തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചില്ല ; ബിജെപിയുടെ തന്ത്രമെന്ന് കോൺഗ്രസ്

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചില്ല ; ബിജെപിയുടെ തന്ത്രമെന്ന് കോൺഗ്രസ്
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചില്ല ; ബിജെപിയുടെ തന്ത്രമെന്ന് കോൺഗ്രസ്

മുംബൈ: തെരഞ്ഞെടുപ്പ് കമ്മീഷൻ ഹരിയാനക്കൊപ്പം മഹാരാഷ്ട്രയിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാത്തതിന് പിന്നിൽ ബിജെപിയെന്ന ആരോപണവുമായി കോൺഗ്രസ്. ഭരണകക്ഷിയായ ബിജെപി അടങ്ങുന്ന മഹായുതി മുന്നണിയെ സഹായിക്കാനുള്ള നീക്കമെന്നാണ് ആരോപണം. ദീപാവലിക്ക് മുൻപ് തെരഞ്ഞെടുപ്പ് നടക്കുമെന്ന പ്രതീക്ഷയിൽ ഇരുമുന്നണികളും പ്രചരണം തുടങ്ങികഴിഞ്ഞു.

2019തിൽ മഹാരാഷ്ട്ര – ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പുകൾ ഒരുമിച്ചാണ് നടന്നത്. ഇത്തവണയും അങ്ങനെയാകുമെന്നായിരുന്നു പ്രതീക്ഷ. പക്ഷെ പ്രഖ്യാപനം ഉണ്ടായില്ല. ചില സൗജന്യങ്ങൾ ജനങ്ങൾക്ക് നൽകി സ്വാധീനിക്കാൻ ഷിൻഡെക്കും കൂട്ടർക്കും അവസരം നൽകാനാണ് ഇതുവഴി തെരഞ്ഞെടുപ്പ് കമ്മീഷൻ ശ്രമിക്കുന്നതെന്ന് കോൺ‌ഗ്രസ് ആരോപിച്ചു. ഇക്കാര്യം തെരഞ്ഞെടുപ്പിൽ പ്രധാന വിഷയമാക്കാൻ ഒരുങ്ങുകയാണ് മഹാവികാസ് അഗാഡി.

സ്ത്രീകൾക്ക് പ്രതിമാസം 1500 രൂപ അടക്കമുള്ള ക്ഷേമ പദ്ധതികൾ ഏക്നാഥ് ഷിൻഡെ സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. ഇത് നടപ്പിലാക്കി തുടങ്ങിയപ്പോഴുള്ള ഭയമാണ് ആരോപണത്തിന് കാരണമെന്ന് ബിജെപിയും തിരിച്ചടിക്കുന്നു. 288 അംഗ നിയമസഭയിൽ 202 അംഗങ്ങളുടെ പിന്തുണയാണ് നിലവിൽ മഹായുതി മുന്നണിക്കുള്ളത്. ബിജെപിയും ശിവസേന ഏക്നാഥ് ഷിൻഡെ വിഭാഗവും എൻസിപി അജിത് പവാർ വിഭാഗവും ചേർന്നതാണ് മഹായുതി മുന്നണി. പ്രതിപക്ഷമായ മഹാവികാസ് അഗാഡിക്ക് 69 സീറ്റുകളാണുള്ളത്. കോൺഗ്രസ്, ശിവസേന ഉദ്ധവ് താക്കറെ വിഭാഗം, എൻസിപി ശരത് പവാര‍് വിഭാഗം എന്നിവരാണ് മഹാവികാസ് അഗാഡിയിലുള്ളത്. ലോക് സഭാ തെരഞ്ഞെടുപ്പിൽ മഹാവികാസ് അഗാ‍ഡി 75 ശതമാനം സീറ്റ് നേടി ചിത്രം മാറ്റി.

ദീപാവലിക്ക് മുൻപേ തെരഞ്ഞെടുപ്പുണ്ടാകുമെന്നാണ് ഇരു മുന്നണികളുടെയും ഇപ്പോഴത്തെ പ്രതീക്ഷ. അതുകൊണ്ടുതന്നെ മിക്കയിടത്തും പ്രാഥമിക തെരഞ്ഞെടുപ്പ് പ്രചരണങ്ങൾ തു‍‍ടങ്ങികഴിഞ്ഞു.

ജമ്മു കശ്മീരിലെയും ഹരിയാനയിലെയും നിയമസഭ തെരഞ്ഞെടുപ്പ് തീയതികളാണ് ഇന്നലെ പ്രഖ്യാപിച്ചത്. മൂന്നു ഘട്ടങ്ങളിലായിട്ടാണ് ജമ്മു കശ്മീരിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുക. ഒന്നാം ഘട്ടം സെപ്റ്റംബർ 18നും രണ്ടാം ഘട്ടം സെപ്റ്റംബർ 25നും മൂന്നാം ഘട്ടം ഒക്ടോബർ ഒന്നിനും നടക്കും. ഒക്ടോബർ നാലിനാണ് ജമ്മു കശ്മീരിലെ വോട്ടെണ്ണൽ. ഹരിയാനയിൽ ഒക്ടോബർ ഒന്നിന് ഒറ്റ ഘട്ടമായിട്ടാണ് വോട്ടെടുപ്പ് നടക്കുക. ഒക്ടോബർ നാലിന് തന്നെയാണ് ഹരിയാനയിലെയും വോട്ടെണ്ണൽ.

Top