പുതിയ മാരുതി സുസുക്കി ഡിസയര്‍ വരുന്നു. ഒരു ഇന്‍സ്റ്റഗ്രാം പേജിലുടെയാണ് പുത്തന്‍ ഡിസയറിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിരിക്കുന്നത്. നവംബര്‍ 11ന് ഔദ്യോഗികമായി പുറത്തിറങ്ങും. രണ്ട് മാരുതി ഡിസയറുകള്‍ ഒരു ട്രെയിലറില്‍ നിന്നും പുറത്തെത്തിച്ച് നിര്‍ത്തിയിട്ടിരിക്കുന്നതും അടുത്തുള്ള ഡീലര്‍ഷിപ്പിലേക്ക് ഓടിച്ചു പോവുന്നതും പുറത്ത് വന്ന വിഡിയോയിൽ കാണാം.
ഡീപ് ഗ്രേ, ഡീപ് റെഡ് നിറങ്ങളിലുള്ള ഡിസയറുകളാണ് വിഡിയോയിലുള്ളത്. വാഹനത്തിന്റെ എക്സ്റ്റീരിയര്‍ സവിശേഷതകള്‍ വ്യക്തമായി മനസിലാക്കാന്‍ വിഡിയോ വഴി സാധിക്കും. ഡിസൈനില്‍ വലിയ മാറ്റമാണ് ഡിസയറില്‍ മാരുതി സുസുക്കി വരുത്തിയിരിക്കുന്നതെന്ന് വ്യക്തം. സ്വിഫ്റ്റിന്റെ സെഡാന്‍ വകഭേദമെന്ന മുന്‍ ഡിസയറുകളേക്കാള്‍ തനതായ വ്യക്തിത്വം നല്‍കുന്ന ഡിസൈനാണ് ഡിസയറിന് ഇത്തവണ നല്‍കിയിരിക്കുന്നത്.
Also Read: മഹീന്ദ്രയുടെ ബോണ്‍ ഇലക്ട്രിക് എസ്യുവി ഉടന്‍ വരുന്നു: ഏറ്റവും പുതിയ വിവരങ്ങള്‍ ഇതാ….
മുന്‍തലമുറ ഡിസയറുകളെ അപേക്ഷിച്ച് ടെയില്‍ ലാംപ് ഡിസൈനില്‍ വ്യത്യാസമുണ്ട്. വാഹനത്തിന് പ്രീമിയം ലുക്ക് നല്‍കുന്നതില്‍ മാരുതി വിജയിച്ചുവെന്ന് ഒറ്റ നോട്ടത്തില്‍ പറയാനാകും. വലിയ മുന്‍ ഗ്രില്ലും ഹെഡ്‌ലാംപുകള്‍ വരെ നീളുന്ന ക്രോം സ്ട്രിപ്പും നല്‍കിയിരിക്കുന്നു. ഇന്‍ഡിക്കേറ്ററുകള്‍ ഹെഡ്‌ലാംപുകള്‍ക്ക് അടിയിലായാണ് നല്‍കിയിട്ടുള്ളത്. ബംപറില്‍ എല്‍ഇഡി ഫോഗ് ലാംപുമുണ്ട്.
അതേസമയം വിഡിയോ പുറത്തുവന്നത് ടോപ് എന്‍ഡ് വകഭേദത്തിന്റെയാവാനുള്ള സാധ്യത കുറവാണ്. ഇലക്ട്രിക് സണ്‍റൂഫ് ഫീച്ചര്‍ വിഡിയോ പുറത്തുവന്ന ഡിസയറില്‍ കാണാനില്ലെന്നതും ശ്രദ്ധേയമാണ്. അലോയ് വീലുകളും ഒആര്‍വിഎമ്മുമായി ബന്ധിപ്പിച്ചിട്ടുള്ള ടേണ്‍ ഇന്‍ഡിക്കേറ്ററുകളും ബെയ്ജ് കളേഡ് ഇന്റീരിയേഴ്‌സും മാരുതി ഡിസയറിലുണ്ട്. താഴ്ന്ന വകഭേദങ്ങളില്‍ തുണികൊണ്ടുള്ള അപ്പോള്‍സ്ട്രിയാണെങ്കില്‍ ഉയര്‍ന്ന വകഭേദങ്ങളില്‍ ലെതര്‍ അപ്പോള്‍സ്ട്രിക്കാണ് സാധ്യത.
Also Read: ലംബോര്‍ഗിനി ഫ്രീ ആയോ?
ഹോണ്ട അമേയ്‌സ്, ഹ്യുണ്ടേയ് ഓറ, ടാറ്റ ടിഗോര്‍ എന്നീ മോഡലുകളോടാണ് നവംബര്‍ 11ന് പുറത്തിറങ്ങുന്ന മാരുതി സുസുക്കി ഡിസയര്‍ മത്സരിക്കുക. 80 എച്ച്പി കരുത്തും പരമാവധി 112 എന്‍എം ടോര്‍ക്കും ഈ എന്‍ജിന്‍ പുറത്തെടുക്കും. ആദ്യഘട്ടത്തില്‍ പെട്രോളെങ്കില്‍ പിന്നീട് സിഎന്‍ജി എന്‍ജിനും ഡിസയറിന് ലഭിക്കും.