ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സാധ്യത പ്രയോജനപ്പെടുത്തി പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ വാട്്സ്ആപ്പ് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത എഡിറ്റിങ് ടൂള്‍ ഉപയോഗിച്ച് ചിത്രങ്ങള്‍ എഡിറ്റ് ചെയ്യാന്‍ കഴിയുന്ന ഫീച്ചര്‍ വാട്സ്ആപ്പ് വികസിപ്പിച്ച് വരുന്നതായാണ് വിവരം.
ചിത്രത്തിന്റെ പശ്ചാത്തലം എളുപ്പത്തില്‍ പരിഷ്കരിക്കാന്‍ കഴിയുന്നതാണ് ഫീച്ചര്‍. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സഹായത്തോടെ ചിത്രം റീസ്റ്റൈല്‍ ചെയ്യാനും വികസിപ്പിക്കാനും കഴിയുന്ന തരത്തിലാണ് ഇതില്‍ ക്രമീകരണം. ഇതിന് പുറമേ മെറ്റാ എഐ സര്‍വീസിനോട് ഉപയോക്താവിന് നേരിട്ട് ചോദ്യങ്ങള്‍ ചോദിക്കാന്‍ കഴിയുന്ന ഫീച്ചറും അവതരിപ്പിക്കാനും വാട്സ്ആപ്പിന് പദ്ധതിയുണ്ട്.
ആന്‍ഡ്രോയിഡ് 2.24.7.13 അപ്ഡേറ്റിനായി വാട്സ്ആപ്പിന്റെ പുതിയ ബീറ്റാ പതിപ്പില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത എഡിറ്റിങ് ടൂള്‍ ഫീച്ചര്‍ ഉള്‍പ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്. വാട്സ്ആപ്പ് സ്ക്രീനിന്റെ മുകളില്‍ ഗ്രീന്‍ ഐക്കണ്‍ ആയാണ് ഈ ഫീച്ചര്‍ ക്രമീകരിച്ചിരിക്കുന്നത്. ഇത് ടാപ്പ് ചെയ്യുമ്പോള്‍ മൂന്ന് ഓപ്ഷന് ലഭിക്കും. background, restyle, expand എന്നിങ്ങനെയാണ് ഈ മൂന്ന് ഓപ്ഷനുകള്‍ നല്‍കിയിരിക്കുന്നത്.