പിതാവ് ആഗ്രഹിച്ചത് കമ്യൂണിസ്റ്റ് ഭരണം, മകൻ നേടിയത് മറ്റൊന്ന്, തെലങ്കാനയുടെ മണ്ണിൽ ഇനി പകയുടെ രാഷ്ട്രീയം

പിതാവ് ആഗ്രഹിച്ചത് കമ്യൂണിസ്റ്റ് ഭരണം, മകൻ നേടിയത് മറ്റൊന്ന്, തെലങ്കാനയുടെ മണ്ണിൽ ഇനി പകയുടെ രാഷ്ട്രീയം
പിതാവ് ആഗ്രഹിച്ചത് കമ്യൂണിസ്റ്റ് ഭരണം, മകൻ നേടിയത് മറ്റൊന്ന്, തെലങ്കാനയുടെ മണ്ണിൽ ഇനി പകയുടെ രാഷ്ട്രീയം

മ്യൂണിസ്റ്റുകളുടെ രക്തരൂക്ഷിത പോരാട്ടങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച തെലങ്കാനയുടെ മണ്ണില്‍ ചെങ്കൊടി ഭരണം സ്വപ്നം കണ്ട ഒരു പിതാവിന്റെ പുത്രനാണ് ഇപ്പോള്‍ ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രിയായി ചുമതല ഏറ്റിരിക്കുന്നത്. ആന്ധ്രപ്രദേശിലെ ആദ്യകാല കമ്യൂണിസ്റ്റ് പ്രവര്‍ത്തകനായ വെങ്കിട്ട റാവുവിന്റെ മകനാണ് തെലുങ്ക് സൂപ്പര്‍ താരമായ പവന്‍ കല്യാണ്‍ പിതാവിന് കമ്യൂണിസത്തോടുള്ള അടുപ്പം പവന്‍ കല്യാണിനെ ആന്ധ്രയിലെ സി.പി.എം – സി.പി.ഐ പാര്‍ട്ടികളുമായി ഏറെ അടുപ്പിച്ചിരുന്നു. 2019- ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പോലും ഇടതുപക്ഷ പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കിയാണ് പവന്‍ കല്യാണിന്റെ ജനസേന പാര്‍ട്ടി മത്സരിച്ചിരുന്നത്.

ഈ സഖ്യത്തിന് ആന്ധ്ര മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയെ വീഴ്ത്താന്‍ കഴിയില്ലന്ന് മനസ്സിലായതോടെയാണ് അദ്ദേഹം 2024 ല്‍ ടി.ഡി.പിയുമായി കൈ കോര്‍ത്തിരുന്നത്. ടി.ഡി.പിയുമായി സഖ്യമുണ്ടാക്കാന്‍ ഇടതുപാര്‍ട്ടികള്‍ക്കും തടസ്സമില്ലായിരുന്നെങ്കിലും ബി.ജെ.പിയുടെ എന്‍.ഡി.എ മുന്നണിയിലാണ് ടി.ഡി.പി എന്നതിനാല്‍ സഖ്യമുണ്ടാക്കാന്‍ ഇടതുപാര്‍ട്ടികള്‍ തയ്യാറായിരുന്നില്ല. ആന്ധ്രയില്‍ കോണ്‍ഗ്രസ്സുമായി സഹകരിച്ചാണ് ഇത്തവണ ഇടതു പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പിനെ നേരിട്ടിരുന്നത്. ഇടതു പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കാന്‍ കഴിഞ്ഞില്ലങ്കിലും പ്രചരണ യോഗങ്ങളില്‍ തന്റെ പിതാവ് ഒരു കമ്യൂണിസ്റ്റാണെന്നത് അഭിമാനത്തോടെയാണ് പവന്‍ കല്യാണ്‍ പറഞ്ഞിരുന്നത്.

ലോക്‌സഭ തിരഞ്ഞെടുപ്പിന് ഒപ്പം തന്നെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ 164 നിയമസഭാ സീറ്റുകളും 25 ലോക്സഭാ സീറ്റുകളില്‍ 21 എണ്ണവും നേടിയാണ് ടി.ഡി.പി സഖ്യം വന്‍ വിജയം നേടിയിരിക്കുന്നത്. ഈ തിരഞ്ഞെടുപ്പില്‍ കളം നിറഞ്ഞ് നിന്ന് പ്രചരണം നയിച്ചിരുന്നതും പവന്‍ കല്യാണ്‍ തന്നെ ആയിരുന്നു. ആന്ധ്രാപ്രദേശില്‍ സ്വാതന്ത്ര്യം അപകടത്തിലായതിനാലാണ് ടി.ഡി.പി സഖ്യത്തില്‍ ചേര്‍ന്നതെന്നാണ് പവന്‍ കല്യാണ്‍ വിശദീകരിക്കുന്നത്. വന്‍ ഭൂരിപക്ഷം നേടിയ കരുത്തുമായാണ് ചന്ദ്രബാബു നായിഡു സര്‍ക്കാര്‍ ഇപ്പോള്‍ അധികാരമേറ്റിരിക്കുന്നത്. ഇതോടെ എല്ലാ കണ്ണുകളും ഇപ്പോള്‍ നായിഡുവിലും പവന്‍ കല്യാണിലുമാണ്. ഈ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും ചേര്‍ന്ന് മുന്‍ മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയെ ജയിലില്‍ അടക്കുമോ എന്നതാണ് ഇപ്പോള്‍ ആന്ധ്രപ്രദേശിലെ പ്രധാന രാഷ്ട്രീയ ചര്‍ച്ച. അഴിമതി കേസ് ചുമത്തി ചന്ദ്രബാബു നായിഡുവിനെ ജയിലില്‍ അടച്ചതിന് പ്രതികാരമായി ജഗന്‍ മോഹന്‍ റെഡ്ഡിയെ ജയിലില്‍ അടക്കണമെന്ന വാശിയിലാണ് ടി.ഡി.പി – ജനസേന പാര്‍ട്ടികള്‍ ഉള്ളത്. അതിനുള്ള കളം ഒരുങ്ങിയാല്‍ പ്രതികാര രാഷ്ട്രീയത്തിനും അതോടെ തുടക്കമാകും.

വിഭജനത്തിന് മുന്‍പും വിഭജനത്തിന് ശേഷവും നിരവധി തവണ ആന്ധ്ര മുഖ്യമന്ത്രി പദത്തില്‍ ഇരുന്നിരുന്ന ചന്ദ്രബാബു നായിഡുവിനെ ജഗന്‍ മോഹന്‍ റെഡ്ഡി സര്‍ക്കാര്‍ തുറങ്കില്‍ അടക്കുമെന്ന് മോദി സര്‍ക്കാര്‍ പോലും കരുതിയിരുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. 2019-ല്‍ അധികാരത്തില്‍ വന്ന രണ്ടാം മോദി സര്‍ക്കാറിന്റെ പല സുപ്രധാന ബില്ലുകളും രാജ്യസഭയില്‍ പാസാക്കുന്നതിന് നിര്‍ണ്ണായക പിന്തുണ നല്‍കിയിരുന്നത് വൈ.എസ്.ആര്‍ കോണ്‍ഗ്രസ്സ് ആയതിനാല്‍ ജഗന്‍ മോഹന്‍ റെഡ്ഡിയെ എതിര്‍ക്കാന്‍ മോദിക്കും കഴിയുമായിരുന്നില്ല. ഈ അവസരമാണ് ആന്ധ്രയിലെ വൈ.എസ്.ആര്‍ കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ ഫലപ്രദമായി ഉപയോഗിച്ചിരുന്നത്. ഒരു മാസത്തില്‍ അധികമാണ് ചന്ദ്രബാബു നായിഡു ജയിലില്‍ കിടന്നിരുന്നത്. ഇനി മുഖ്യമന്ത്രി ആയ ശേഷമേ തിരിച്ച് നിയമസഭയില്‍ എത്തൂ എന്ന് ശപഥം ചെയ്ത് നിയമസഭ വിട്ടിറങ്ങിയ ചന്ദ്രബാബു നായിഡു സീറ്റ് വിഭജനത്തില്‍ വിട്ടുവീഴ്ച ചെയ്താണ് പവന്‍ കല്യാണിന്റെ ജനസേന പാര്‍ട്ടിയെ ഒപ്പം കൂട്ടിയിരുന്നത്. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷ അടുത്ത ബന്ധു കൂടി ആയതിനാല്‍ ബി.ജെ.പി സഖ്യത്തിനും മറ്റു തടസ്സങ്ങള്‍ ഉണ്ടായിരുന്നില്ല.

ജനപ്രിയമായ നിരവധി പദ്ധതികള്‍ നടപ്പാക്കിയിട്ടും, ജഗന്‍ മോഹന്‍ റെഡ്ഡി സര്‍ക്കാറിന് കാലിടറിയത് ഈ സഖ്യത്തിന്റെ കരുത്തു കൊണ്ടു മാത്രമല്ല താര പ്രചരണം കൊണ്ടു കൂടിയാണ്. പവന്‍ കല്യാണിന്റെ നേതൃത്വത്തില്‍ തെലുങ്ക് സിനിമാ രംഗത്തെ നിരവധി സൂപ്പര്‍ താരങ്ങളാണ് ടി.ഡി.പി സഖ്യത്തിന് വോട്ട് ചോദിച്ച് പ്രചരണ രംഗത്ത് സജീവമായി രംഗത്തിറങ്ങിയിരുന്നത്. പവന്‍ കല്യാണിന്റെ കുടുംബം തന്നെ സൂപ്പര്‍താര കുടുംബമാണ്. തെലുങ്ക് സിനിമയിലെ പ്രധാനിയായ നടന്‍ ചിരഞ്ജീവിയുടെ ഇളയ സഹോദരനാണ് പവന്‍ കല്യാണ്‍. ചിരഞ്ജീവിയുടെ മകന്‍ രാംചരണും സൂപ്പര്‍ താരമാണ്. ഇതോടൊപ്പം എന്‍.ടി.ആര്‍ കുടുംബത്തിലെ സൂപ്പര്‍ താരങ്ങള്‍ കൂടി ഒന്നിച്ചതോടെ വൈ.എസ്.ആര്‍ കോണ്‍ഗ്രസ്സിന്റെ പതനം ഉറപ്പാകുകയാണ് ഉണ്ടായത്. ഇനി ഒരു തിരിച്ചു വരവ് ജഗന്‍ മോഹന്‍ റെഡ്ഡിക്ക് ഉണ്ടാകുമോ എന്ന ചോദ്യം മാത്രമാണ് ഇവിടെ അവശേഷിക്കുന്നത്.

EXPRESS KERALA VIEW

Top