തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകളുടെ മൂല്യനിര്‍ണയം ഇന്ന് ആരംഭിക്കും. എസ്എസ്എല്‍സി പരീക്ഷാ മൂല്യനിര്‍ണയത്തിനായി 70 ക്യാമ്പുകളും, ഹയര്‍സെക്കന്ററിക്കായി 77 ക്യാമ്പുകളുമാണ് സജ്ജീകരിച്ചിരിക്കുന്നത്. മെയ് ആദ്യ വാരത്തോടെ ഫലപ്രഖ്യാപനം നടത്താണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ലക്ഷ്യം.
കഴിഞ്ഞ മാസം അവസാന വാരമാണ് എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ അവസാനിച്ചത്. പരീക്ഷയ്ക്ക് ശേഷം, ഇതാദ്യമായാണ് ഇത്ര വേഗത്തില്‍ പരീക്ഷകളുടെ മൂല്യ നിര്‍ണയം നടക്കുന്നത്. എസ്എസ്എല്‍സി മൂല്യനിര്‍ണയത്തിനായി മൊത്തം 70 ക്യാമ്പുകളാണ് ഉണ്ടാവുക. 14,000ത്തോളം അധ്യാപകര്‍ ക്യാമ്പില്‍ പങ്കെടുക്കും.
മുപ്പത്തിയെട്ടര ലക്ഷത്തോളം ഉത്തര കടലാസുകളാണ് മൂല്യനിര്‍ണയം നടത്തുക. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ആകെ 77 ക്യാമ്പുകള്‍ ആണ് സജ്ജീകരിച്ചിട്ടുള്ളത്. ഇതില്‍ 25 എണ്ണം ഡബിള്‍ വാലുവേഷന്‍ ക്യാമ്പുകള്‍ ആണ്. മൊത്തം 25,000ത്തോളം അധ്യാപകര്‍ മൂല്യനിര്‍ണയ ക്യാമ്പില്‍ പങ്കെടുക്കും. ഒന്നും രണ്ടും വര്‍ഷ ഹയര്‍സെക്കന്‍ഡറി ക്ലാസുകളില്‍ പഠിക്കുന്ന എട്ടര ലക്ഷത്തോളം കുട്ടികളുടെ 52 ലക്ഷത്തില്‍ പരം ഉത്തരക്കടലാസുകള്‍ ആണ് മൂല്യനിര്‍ണയം നടത്തുക.
ടി എച്ച് എസ് എല്‍ സിയ്ക്കായി രണ്ട് ക്യാമ്പുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. 110 ഓളം അധ്യാപകര്‍ ക്യാമ്പില്‍ പങ്കെടുക്കും. ഇരുപതിനായിരത്തോളം ഉത്തരക്കടലാസുകളാണ് മൂല്യനിര്‍ണയം നടത്തേണ്ടത്. എ എച്ച് എസ് എല്‍ സി വിഭാഗം പരീക്ഷ മൂല്യനിര്‍ണയം നടക്കുന്നത് ഒരു ക്യാമ്പിലാണ്.
8 ക്യാമ്പുകളില്‍ ആയാണ് വെക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തിന്റെ മൂല്യനിര്‍ണയം. 2,200 ഓളം അധ്യാപകര്‍ മൂല്യനിര്‍ണയ ക്യാമ്പില്‍ പങ്കെടുക്കും. മൂന്ന് ലക്ഷത്തി നാല്‍പ്പതിനായിരത്തോളം ഉത്തരക്കടലാസുകളാണ് മൂല്യനിര്‍ണയം നടത്തേണ്ടത്. മെയ് ആദ്യ വാരത്തോടെ ഫലപ്രഖ്യാപനം നടത്താണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ലക്ഷ്യം.