അങ്കമാലി: സിനിമ സഹസംവിധായകൻ അനിൽ സേവ്യർ (39) നിര്യാതനായി. ആഗസ്റ്റ് 15 ന് ഫുട്‌ബോൾ കളിക്കിടെയുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ജാൻ എ മൻ, തല്ലുമാല, മഞ്ഞുമ്മൽ ബോയ്‌സ്, തെക്ക് വടക്ക് തുടങ്ങിയ സിനിമകളുടെ സഹസംവിധായകനാണ്.
തൃപ്പൂണിത്തുറ ആർഎൽവി കോളജിൽ നിന്ന് ബിഎഫ്എ ബിരുദം പൂർത്തിയാക്കിയ ശേഷം ഹൈദരാബാദ് കേന്ദ്ര സർവകലാശാലയിൽ നിന്ന് ശിൽപ്പകലയിൽ എംഎഫ്എയും നേടി. ക്യാമ്പസിലുണ്ടായിരുന്ന രോഹിത് വെമുലയുടെ സ്മാരക ശിൽപ്പം അനിലാണ് നിർമിച്ചത്. കൊച്ചി മുസിരിസ് ബിനാലെയുടെ ഭാഗമായും പ്രവർത്തിച്ചിരുന്നു.
Also read: കോട്ടയത്ത് സ്‌കൂട്ടറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം
മൃതദേഹം ബുധനാഴ്ച രാവിലെ 11 മുതൽ അങ്കമാലി കിടങ്ങൂരിലെ വസതിയിലും, തുടർന്ന് വൈകിട്ട് മൂന്ന് വരെ അങ്കമാലി നാസ് ഓഡിറ്റോറിയത്തിലും പൊതുദർശനത്തിന് വെക്കും. തുടർന്ന് ഭൗതിക ശരീരം കളമശ്ശേരി മെഡിക്കൽ കോളജ് വിദ്യാർഥികൾക്ക് പഠനത്തിന് നൽകും. അനിലിന്റെ ആഗ്രഹപ്രകാരമാണ് തീരുമാനം നടപ്പാക്കുന്നതെന്ന് ബന്ധുക്കൾ അറിയിച്ചു.