ഡല്‍ഹി: ഹരിയാന തിരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നെന്ന കോണ്‍ഗ്രസിന്റെ വാദം അടിസ്ഥാനരഹിതമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. തിരഞ്ഞെടുപ്പിന്റെ ഓരോ ഘട്ടവും ജനാധിപത്യപരമായും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ സാന്നിധ്യത്തിലുമാണ് പൂര്‍ത്തിയാക്കിയിരിക്കുന്നതെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. വോട്ടിങ് യന്ത്രങ്ങളില്‍ പൊരുത്തക്കേടുണ്ടെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് കമ്മിഷന്‍ പറഞ്ഞു. അടിസ്ഥാന രഹിതവും സെന്‍സേഷണലുമായ പരാതികള്‍ ഉയര്‍ത്തുന്നതില്‍നിന്ന് വിട്ടുനില്‍ക്കണമെന്ന് എ.ഐ.സി.സി. അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെക്ക് അയച്ച കത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ആവശ്യപ്പെട്ടു.
ഹരിയാണ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളില്‍ ക്രമക്കേടുണ്ടെന്ന കോണ്‍ഗ്രസിന്റെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ കമ്മിഷന്‍ തള്ളിക്കളയുന്നു. ഇത്തരം ആരോപണങ്ങള്‍ ഒരു ദേശീയ പാര്‍ട്ടിയില്‍നിന്ന് പ്രതീക്ഷിക്കാത്തതാണ്. ഫലം എതിരാവുമ്പോള്‍ പൊതുവായ സംശയങ്ങള്‍ എന്ന പേരില്‍ ജനവിധിയെ ചോദ്യംചെയ്യുന്ന പ്രവണതയില്‍നിന്ന് വിട്ടുനില്‍ക്കണണെമെന്നും കമ്മിഷന്‍ ആവശ്യപ്പെട്ടു.
ഒക്ടോബര്‍ അഞ്ചിന് നടന്ന ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പില്‍ എട്ടിനായിരുന്നു വോട്ടെണ്ണല്‍. 90 അംഗ നിയമസഭയില്‍ 48 സീറ്റുകളുമായി ബി.ജെ.പി. മൂന്നാം തവണയും അധികാരത്തില്‍ തിരിച്ചെത്തിയിരുന്നു. അതേസമയം, താഴെത്തട്ടിലുണ്ടായിരുന്ന ജനവികാരത്തിന് വിരുദ്ധമായ ഫലം അംഗീരിക്കില്ലെന്നായിരുന്നു കോണ്‍ഗ്രസിന്റെ പ്രതികരണം. ക്രമക്കേട് ആരോപിച്ച് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിരുന്നു.