ഇതുവരെ ലോകം കണ്ടതിൽ വെച്ച് ഏറ്റവും ചൂടേറിയ വർഷമെന്ന ചരിത്രത്തിലേക്കാണ് വർഷം അവസാനിക്കാനാവുമ്പോൾ 2024 കടക്കുന്നത്.
ആഗോള ശരാശരി താപനില എക്കാലത്തെയും അപേക്ഷിച്ച് ഇത്തവണ 1.5 ഡിഗ്രി സെല്‍ഷ്യസിലധികം (2.7 ഡിഗ്രി ഫാരന്‍ഹീറ്റ്) എത്തിയെന്ന് യൂറോപ്യന്‍ കാലാവസ്ഥ ഏജന്‍സിയായ ‘കോപ്പര്‍നിക്കസ്’ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. എല്‍ നിനോ കാലാവസ്ഥാ പാറ്റേണ്‍ പോലുള്ള സ്വാഭാവിക ഘടകങ്ങള്‍ കൂടാതെ, ഉയര്‍ന്ന താപനിലയ്ക്ക് പിന്നില്‍ പ്രധാനമായും മനുഷ്യനുണ്ടാക്കുന്ന കാലാവസ്ഥാ വ്യതിയാനമാണെന്നാണ് യൂറോപ്യന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്.
‘ഈ ഏറ്റവും പുതിയ റെക്കോര്‍ഡ് യുഎന്‍ കാലാവസ്ഥ സമ്മേളനത്തില്‍ വിവിധ രാജ്യങ്ങള്‍ക്ക് കൂടുതല്‍ താപനം പരിമിതപ്പെടുത്തുന്നതിനുള്ള അടിയന്തര നടപടിയുടെ ആവശ്യകതയെക്കുറിച്ചുള്ള മുന്നറിയിപ്പ് നല്‍കി. 2024-ലെ ആദ്യ 10 മാസങ്ങളിലുള്ള ആഗോള താപനില വളരെ ഉയര്‍ന്നതാണ്. ശെരിക്കും, യൂറോപ്യന്‍ കോപ്പര്‍നിക്കസ് കാലാവസ്ഥാ വ്യതിയാന സേവനത്തില്‍ നിന്നുള്ള ഡാറ്റ അനുസരിച്ച്, വ്യാവസായിക ലോകത്തിന് മുമ്പുള്ള സമയത്തേക്കാള്‍ 2024ൽ കുറഞ്ഞത് 1.55 ഡിഗ്രി സെല്‍ഷ്യസ് ചൂട് വര്‍ധിച്ചതായാണ് പറയുന്നത്. ‘പ്രീ-ഇന്‍ഡസ്ട്രിയല്‍’ എന്നത് 1850-1900 ലെ ബെഞ്ച്മാര്‍ക്ക് കാലഘട്ടത്തെ സൂചിപ്പിക്കുന്നു, ഇത് മനുഷ്യര്‍ ഗ്രഹത്തെ ഗണ്യമായി ചൂടാക്കാന്‍ തുടങ്ങുന്നതിന് മുമ്പുള്ള സമയത്തിന് തുല്യമാണ്. 2015 ലെ പാരീസ് കാലാവസ്ഥാ ഉടമ്പടി പ്രകാരം 200 ഓളം രാജ്യങ്ങള്‍ ദീര്‍ഘകാലമായ നിലനില്‍ക്കുന്ന താപനില വര്‍ധനവ് കുറച്ചുകൊണ്ടുവരാന്‍ ശ്രമിക്കുമെന്ന് പ്രതിജ്ഞയെടുത്തു.
2024-ന്റെ തുടക്കത്തില്‍ പ്രകൃതിദത്തമായ എല്‍ നിനോ കാലാവസ്ഥാ പാറ്റേണാണ് ചൂട് വര്‍ധിക്കാനുള്ള പ്രധാന കാരണം. കിഴക്കന്‍ ഉഷ്ണമേഖലാ പസഫിക് സമുദ്രത്തിലെ ഉപരിതല ജലം സാധാരണയേക്കാള്‍ ചൂടാണ്, ഇത് അന്തരീക്ഷത്തിലേക്ക് അധിക താപം പുറപ്പെടുവിക്കുന്നു. ഈ ഏറ്റവും പുതിയ എല്‍ നിനോ ഘട്ടം 2023-ന്റെ മധ്യത്തില്‍ ആരംഭിച്ച് ഏകദേശം 2024 ഏപ്രിലില്‍ അവസാനിച്ചു, പക്ഷേ അന്നുമുതല്‍ താപനില വളരെ ഉയര്‍ന്ന നിലയിലാണ്. അമേരിക്ക, യൂറോപ്പ്, റഷ്യ തുടങ്ങിയവയുടെ ഒട്ടു മിക്ക ഭാഗങ്ങളിലും ഇക്കഴിഞ്ഞ ജൂണില്‍ ഉഷ്ണതരംഗം ആഞ്ഞടിച്ചിരുന്നു. ഇതുവരെ ഉണ്ടായിരുന്ന പ്രതിദിന ശരാശരി താപനിലയുടെ റെക്കോര്‍ഡ് ജൂലൈ മാസത്തില്‍ തകര്‍ന്നതായി കോപ്പര്‍നിക്കസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഫോസ്സില്‍ ഇന്ധനങ്ങളുടെ അമിത ഉപയോഗം മൂലം ഉത്തരാര്‍ദ്ധ ഗോളത്തില്‍ ചൂട് വര്‍ധിക്കുന്നതിന്റെ ഫലമായ കാലാവസ്ഥാ വ്യതിയാനത്തിന്റെ സൂചനയാണിത്.
2023 ജൂണ്‍ മുതല്‍ തുടര്‍ച്ചയായ 13 മാസങ്ങളിലും ഓരോ മാസവും ലോകത്തിലെ ഏറ്റവും താപനില കൂടിയ മാസമായി റെക്കോര്‍ഡില്‍ ഇടം പിടിച്ചിട്ടുണ്ട്. ഓരോ മാസവും, മുന്‍ വര്‍ഷം അതാത് മാസങ്ങളില്‍ ഉണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ താപനിലയാണ് അനുഭവപ്പെടുന്നത് എന്ന് കോപ്പര്‍നിക്കസ് പറയുന്നു. രേഖകള്‍ സൂക്ഷിക്കാന്‍ തുടങ്ങിയതില്‍ പിന്നെ ഏറ്റവും ചൂടേറിയ വര്‍ഷമായി രേഖപ്പെടുത്തിയ 2023 നെ 2024 മറികടന്നുകഴിഞ്ഞു. അതേസമയം, എല്‍നിനോയുടെ വിപരീത ഘട്ടമായ ലാ നിന ഉടന്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ പറയുന്നു. ലാ നിന ഉണ്ടായാല്‍ 2025ല്‍ ആഗോള താപനിലയില്‍ താത്കാലികമായ ഇടിവിന് കാരണമാകും, എന്നിരുന്നാലും ഇത് കൃത്യമായി എങ്ങനെ പ്രവര്‍ത്തിക്കുമെന്ന് ഉറപ്പില്ലെന്നും ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടി.
അന്തരീക്ഷത്തിലെ ഹരിതഗൃഹ വാതകങ്ങളുടെ അളവ് ഇപ്പോഴും അതിവേഗം ഉയരുന്നതിനാല്‍, ഉയര്‍ന്ന ചൂട് സംബന്ധിച്ച് പുതിയ റെക്കോര്‍ഡുകള്‍ സ്ഥാപിക്കുന്നതിന് കുറച്ച് സമയമേയുള്ളൂ എന്ന് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കി. ചൂടുള്ള താപനില കൊടുങ്കാറ്റുകളെ കൂടുതല്‍ തീവ്രമാക്കുന്നു, ഉഷ്ണതരംഗങ്ങള്‍ ചൂടുള്ളതും കനത്ത മഴ കൂടുതല്‍ തീവ്രവുമാണ്, ലോകമെമ്പാടുമുള്ള ആളുകള്‍ക്ക് അതിന്റെ പ്രത്യാഘാതങ്ങള്‍ അനുഭവിച്ച് വരികയാണ്. സ്ലൊവാക്യ, റൊമാനിയ, ക്രൊയേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍, തീവ്രമായ ഉഷ്ണതരംഗം വ്യാപകമായ വരള്‍ച്ചയിലേക്ക് നയിച്ചപ്പോൾ, വടക്കുകിഴക്കന്‍ ക്രൊയേഷ്യയില്‍, രണ്ട് മാസത്തെ മഴയില്ലാത്ത സാഹചര്യം കാര്‍ഷിക നഷ്ടത്തിന് കാരണമായി, വിളകളുടെ വിളവ് 30% മുതല്‍ 40% വരെ കുറഞ്ഞു. തീവ്രമായ കാലാവസ്ഥ കാരണം ഓസ്ട്രിയയിലും വിളനാശം റിപ്പോര്‍ട്ട് ചെയ്തു.
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് കാര്‍ലോസ് III പ്രകാരം, ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ 2,000-ത്തിലധികം ചൂടുമായി ബന്ധപ്പെട്ട മരണങ്ങള്‍ സ്‌പെയിനില്‍ രേഖപ്പെടുത്തി. ബാഴ്സലോണ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഗ്ലോബല്‍ ഹെല്‍ത്ത് നടത്തിയ പഠനത്തില്‍ കഴിഞ്ഞ വേനല്‍ക്കാലത്ത് യൂറോപ്പിലുടനീളം 47,000-ത്തിലധികം ആളുകള്‍ കടുത്ത ചൂടില്‍ മരിച്ചതായി കണക്കാക്കുന്നു. 2022ന് ശേഷം ചൂടുമായി ബന്ധപ്പെട്ട മരണങ്ങളുടെ രണ്ടാമത്തെ ഏറ്റവും മാരകമായ വര്‍ഷമാണിത്. യൂറോപ്പിലെ തീവ്രമായ കാലാവസ്ഥ ആഗോളതാപന പ്രവണതകളുടെ പ്രതിഫലനമാണ്. C3S-ന്റെ ഡാറ്റ കാണിക്കുന്നത് 2024 ഓഗസ്റ്റ് ആഗോളതലത്തില്‍ ഏറ്റവും ചൂടേറിയ ഓഗസ്റ്റായി മാറി. ഉപരിതല വായുവിന്റെ ശരാശരി താപനില 16.82 ഡിഗ്രി സെല്‍ഷ്യസില്‍ എത്തി, 1991 മുതല്‍ 2020 വരെയുള്ള ശരാശരിയേക്കാള്‍ 0.71 ഡിഗ്രി സെല്‍ഷ്യസ് കൂടുതലാണിത്. കഴിഞ്ഞ 14 മാസത്തിനിടെ 13-ാം തവണയാണ് ആഗോള താപനില പാരീസ് ഉടമ്പടി നിശ്ചയിച്ചിരിക്കുന്ന നിര്‍ണായക പരിധി മറികടക്കുന്നത്.