മേജർ മുകുന്ദ് വരദരാജന്റെ ജീവിതം അടിസ്ഥാനമാക്കി ശിവകാർത്തികേയൻ നായകനായ ചിത്രമാണ് അമരൻ. രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്യ്ത ചിത്രത്തിന്റെ നിർമാണം കമൽ ഹാസന്റെ നിർമാണ കമ്പനിയായ രാജ് കമലാണ്. കഴിഞ്ഞ മാസം 31ന് റിലീസ് ചെയ്ത ‘അമരൻ’ മികച്ച വിജയം നേടി തിയേറ്ററുകളിൽ ഓടിക്കൊണ്ടിരിക്കുകയാണ്.
ഇപ്പോൾ ഇതാ ചിത്രവുമായി ബന്ധപ്പെട്ട് ഒരാവശ്യം മുന്നോട്ടുവെച്ചിരിക്കുകയാണ് ബിജെപി. സംസ്ഥാനത്തെ സ്കൂളുകളിലും കോളേജുകളിലും ചിത്രം പ്രദർശിപ്പിക്കണമെന്നാണ് ബി ജെ പിയുടെ ആവശ്യം. പുതു തലമുറക്ക് ദേശസ്നേഹം വളർത്താൻ സിനിമ ഉപകരിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ബി ജെ പി വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സിനിമ പ്രദർശിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നത്.
Also Read:‘മുഖമുയർത്തണം.. ‘പ്രതിമുഖം’ ട്രെയിലർ പുറത്തിറങ്ങി
എന്നാൽ എസ് ഡി പി ഐ പറയുന്നത് സിനിമ കശ്മീരിനെയും മുസ്‌ലിം വിഭാഗത്തെയും മോശമായി ചിത്രീകരിക്കുന്നു എന്നാണ്. മുസ്‌ലിം വിരുദ്ധത പടർത്തുകയാണ് സിനിമയുടെ ലക്ഷ്യമെന്നും ഇവർ കൂട്ടിച്ചേർത്തു. മേയ് 17 എന്ന തമിഴ് അനുകൂല സംഘടനയും ഇതേ ആരോപണവുമായി രംഗത്തുണ്ട്.
അതേസമയം, സിനിമയെ എതിർക്കുന്നവർ രാജ്യത്തിന്റെ ഐക്യത്തിനും സുരക്ഷയ്ക്കും എതിരാണെന്ന് ബിജെപി തമിഴ്നാട് സംസ്ഥാന വക്താവ് എഎൻഎസ് പ്രസാദ് പറഞ്ഞു. സംസ്ഥാനത്തുടനീളം സിനിമ പ്രദർശിപ്പിക്കാൻ സർക്കാർ ക്രമീകരണങ്ങൾ ചെയ്യണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടു.
ആരോപണങ്ങൾ നേരിടുമ്പോഴും സിനിമ 100 കോടിയിലധികം രൂപ നേടി കഴിഞ്ഞു. ഈ വർഷം തമിഴ്‌നാട്ടിൽ നിന്ന് ഏറ്റവും അധികം പണം നേടുന്ന സിനിമകളിൽ രണ്ടാം സ്ഥാനത്ത് അമരനാണ് ഉള്ളത്. സിനിമാ മേഖലയിൽ നിന്നുള്ളവരും രാഷ്ട്രീയ പ്രവർത്തകരും സിനിമയെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു.