സ്‌ഫോടനങ്ങള്‍ നടത്തി തെരുവുകളില്‍ പരിഭ്രാന്തി പരത്തി; വിജയ് ചിത്രം ഗോട്ട് അണിയറപ്രവര്‍ത്തകര്‍ക്ക് നോട്ടീസ്

സ്‌ഫോടനങ്ങള്‍ നടത്തി തെരുവുകളില്‍ പരിഭ്രാന്തി പരത്തി; വിജയ് ചിത്രം ഗോട്ട് അണിയറപ്രവര്‍ത്തകര്‍ക്ക് നോട്ടീസ്
സ്‌ഫോടനങ്ങള്‍ നടത്തി തെരുവുകളില്‍ പരിഭ്രാന്തി പരത്തി; വിജയ് ചിത്രം ഗോട്ട് അണിയറപ്രവര്‍ത്തകര്‍ക്ക് നോട്ടീസ്

ചെന്നൈ: വിജയ് ചിത്രം ഗ്രെയ്റ്റസ്റ്റ് ഓഫ് ഓള്‍ ടൈമിന്റെ പ്രവര്‍ത്തകര്‍ക്ക് പുതുച്ചേരി ജില്ലാ മജിസ്ട്രേറ്റ് കാരണം കാണിക്കല്‍ നോട്ടീസ്. സ്‌ഫോടനങ്ങള്‍ നടത്തിയും നിറങ്ങള്‍ വാരിവിതറിയും തെരുവുകളില്‍ പരിഭ്രാന്തി പരത്തി എന്നീ കാരണങ്ങള്‍ ചൂണ്ടി കാണിച്ചാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ഷൂട്ടിങ്ങിന് അനുമതി വാങ്ങിയിരുന്നെങ്കിലും തെരുവുകളില്‍ സംഘട്ടനരംഗങ്ങളും സ്‌ഫോടന രംഗങ്ങളും ചിത്രീകരിക്കുമെന്ന് അറിയിച്ചിരുന്നില്ലെന്ന് ജില്ലാഭരണകൂടം അറിയിച്ചു.

വെങ്കട്ട് പ്രഭു സംവിധാനംചെയ്യുന്ന സിനിമയുടെ ചിത്രീകരണം പുതുച്ചേരിയിലെ തെരുവുകളില്‍ രണ്ടു രാത്രികളിലായാണ് നടന്നത്. എ.ടി.എഫ് മില്‍സ്, ബീച്ച് റോഡ്, ഓള്‍ഡ് പോര്‍ട്ട്, ശിവാജി സ്റ്റാച്യു മേഖലകളെ സിനിമാ സെറ്റാക്കി മാറ്റിയായിരുന്നു ചിത്രീകരണം. വെടിവെപ്പും സ്‌ഫോടനങ്ങളുമുള്ള സംഘട്ടന രംഗങ്ങളാണ് ചിത്രീകരിച്ചത്. വെങ്കട് പ്രഭുവാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. വിജയ്‌ക്കൊപ്പം പ്രഭുദേവ, പ്രശാന്ത്, അജ്മല്‍ അമീര്‍ എന്നിവരും ചിത്രത്തിലുണ്ട്. ടൈം ട്രാവല്‍ ചിത്രമായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ട്.

ഇരട്ടവേഷത്തിലായിരിക്കും വിജയ് എത്തുകയെന്ന സൂചന നേരത്തേ പുറത്തുവന്ന പോസ്റ്ററുകള്‍ നല്‍കിയിരുന്നു. ജയറാം, മോഹന്‍, യോഗി ബാബു, വി.ടി.വി ഗണേഷ്, മീനാക്ഷി ചൗധരി, സ്‌നേഹ, ലൈല എന്നിവര്‍ക്കൊപ്പം വെങ്കട് പ്രഭു ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായ വൈഭവ്, പ്രേംജി അമരന്‍, അരവിന്ദ്, അജയ് രാജ് എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു.

Top