ഇപിയെ ഇപ്പോൾ സ്വന്തം പാർട്ടി തന്നെയാണ് വധിച്ചിരിക്കുന്നത്: ചെറിയാൻ ഫിലിപ്പ്

കേരളത്തിൽ പിണറായി വിജയൻ കഴിഞ്ഞാൽ സിപിഐഎമ്മിലെ ഏറ്റവും സീനിയറായ നേതാവാണ്

ഇപിയെ ഇപ്പോൾ സ്വന്തം പാർട്ടി തന്നെയാണ് വധിച്ചിരിക്കുന്നത്: ചെറിയാൻ ഫിലിപ്പ്
ഇപിയെ ഇപ്പോൾ സ്വന്തം പാർട്ടി തന്നെയാണ് വധിച്ചിരിക്കുന്നത്: ചെറിയാൻ ഫിലിപ്പ്

തിരുവനന്തപുരം: സിപിഐഎമ്മിലെ കൊട്ടാര വിപ്ലവത്തിൽ മുതിർന്ന നേതാവ് ഇ പി ജയരാജൻ വധിക്കപ്പെട്ടുവെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. എം വി രാഘവനും കെ ആർ ഗൗരിയമ്മയ്ക്കും ശേഷം സിപിഐഎം പുകച്ചു പുറത്താക്കുന്ന ഉന്നതനാണ് ഇ പി ജയരാജനെന്നും ചെറിയാൻ ഫിലിപ്പ് ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.

ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണരൂപം:

ഡിവൈഎഫ്ഐ യുടെ പ്രഥമ അഖിലേന്ത്യാ പ്രസിഡന്റായ ഇപി ജയരാജൻ കേരളത്തിൽ പിണറായി വിജയൻ കഴിഞ്ഞാൽ സിപിഐഎമ്മിലെ ഏറ്റവും സീനിയറായ നേതാവാണ്. പ്രതിയോഗികളുടെ വധശ്രമത്തിൽ നിന്നും കഷ്ടിച്ചു രക്ഷപ്പെടുകയും ചികിത്സ തുടരുകയും ചെയ്യുന്ന ഇപിയെ ഇപ്പോൾ സ്വന്തം പാർട്ടി തന്നെയാണ് വധിച്ചിരിക്കുന്നത്. തന്നേക്കാൾ ജൂനിയറായ കോടിയേരി ബാലകൃഷ്ണൻ, എ വിജയരാഘവൻ ,എം വി ഗോവിന്ദൻ എന്നിവരെ പാർട്ടി സെക്രട്ടറിയാക്കിയപ്പോൾ മുതൽ പ്രണിത ഹൃദയനായിരുന്ന ഇ പി ജയരാജന്റെ ഹൃദയത്തിലാണ് പാർട്ടി ഇപ്പോൾ കത്തിയിറക്കിയിരിക്കുന്നത്’ എന്നും ചെറിയാൻ ഫിലിപ്പ് കുറിച്ചു

തന്നെക്കാൾ പാരമ്പര്യമോ ത്യാഗമോ ഇല്ലാത്ത എംഎ ബേബി, എ വിജയരാഘവൻ ,എംവി ഗോവിന്ദൻ എന്നിവരെ പോളിറ്റ്ബ്യൂറോ അംഗമാക്കിയപ്പോഴും ഇപി ജയരാജൻ തഴയപ്പെടുകയാണുണ്ടായത് എന്നും അദ്ദേഹം കുറിച്ചു.

ബിജെപി നേതാക്കളുമായുള്ള കൂടിക്കാഴ്ച്ച വിവാദത്തിലാണ് ഇപി ജയരാജനെ എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്നും നീക്കിയത്. ഇന്നത്തെ സിപിഐഎം സംസ്ഥാന സമിതി യോഗത്തില്‍ ഇ പി പങ്കെടുത്തിരുന്നില്ല. ഇ പി ജയരാജന്‍ പ്രകാശ് ജാവദേക്കറുമായി നടത്തിയ കൂടിക്കാഴ്ച്ചയില്‍ മുന്നണിക്കുള്ളില്‍ നിന്നും കടുത്ത അതൃപ്തി ഉയര്‍ന്നിരുന്നു. ഇ പി നേരത്തെ കണ്ണൂരിലെ വീട്ടിലേക്കെത്തിയെങ്കിലും വിഷയത്തിൽ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നില്ല.

വിശദാംശങ്ങൾ ചുവടെ:

പ്രകാശ് ജവദേക്കർ ഇ പി ജയരാജൻ കൂടിക്കാഴ്ച തിരഞ്ഞെടുപ്പ് സമയത്ത് വിവാദമായിരുന്നു. ദല്ലാൾ നന്ദകുമാറും ശോഭാ സുരേന്ദ്രനുമായിരുന്നു ഇ പി ജയരാജൻ-പ്രകാശ് ജാവദേക്കർ കൂടിക്കാഴ്ചയെക്കുറിച്ച് വെളിപ്പെടുത്തിയത്. തിരഞ്ഞെടുപ്പ് ദിവസം രാവിലെ വോട്ട് ചെയ്തിറങ്ങിയ ഇ പി ജയരാജൻ ജാവദേക്കറെ കണ്ടെന്ന് സമ്മതിച്ചിരുന്നു. തൻ്റെ മകന്റെ വീട്ടില്‍ വന്ന് ജാവദേക്കര്‍ കണ്ടിരുന്നുവെന്ന് ജയരാജൻ സമ്മതിക്കുകയായിരുന്നു.

ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ച്ചയില്‍ ഇ പി ജയരാജനെ നേരത്തെ സിപിഐഎം ന്യായീകരിച്ചിരുന്നു. ഇ പി ജയരാജനെതിരെ ആസൂത്രിത നീക്കമാണ് നടക്കുന്നതെന്നായിരുന്നു സിപിഐംഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ വ്യക്തമാക്കിയിരുന്നത്. അതേ സമയം ഇന്നത്തെ സംസ്ഥാന സമിതിയില്‍ വിഷയം ചര്‍ച്ച ചെയ്യാനിരിക്കെ സ്ഥാനം ഒഴിയാന്‍ ഇപി ജയരാജന് സന്നദ്ധത അറിയിച്ചിരുന്നു.

Top