തിരുവനന്തപുരം: മാസപ്പടി ആരോപണത്തില്‍ അന്വേഷണമില്ലെന്ന വിജിലന്‍സ് കോടതി വിധി കുഴല്‍നാടന്റെയും പ്രതിപക്ഷത്തിന്റെയും നുണ പ്രചരണത്തിനേറ്റ തിരിച്ചടിയെന്ന് ഇപി ജയരാജന്‍ പറഞ്ഞു. മുഖ്യമന്ത്രിയേയും മകളേയും ക്രൂരമായി വേട്ടയാടി. കുഴല്‍നാടന് വിവരം ഉണ്ടെന്നായിരുന്നു കരുതിയത്. തെളിവിന്റെ കണിക പോലും ഹാജരാക്കാനായില്ല. കോണ്‍ഗ്രസില്‍ നിന്ന് കുഴല്‍നാടന്‍ ഒറ്റപ്പെട്ടു. വി ഡി സതീശനേക്കാള്‍ വലിയവാനാകാന്‍ ശ്രമിച്ചു. കവല പ്രസംഗം കോടതിയില്‍ തെളിവാകില്ല. ഒരു കടലാസ് പോലും കോടതിയില്‍ കൊടുക്കാനുണ്ടായില്ല. ശല്യക്കാരനായ വ്യവഹാരിയായി കുഴല്‍നാടന്‍. എംഎല്‍എ സ്ഥാനം അദ്ദേഹം രാജി വയ്ക്കണം. നിയമസഭാ പ്രസംഗത്തിന്റെ പേരില്‍ ജനങ്ങളോട് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുടെ യാത്രയെക്കുറിച്ച് എന്തിനാണ് വിവാദം ഉണ്ടാക്കുന്നതെന്നും ഇപി ചോദിച്ചു. നിയമലംഘനമോ ചട്ടലംഘനമോ മുഖ്യമന്ത്രി നടത്തിയിട്ടില്ല. യാത്രയെക്കുറിച്ച് പാര്‍ട്ടി അറിഞ്ഞിരുന്നു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയോട് സംസാരിച്ചിരുന്നു. ഞങ്ങളെ കുറിച്ച് ഞങ്ങള്‍ തീരുമാനിക്കാം. നിങ്ങളെന്തിനാ തീരുമാനിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു
യാത്രയുടെ ചെലവ് ആരാണ് വഹിക്കുന്നതെന്ന് ചോദ്യത്തിന്, നിങ്ങള്‍ ചെലവ് കൊടുക്കുമോയെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഞങ്ങള്‍ എവിടെയൊക്കെ പോകണം എവിടെയൊക്കെ പ്രസംഗിക്കണമെന്ന് ഞങ്ങള്‍ തീരുമാനിക്കും. അതിനുള്ള അവകാശം ആര്‍ക്കും വിട്ടുകൊടുത്തിട്ടില്ല. അതില്‍ മാധ്യമങ്ങള്‍ വിഷമിക്കേണ്ടെന്നും ഇപി ജയരാജന്‍ പറഞ്ഞു.