കോഴിക്കോട്: കോഴിക്കോട് ഉള്ള്യേരിയിലെ മലബാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഗർഭസ്ഥശിശുവും അമ്മയും മരിച്ചത് ചികിത്സാപ്പിഴവ് മൂലമെന്ന പരാതിയുമായി കുടുംബം. എകരൂർ ഉണ്ണികുളം സ്വദേശിയായ അശ്വതിയും ഗർഭസ്ഥ ശിശുവുമാണ് മരിച്ചത്. കുടുംബം ആശുപത്രിക്കെതിരെ അത്തോളി പൊലീസിന് നൽകിയ പരാതിയിൽ, പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. അതേസമയം ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായ പിഴവാണ് അമ്മയുടെയും കുഞ്ഞിന്റെയും മരണത്തിന് കാരണമെന്നാണ് കുടുംബം ആരോപിക്കുന്നത്.
ഗർഭസ്ഥ ശിശു മരിച്ചത് ഇന്നലെ പുലർച്ചെയാണ്. അമ്മയെ ഗുരുതരാവസ്ഥയിൽ കോഴിക്കോട് മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ വൈകിട്ടോടെ അശ്വതിയും മരിച്ചു.