കാസ്റ്റിങ് കൗച്ച് തടഞ്ഞതുകൊണ്ട് തനിക്കും സിനിമകൾ നഷ്ടപ്പെട്ടുവെന്ന് വെളിപ്പെടുത്തി ഗോകുൽ സുരേഷ്. നടൻ നിവിൻ പോളിക്ക് എതിരെ ഉയർന്ന ആരോപണങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താരം. “എപ്പോഴും ഒരു ജെൻഡർ മാത്രമാണ് ദുരനുഭവം നേരിടുന്നതെന്ന് പറയാനാകില്ല. കാസ്റ്റിങ് കൗച്ച് നേരിടുന്ന നടന്മാർക്ക് സിനിമകൾ നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാകാം. അതിന് സമാനമായ ഒരു അവസ്ഥയിലൂടെ തുടക്കകാലത്ത് ഞാനും കടന്ന് പോയിട്ടുണ്ട്. അതിനെക്കുറിച്ച് ഇപ്പോൾ സംസാരിക്കാൻ താല്പര്യമില്ല. കാസ്റ്റിങ് കൗച്ചിന് കാരണമായ ആളെ ഞാൻ തന്നെ തക്കതായ രീതിയിൽ കൈകാര്യം ചെയ്തിട്ടുണ്ട്. പക്ഷേ എനിക്ക് ആ സിനിമ നഷ്ടപ്പെട്ടു.
ഇപ്പോൾ സിനിമ മേഖലയിൽ നടക്കുന്ന വിഷയങ്ങളെക്കുറിച്ച് സോഷ്യൽ മീഡിയ വിളമ്പുന്നതായിരിക്കും സാധാരണ ജനങ്ങൾക്ക് മനസിലാകുന്നത്. അത്തരം സാഹചര്യത്തിലാണ് ഇപ്പോൾ നിവിൻ ചേട്ടനെതിരായിട്ടൊരു ആരോപണം വരുന്നതും അത് തിരിയുന്നതും. സ്ത്രീകളെ മാത്രമല്ല പുരുഷന്മാരെയും ബാധിക്കാമെന്നൊരു ബോധ്യം ജനങ്ങൾക്ക് മനസിലാകുന്നുണ്ടാകും. രണ്ട് കൂട്ടരും ഇരകളാകാം എന്ന് ബോധ്യമായിട്ടുണ്ടാകും.
Also Read: അക്ഷയ്കുമാറിന് ഒരു മടങ്ങി വരവ് ഇനി സാധ്യമോ?
ഇത്തരം കാര്യങ്ങളൊക്കെ നൂറ് വർഷം മുന്നേ നടക്കുന്ന സംഭവമായിരിക്കാം. കാസ്റ്റിങ് കൗച്ചിനെ തടയുന്ന ഒരു നടനും സിനിമ നഷ്ടപ്പെടാം. ഇരകളായിക്കൊണ്ടിരുന്നവർക്ക് അവരുടെ ജീവിതം തിരികെ കൊണ്ടുവരാൻ സഹായിക്കുന്ന ഒരു സംവിധാനമാണ് ഹേമ കമ്മിറ്റി. അല്ലാത്തപക്ഷം ഈ സാഹചര്യത്തെ ചൂഷണം ചെയ്തുവന്ന് വ്യാജ ആരോപണം ഉന്നയിക്കുന്നവരുമുണ്ട്. അതൊക്കെ ഇൻഡസ്ട്രിയെ മോശമായാകും ബാധിക്കുക. കോടികളുടെ ബിസിനസ്സ് നടക്കുന്ന മേഖലയാണിത്. കുറച്ചുപേരുടെ ദുഷ്പ്രവൃത്തികൾ കാരണം നല്ലൊരു ഇൻഡസ്ട്രിയെ മൊത്തത്തിൽ അടച്ചാക്ഷേപിക്കുന്നത് ശരിയായ പ്രവണയതയല്ല. മലയാളത്തിൽ മാത്രമല്ല മറ്റ് ഇൻഡസ്ട്രീസിലും പത്തോ നൂറോ മടങ്ങ് ഇരട്ടിയാണ് നടക്കുന്നത്. മറ്റേത് മേഖലയിലും ഇതൊക്കെ നടക്കുന്നുണ്ട്. എന്താ മനുഷ്യർ ഇങ്ങനെയെന്ന് നമ്മൾ ആലോചിക്കാറില്ലേ? കഴിവതും നല്ല രീതിയിൽ ജീവിക്കാൻ നോക്കിയാൽ പ്രശ്നങ്ങളൊന്നും ഉണ്ടാകില്ല. അല്ലെങ്കില്‍ ഇത്തരം ആരോപണങ്ങൾ ഇനിയും വരും.
Also Read: ആസിഫ് അലിയുടെ ‘കിഷ്‌കിന്ധാ കാണ്ഡം’ ട്രെയിലര്‍ എത്തി
‘അമ്മ’യിൽ ഈ അടുത്താണ് ഞാൻ അംഗത്വം നേടുന്നത്. ‘അമ്മ’യുടെ ഒരു കുഞ്ഞാണെന്നു പറയാം. ലാൽ സാറിന്റെയോ എക്സിക്യൂട്ടിവ് കമ്മിറ്റിയുടെയോ പ്രവൃത്തിയെ വിലയിരുത്തേണ്ട ആൾ ഞാനായിട്ടില്ല. അവർ നേതൃത്വം വഹിക്കുന്ന ഒരു സംഘടനയിലെ ആളുകൾക്ക് ഇങ്ങനെയൊരു മോശം അനുഭവം വന്നുവെന്ന് സ്വയമേ അറിഞ്ഞപ്പോൾ ആ സ്ഥാനത്തിരിക്കാൻ യോഗ്യരല്ലെന്ന് തിരിച്ചറിഞ്ഞ് സ്വയം മാറിയതാണ്. അതിനെ നല്ല രീതിയില്‍ കാണാം. അതിനൊപ്പം തന്നെ ഇതിനെയൊക്കെ ഉത്തരവാദിത്തോടെ കാണേണ്ട, ഉത്തരം പറയേണ്ട ഒരു നേതാവ് അവിടെ ഉണ്ടാകില്ല. അവരും മനുഷ്യരാണ്. ലാൽ സർ ആയാലും മമ്മൂട്ടി സർ ആയാലും സിദ്ദിഖ് സർ ആയാലും അവരൊക്കെയാണ് ഞാനൊക്കെ നിന്ന് അഭിനയിക്കുന്ന ഈ ഇൻഡസ്ട്രി ഇത്രയുമാക്കിയത്. ആ ആദരവ് മാറ്റി നിർത്തി സംസാരിക്കാൻ സാധിക്കില്ല.’’- ഗോകുൽ പറഞ്ഞു.