ഭവനതട്ടിപ്പിനിരയായ ആദിവാസികളുടെ ദുരിത ജീവിതം കണ്ടറിഞ്ഞ് വസ്തുതാന്വേഷണ സംഘം

ഭവനതട്ടിപ്പിനിരയായ ആദിവാസികളുടെ ദുരിത ജീവിതം കണ്ടറിഞ്ഞ് വസ്തുതാന്വേഷണ സംഘം
ഭവനതട്ടിപ്പിനിരയായ ആദിവാസികളുടെ ദുരിത ജീവിതം കണ്ടറിഞ്ഞ് വസ്തുതാന്വേഷണ സംഘം

അട്ടപ്പാടി: അഗളി പഞ്ചായത്തിലെ ഭൂതിവഴി ഊരില്‍ ഭവന തട്ടിപ്പിനിരയായ ആദിവാസി കുടുംബങ്ങളുടെ ദുരിതജീവിതം കണ്ടറിഞ്ഞ് വസ്തുതാന്വേഷണ സംഘം. ഗ്രീന്‍ മുവ്മെന്റിന്റെ നേതൃത്വത്തില്‍ ജനറല്‍ സെക്രട്ടറി ടി.വി രാജന്‍, അഡ്വ. പി.എ പൗരന്‍ എന്നിവരുടെ നേതൃത്വത്തില്‍ 15 അംഗ സംഘമാണ് സന്ദര്‍ശനം നടത്തിയത്. വേനല്‍ മഴയില്‍പ്പോലും ചോര്‍ന്നൊലിക്കുന്ന വീടുകളിലാണ് ആദിവാസികള്‍ കഴിയുന്നത്. ആവശ്യത്തിന് സിമന്റില്ലാത്തതിനാല്‍ ചുമരുകള്‍ വിണ്ടുകീറി തൊട്ടാല്‍ പൊടിഞ്ഞ് പോകുന്ന തരത്തിലാണ് ഭിത്തികള്‍.
മേല്‍ക്കൂര വാര്‍ത്തപ്പോള്‍ ആവശ്യത്തിന് കമ്പിപോലും ഉപയോഗിക്കാത്തതിനാല്‍ ഫാന്‍ സ്ഥാപിക്കാന്‍ കഴിയാത്ത ദുരിതവും ചില വീട്ടുകാര്‍ പങ്കുവെച്ചു. അര അടിപോലുമില്ലാത്ത തറയില്‍ കെട്ടിപൊക്കിയ വീടുകള്‍ ബലക്ഷയം കാരണം മഴയില്‍ നിലംപൊത്താവുന്ന അവസ്ഥയിലുമാണ്.

അട്ടപ്പാടി ഭൂതിവഴി ഊരിലെ ഏഴ് കുടുംബങ്ങളുടെ വീട് നിര്‍മ്മാണത്തിനുള്ള 13.62 ലക്ഷം ( 13,62,500) രൂപ തട്ടിയെടുത്ത് വഞ്ചിച്ചതിന് ക്രൈം ബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത മൂന്ന് കേസുകളിലും ഒന്നാം പ്രതി പി.എം ബഷീറാണ്. നിലമ്പൂര്‍ നഗരസഭ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനാണിപ്പോള്‍ ബഷീര്‍. നിലമ്പൂര്‍ മയ്യന്താനിയിലെ അബ്ദുല്‍ഗഫൂര്‍, അട്ടപ്പാടിയിലെ പഞ്ചായത്തംഗമായിരുന്ന ജാക്കിര്‍ എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍. റങ്കി, രേശി, കലാമണി, പാപ്പാള്‍, കാളികാടന്‍, ശാന്തി, ചെല്ലി എന്നിവരാണ് തട്ടിപ്പിനിരയായത്.

പി.എം ബഷീര്‍ നിലമ്പൂര്‍ നഗരസഭാംഗമായിരിക്കെ 2015-16ലാണ് അട്ടപ്പാടി ഭൂതിവഴിഊരിലെ ആദിവാസികളുടെ ഭവനനിര്‍മ്മാണത്തിനായുള്ള എ.ടി. എസ്.പി പദ്ധതിയുടെ കരാറുകാരനായത്. അഗളിയിലെ പഞ്ചായത്തംഗമായ ജാക്കിറിന്റെ സഹായത്തോടെയാണ് ബഷീറും സുഹൃത്തായ അബ്ദുല്‍ഗഫൂറും കരാറുകാരായി എത്തിയത്. സിമെന്റുപോലും ആവശ്യത്തിന് ഉപയോഗിക്കാതെ യാതൊരു ഗുണനിലവാരവുമില്ലാതെയാണ് വീട് പണി നടത്തിയത്. പണി പൂര്‍ത്തീകരിക്കാതെ മൂന്നു ഗഡുക്കളായി 3,82,000 രൂപ ഓരോ കുടുംബത്തില്‍ നിന്നും വാങ്ങിയെടുത്തു. ശുചിമുറികളും വാതിലും നിലംപണിയുമടക്കം പൂര്‍ത്തീകരിക്കാതെ വീട് വാസയോഗ്യമല്ലാത്ത അവസ്ഥയിലായപ്പോള്‍ ഇവര്‍ പ്രതിഷേധിച്ചു. വീടുകള്‍ വിണ്ടു കീറുകയും മഴയത്ത് ചോര്‍ന്നൊലിക്കാനും തുടങ്ങി.


ഇതോടെ ലൈഫ് മിഷന്‍ പദ്ധതിയില്‍ ഓരോ കുടുംബത്തിനും സര്‍ക്കാര്‍ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി 1,28,500 രൂപ അനുവദിച്ചു.ഇതറിഞ്ഞ ബഷീര്‍ ഭവന പദ്ധതിയില്‍ ഉള്‍പ്പെടാത്ത പണം തട്ടിയെടുക്കുന്നതിന് ഊരിലെത്തി. അടുത്തഗഡു പണം ലഭിക്കാന്‍ എല്ലാവരുടെയും ആധാര്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കണമെന്ന് പറഞ്ഞ് ഒരോരുത്തരുടെയും അക്കൗണ്ടിലെത്തിയ 1,28,000 രൂപ രേഖകളില്‍ ഒപ്പുവെപ്പിച്ച് ബഷീറിന്റെ അക്കൗണ്ടിലേക്ക് മാറ്റി. ഓരോരുത്തര്‍ക്കും 500 രൂപ നല്‍കി കോളനിയില്‍ തിരികെ വിടുകയും ചെയ്തു. പിന്നീടാണ് കബളിപ്പിക്കപ്പെട്ടവിവരം ഇവര്‍ മനസിലാക്കിയത്. ഇതോടെ അഗളി പോലീസില്‍ പരാതി നല്‍കി. അഗളി പോലീസ് അബ്ദുല്‍ഗഫൂറിനെ ഒന്നാം പ്രതിയും ബഷീറിനെ രണ്ടാം പ്രതിയുമാക്കി കേസെടുത്തു. കേസ് അട്ടിമറിക്കാന്‍ ഇടപെടലുമുണ്ടായി. ഇതോടെ അന്നത്തെ പട്ടികജാതി പട്ടികവര്‍ഗ ക്ഷേമവകുപ്പ് മന്ത്രി എ.കെ ബാലനെ കണ്ട് പരാതി പറഞ്ഞു. മന്ത്രി എ.കെ ബാലന്റെ ഇടപെടലിലാണ് കേസ് ക്രൈം ബ്രാഞ്ചിന് കൈമാറിയത്. ക്രൈം ബ്രാഞ്ച് പി.എം ബഷീറിനെ ഒന്നാം പ്രതിയാക്കി കേസെടുത്തു. അറസ്റ്റിലായ ബഷീര്‍ അഞ്ച് ദിവസം റിമാന്റില്‍ ജയിലിലായിരുന്നു.

കേസിന്റെ വിചാരണ നടപടി നീട്ടികൊണ്ടുപോകാനും നീക്കമുണ്ടായി. ഇതോടെ തട്ടിപ്പിനിരയായ കലാമണി ഹൈക്കോടതിയെ സമീപിച്ചു. മൂന്നു മാസത്തിനകം വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. ഇതിനിടെ പി.എം ബഷീര്‍ ഹൈക്കോടതിയെ സമീപിച്ച് വിചാരണക്ക് സ്റ്റേ നേടുകയായിരുന്നു. സ്റ്റേ നീക്കാന്‍ ഇതുവരെയും ഹൈക്കോടതിയെ സമീപിക്കാതെ സര്‍ക്കാര്‍ ബഷീര്‍ അടക്കമുള്ള പ്രതികളെ സഹായിക്കുകയാണ്. സ്റ്റേ നീക്കി വിചാരണ ആരംഭിക്കാന്‍ കലാമണി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. വിചാരണ നടപടികള്‍ക്കിടെ തട്ടിപ്പിനിരയായ പാപ്പാള്‍, കാളികാടന്‍ എന്നിവര്‍ മരണപ്പെട്ടു. അടച്ചുറപ്പുള്ള വീട്ടില്‍ അന്തിയുറങ്ങണമെന്ന ആഗ്രഹം ബാക്കിയാക്കിയാണ് ഇരുവരും യാത്രയായത്.
മഴയില്‍ ചോര്‍ന്നൊലിക്കുന്ന വാസയോഗ്യമല്ലാത്ത വീടുകളിലാണ് ആദിവാസികള്‍ കഴിയുന്നതെന്നും നീതിക്കായി എട്ടു വര്‍ഷമായി ഇവര്‍ നടത്തുന്ന നിയമപോരാട്ടത്തിന് പിന്തുണ നല്‍കുമെന്നും അഡ്വ. പി.എ പൗരന്‍, ടി.വി. രാജന്‍ എന്നിവര്‍ പറഞ്ഞു. മാണി പറമ്പേട്ട്, ശബരി മുണ്ടക്കല്‍, ഡോ. പി.ജി ഹരി, കെ. കാര്‍ത്തികേയന്‍, കെ.വി മുസ്തഫ അടക്കമുള്ളവരും വസ്തുതാന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Top