മസ്കറ്റ്: റിയാലിന്റ വിനിമയ നിരക്ക് വീണ്ടും ഉയർന്ന് 217 രൂപ കടന്നു. ഒരു റിയാലിന് 217.10 രൂപ എന്ന നിരക്കാണ് ഒമാനിലെ വിനിമയ സ്ഥാപനങ്ങൾ വെള്ളിയാഴ്ച നൽകിയത്. ശനി, ഞായർ ദിവസങ്ങളിലും ഇതേ നിരക്കുകൾ തുടരും. എന്നാൽ റിയാലിൻറെ വിനിമയ നിരക്കിന്റെ അന്താരാഷ്ട്ര പോർട്ടലായ എക്സ് ഇ കൺവെർട്ടറിൽ ഒരു റിയാലിന് 217.30 എന്ന നിരക്കാണ്. വെള്ളിയാഴ്ചത്തെ വിനിമയ നിരക്കിലെ റെക്കോർഡ് കഴിഞ്ഞ ജൂൺ 20ന്റെ നിരക്കിന് തുല്യമാണ്. അമേരിക്കൻ ഡോളർ ശക്തി പ്രാപിച്ചതോടെ ഇന്ത്യൻ രൂപ ഇടിഞ്ഞു. ഒരു ഡോളറിന്റെ വില വെള്ളിയാഴ്ച 83.66 രൂപ എന്ന നിരക്കിലെത്തി. വ്യാഴാഴ്ച ഡോളറിന്റെ വില 53.65 രൂപയായിരുന്നു.
കഴിഞ്ഞ ആഴ്ചയിൽ 0.1 ശതമാനം ഇടിവാണ് ഇന്ത്യൻ രൂപക്കുണ്ടായത്. കഴിഞ്ഞ ജൂൺ 20 നാണ് ഇന്ത്യൻ രൂപ സമാന നിരക്കിലെത്തിയത്. എന്നാൽ ഇന്ത്യൻ രൂപ ഇനിയും തകരാമെന്നും ഡോളറിന്റെ വില 83.70 മുതൽ 83.75 വരെ എത്താമെന്നും സാമ്പത്തിക വിദഗ്ധർ പറയുന്നു. അതോടെ റിയാലിൻറെ വിനിമയ നിരക്ക് ഇനിയും ഉയരാനും സാധ്യതയുണ്ട്. അമേരിക്കൻ ഡോളർ ശക്തി പ്രാപിച്ചതോടെ ഏഷ്യൻ രാജ്യങ്ങളുടെ കറൻസികളെല്ലാം ശക്തി കുറഞ്ഞിട്ടുണ്ട്. തായ്ലന്റിന്റെ ബഹതിന് 0.5 ശതമാനം തകർച്ചയാണുണ്ടായത്.
എന്നാൽ അമേരിക്കൻ ഡോളർ ശക്തി പ്രാപിക്കുകയും ഡോളർ ഇന്റക്സ് 104.3 എന്ന പോയിന്റിലെത്തുകയും ചെയ്തു. അമേരിക്കൻ ഡോളറിന്റെ 0.2 ശതമാനം വളർച്ചയാണ് ഇത് കാണിക്കുന്നത്. ഇത് നാല് മാസത്തിനുള്ളിലെ ഏറ്റവും വലിയ തിരിച്ചു വരവാണ്. ഇന്ത്യൻ ഓഹരി വിപണിയും വൻ തകർച്ചയാണ് നേരിടുന്നത്. വിപണിയിൽനിന്ന് ഡോളർ വിദേശത്തേക്ക് ഒഴുകുന്നത് വർധിച്ചിട്ടുണ്ട്. അന്താരാഷ്ട്ര വിപണിയിൽ എണ്ണ വില ഉയരുന്നതും ഇന്ത്യൻ രൂപയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. എണ്ണ ഇറക്കുമതി രാജ്യമായ ഇന്ത്യയെ എണ്ണ വിലയിലുള്ള ചെറിയ ഉയർച്ചപോലും പ്രതികൂലമായി ബാധിക്കും.