരുന്നു. ഈ വാദം തള്ളിയാണ് പ്രിസൈഡിങ് ഓഫീസര്‍ സ്ഥാനത്ത് നിന്നും അദ്ദേഹത്തെ ഇപ്പോള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നീക്കം ചെയ്തത്.
നേരത്തെ കണ്ണാടി എന്ന പേരില്‍ കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ സെക്രട്ടറിയുടെ പേരില്‍ ഒരു ലഘുലേഖ വിതരണം ചെയ്തത് വിവാദമായിരുന്നു. തിരഞ്ഞെടുപ്പുമായും രാഷ്ട്രീയമായും ബന്ധപ്പെട്ടുള്ള ചില ആരോപണങ്ങളും പ്രസ്താവനകളും ലഘുലേഖയിലുണ്ടായിരുന്നു. എന്നാല്‍ പെരുമാറ്റ ചട്ടം നിലവില്‍ വരുന്നതിന് മുമ്പാണ് കേരള സെക്രട്ടറിയേറ്റ് എംപ്ലോയിസ് അസോസിയേഷന്‍ സെക്രട്ടറിയുടെ പേരില്‍ ലഘുലേഖ പുറത്തിറങ്ങിയത് എന്നായിരുന്നു അശോക് കുമാറിന്റെ വാദം.