തിരുവനന്തപുരം: നടൻ ജയസൂര്യക്കെതിരായ കേസിൽ സിനിമയുടെ സംവിധായകൻ ബാലചന്ദ്ര മേനോൻ്റെ മൊഴി രേഖപ്പെടുത്തും. നടിയോട് ലൈംഗികാതിക്രമം കാട്ടിയെന്ന പരാതിയിൽ സിനിമയുടെ മറ്റ് സാങ്കേതിക പ്രവർത്തകരുടെയും മൊഴിയെടുക്കും. ബാലചന്ദ്ര മേനോൻ സംവിധാനംചെയ്ത ചിത്രത്തിന്റെ സെറ്റിൽവച്ചായിരുന്നു സംഭവമെന്ന് നടിയുടെ പരാതിയിൽ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണിത്.
പരാതിക്കാരിയുടെ മൊഴിയിൽ പറഞ്ഞിരിക്കുന്നവരുടെ മൊഴികളാണ് രേഖപ്പെടുത്തുക. സെക്രട്ടറിയേറ്റിലെ ഷൂട്ടിംഗിനിടെ അതിക്രമം നടന്നുവെന്നാണ് കേസ്. അതേസമയം, ഷൂട്ടിംഗിനായി വാടകയ്ക്ക് കൊടുത്തതിൻ്റെ വിശദാശങ്ങൾ തേടി സെക്രട്ടറിയേറ്റ് പൊതുഭരണ വകുപ്പിന് പൊലീസ് കത്ത് നൽകി.
2008-ൽ ബാലചന്ദ്ര മേനോൻ സംവിധാനംചെയ്ത ചിത്രത്തിന്റെ ഒരു ഭാഗം ചിത്രീകരിച്ചത് സെക്രട്ടേറിയറ്റിലായിരുന്നു. ഇവിടെ നടന്ന ഷൂട്ടിങ്ങിനിടെ നടൻ ജയസൂര്യ മോശമായി പെരുമാറി എന്നാണ് നടിയുടെ പരാതി. ഇതിന്റെ അടിസ്ഥാനത്തിൽ ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് ജയസൂര്യക്കെതിരെ കേസെടുത്തിരിക്കുന്നത്. സെക്രട്ടേറിയറ്റിൽ നടന്ന സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച എല്ലാവരുടേയും മൊഴി കന്റോൺമെന്റ് പോലീസ് രേഖപ്പെടുത്തും.
കൊച്ചി സ്വദേശിയായ നടിയുടെ 7 പരാതികളിൽ രജിസ്റ്റർ ചെയ്യുന്ന ആദ്യത്തെ കേസാണ് ഇത്. ജയസൂര്യക്ക് പുറമേ മുകേഷ് എംഎൽഎ, ഇടവേള ബാബു, മണിയൻപിള്ള രാജു, കോൺഗ്രസ് നേതാവ് അഡ്വ. വി എസ് ചന്ദ്രശേഖരൻ, കാസ്റ്റിംഗ് ഡയറക്ടര്‍ വിച്ചു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍ തുടങ്ങിയവർക്കെതിരെയും നടി പരാതി നല്‍കിയിട്ടുണ്ട്. പരാതി നല്‍കിയതിന് പിന്നാലെ നടിയുടെ ആലുവയിലെ വീട്ടിലെത്തി പ്രത്യേക അന്വേഷണ സംഘം ചൊവ്വാഴ്ച മൊഴിയെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ജയസൂര്യക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.