കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വിട്ടതിന് പിന്നാലെ സിനിമയില്‍ നേരിട്ട ദുരനുഭവം തുറന്ന് പറഞ്ഞ് നിരവധി പേരാണ് രംഗത്ത് വരുന്നത്. സിനിമയെ നിയന്ത്രിക്കുന്നത് പവര്‍ ഗ്രൂപ്പാണെന്നും പലരും പറയാതിരിക്കുന്നത് അവസരങ്ങള്‍ നഷ്ടപ്പെടുമെന്ന് പേടിച്ചിട്ടാണെന്നും തുറന്ന് പറഞ്ഞിരിക്കുകയാണ് സംവിധായകനും ക്യാമറമാനുമായ വേണു.
15 പേരല്ല അതില്‍ കൂടുതല്‍ പേരടങ്ങുന്ന പവര്‍ ഗ്രൂപ്പാണ് സിനിമയെ നിയന്ത്രിക്കുന്നത്. സാമ്പത്തിക ലാഭത്തിന് വേണ്ടി പവര്‍ ഗ്രൂപ്പിനെ ചിലര്‍ ഉപയോഗിക്കുന്നുവെന്നും വേണു പറഞ്ഞു. സിനിമാ മേഖലയില്‍ തൊഴില്‍ നിഷേധം ഉണ്ട്. താല്‍പര്യം ഇല്ലാത്തവര്‍ക്ക് തൊഴില്‍ നല്‍കാതിരിക്കാന്‍ ചിലരെ കൊണ്ട് പറയിപ്പിക്കുന്ന പ്രവണത കൂടുതലുമാണ്. തനിക്കും ഒന്നിലധികം തവണ ഇത്തരം അനുഭവമുണ്ടായിട്ടുണ്ടെന്നും’ വേണു പറഞ്ഞു.
ലൈംഗിക താല്‍പര്യത്തോടെ സമീപിക്കുന്ന സാഹചര്യങ്ങളെ ഏത് മേഖലയിലാണെങ്കിലും അനുവദിക്കാനാകില്ല. സ്ത്രീകളെ സ്ത്രീകളായി കാണണം. കോണ്‍ക്ലേവ് കൊണ്ടൊന്നും കാര്യമില്ലെന്നും വേണു പറഞ്ഞു. പലരും അനുഭവങ്ങള്‍ തുറന്ന് പറയാതിരിക്കുന്നത് അവസരങ്ങള്‍ നഷ്ടപ്പെടുമെന്ന പേടിയിലാണെന്നും വേണു കൂട്ടിച്ചേര്‍ത്തു.
റിപ്പോര്‍ട്ടിലെ കടുംവെട്ടുകളെ കുറിച്ചും വേണു പരാമര്‍ശിച്ചു. സര്‍ക്കാരും ആത്യന്തികമായി ചില വ്യക്തികളാണെന്നും അവര്‍ക്കും ചിലരോട് ആരാധനയുണ്ടാകുമെന്നും ആയതിനാല്‍ തന്നെ ഇടപെടലുകള്‍ നടന്നിട്ടുണ്ടാകാമെന്നും വേണു പറഞ്ഞു. എല്ലാവര്‍ക്കും എന്തൊക്കെയോ പൊതിഞ്ഞു വയ്ക്കുന്നു എന്ന തോന്നല്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.