ഉയരപ്പാതക്ക് ഇനിയും സ്ഥലം വേണ്ടി വരും

ത്രീഡി നോട്ടിഫിക്കേഷന്‍ വന്നുകഴിഞ്ഞാല്‍ സ്ഥലത്തിന്റെ വില നിശ്ചയിക്കും.

ഉയരപ്പാതക്ക് ഇനിയും സ്ഥലം വേണ്ടി വരും
ഉയരപ്പാതക്ക് ഇനിയും സ്ഥലം വേണ്ടി വരും

അരൂര്‍: തുറവൂര്‍-അരൂര്‍ ഉയരപ്പാത നിര്‍മാണത്തിന് റാമ്പുകള്‍ നിര്‍മിക്കുന്നതിനായി സ്ഥലം ഏറ്റെടുക്കല്‍ നടപടി അവസാന ഘട്ടത്തില്‍. കുത്തിയതോട്, എഴുപുന്ന, കോടംതുരുത്ത്, അരൂര്‍ വില്ലേജുകളില്‍ 92 സര്‍വേകളിലായി 177 സെന്റ് സ്ഥലമാണ് നിലവില്‍ ഏറ്റെടുത്തിരിക്കുന്നത്.

ഇനിയും സ്ഥലം ഏറ്റെടുക്കാനുണ്ട്. തുറവൂര്‍, കുത്തിയതോട്, ചന്തിരൂര്‍,അരൂര്‍ ബൈപ്പാസ് കവല എന്നിവിടങ്ങളിലാണ് റാമ്പുകള്‍ നിര്‍മ്മിക്കുന്നത്. സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ഏപ്രില്‍ മാസം നോട്ടിഫിക്കേഷന്‍ വന്നിരുന്നു.ദേശീയപാത വിഭാഗത്തിനുവേണ്ടി സ്ഥലം ഏറ്റെടുക്കല്‍ വിഭാഗമാണ് അളന്ന് തിട്ടപ്പെടുത്തുന്ന ജോലി പൂര്‍ത്തീകരിക്കുന്നത്. ഇനി ത്രീഡി നോട്ടിഫിക്കേഷന്‍ വന്നുകഴിഞ്ഞാല്‍ സ്ഥലത്തിന്റെ വില നിശ്ചയിക്കും.

സ്ഥലത്തിന്റേത് റവന്യൂ വിഭാഗവും കെട്ടിടങ്ങളുടെത് പൊതുമരാമത്തും കൃഷിസ്ഥലം ഏറ്റെടുക്കുന്നുണ്ടെങ്കില്‍ കൃഷിവകുപ്പും മരങ്ങളുടേത് വനം വകുപ്പുമാണ് വില നിശ്ചയിക്കുന്നത്. എത്രയും പെട്ടെന്ന് സ്ഥലം ഏറ്റെടുത്ത് കൈമാറണമെന്ന് ആവശ്യപ്പെട്ട് ദേശീയപാത വിഭാഗം ഭൂമി ഏറ്റെടുക്കുന്ന ദേശീയപാത വിഭാഗത്തിന് കഴിഞ്ഞദിവസം നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതു പ്രകാരമാണ് ഏറ്റെടുത്ത സ്ഥലത്തിന്റെ നോട്ടിഫിക്കേഷന്‍ പൂര്‍ത്തിയാക്കി, അടിയന്തിരമായി ത്രീഡി തയ്യാറാക്കി സ്ഥലം ഉടമകള്‍ക്ക് പണം കൈമാറാനുള്ള നടപടി ആരംഭിച്ചത്. കുത്തിയതോട് പാലത്തിന്റെ തെക്കുവശവും ചന്തിരൂര്‍, തുറവൂര്‍,അരൂര്‍ എന്നിവിടങ്ങളിലും റാമ്പും എരമല്ലൂരില്‍ ടോള്‍ പ്ലാസയുമാണ് നിര്‍മ്മിക്കുന്നത്. അരൂര്‍-തുറവൂര്‍ ഉയരപ്പാത നിര്‍മ്മാണം 12.75 കിലോമീറ്റര്‍ ആറുവരിപ്പാത ഒരുങ്ങുന്നത് 1668 കോടി രൂപ മുടക്കിയാണ്. പദ്ധതിയുടെ 30ശതമാനം ജോലികളും പൂര്‍ത്തിയായതായി കരാര്‍ കമ്പനി അധികൃതര്‍ പറഞ്ഞു.

Top