കൊല്ലം: കടമെടുപ്പ് പരിധിയില്‍ കേരളം നല്‍കിയ ഹര്‍ജി ഭരണഘടനാ ബെഞ്ചിന് വിട്ട വിധി വളരെ പ്രധാനപ്പെട്ടതാണെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. രാജ്യത്ത് ഇത്തരത്തില്‍ വരുന്ന ആദ്യത്തെ കേസാണിത്. കേരളത്തിന്റെ അപേക്ഷ ഭരണഘടനാപരമായി പരിശോധിക്കേണ്ടതാണെന്ന് കോടതി വിലയിരുത്തി. ഭരണഘടന ബെഞ്ച് പരിശോധിക്കണം എന്ന വിധി പോസിറ്റിവാണ്. ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ പ്രധാനപ്പെട്ട ഒന്നാണിതെന്നും മന്ത്രി പറഞ്ഞു.
സാമ്പത്തിക കാര്യങ്ങളില്‍ ഇത്തരത്തില്‍ ഒന്ന് ആദ്യമായാണ്. പരാതി പിന്‍വലിച്ചാല്‍ പണം തരാമെന്ന് നിലപാടിലാണ് കേന്ദ്രം. ഇതിനെ സുപ്രീം കോടതി എതിര്‍ത്തുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പരാതി പിന്‍വലിക്കണം എന്ന കേന്ദ്രത്തിന്റെ നിലപാട് മാറ്റിയാണ് 13,000 കോടി അനുവദിച്ചത്. വിധി രാജ്യത്തെ എല്ലാ സംസഥാനങ്ങള്‍ക്കും സഹായമാവും. സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുമെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ ജനങ്ങള്‍ക്ക് വേണ്ടി, അര്‍ഹമായ കാര്യങ്ങള്‍ക്ക് വേണ്ടി എവിടെയും പോകാന്‍ സര്‍ക്കാര്‍ തയ്യാര്‍ ആണ്. പണത്തിന് വേണ്ടി കേന്ദ്രത്തിന് മുന്നില്‍ ധനമന്ത്രി യാചിക്കാന്‍ പോയി എന്ന വി മുരളീധരന്റെ പരാമര്‍ശത്തില്‍ ആണ് കെ എന്‍ ബാലഗോപാലിന്റെ മറുപടി. ഇന്ത്യന്‍ പാര്‍ലമെന്റില്‍ ഈ വിഷയം നല്ല രീതിയില്‍ അവതരിപ്പിക്കാന്‍ സാധിച്ചില്ല. പരാതി നല്‍കാന്‍ 18 യുഡിഎഫ് എംപിമാരും തയ്യാറായില്ലെന്നും ധനമന്ത്രി പറഞ്ഞു.
സുപ്രീം കോടതിയുടെ ഈ ഇടക്കാല വിധി കേരളം പോലെ സമാന അവസ്ഥ നേരിടുന്ന എല്ലാ സംസ്ഥാനങ്ങള്‍ക്കും സഹായകരമാകും എന്നാണ് പ്രതീക്ഷ. ഇത്തരം കാര്യങ്ങള്‍ ന്യായമായ ആവശ്യങ്ങളായി കാണാന്‍ രാഷ്ട്രീയ തിമിരം ബാധിച്ച പ്രതിപക്ഷങ്ങള്‍ തയ്യാറാകുന്നില്ല. മുന്‍വര്‍ഷങ്ങളിലേക്കാള്‍ ഏറ്റവും കൂടുതല്‍ പണം ചെലവഴിച്ച വര്‍ഷമാണിത്. പണമുള്ളതുകൊണ്ടാണ് പണം ചെലവഴിച്ചത്. നിരന്തരമായി കേരളത്തിന് കിട്ടാനുള്ളതെല്ലാം വെട്ടിച്ചുരുക്കി കൊണ്ടിരിക്കുകയാണ്.
അടിയന്തര ആവശ്യമായി ആവശ്യപ്പെട്ട പതിനായിരം കോടി ലഭിച്ചിട്ടില്ല. അതിന്റേതായ ബുദ്ധിമുട്ടുകള്‍ കേരളം നേരിടുന്നുണ്ട്. കേരളത്തിലെ മുഖ്യമന്ത്രിയും മന്ത്രിമാരും ഡല്‍ഹിയില്‍ പോയി സമരം ചെയ്ത് കേരള ജനതയ്ക്ക് വേണ്ടിയാണ്. സമരം ചെയ്തത് അന്തസ്സായി കാണുന്നുവെന്നും കേരളം പൊരുതി മുന്നോട്ടു കൊണ്ടുവന്ന വിഷയത്തില്‍ വി മുരളീധരന്‍ കേരള ജനതയ്ക്ക് എതിരായി സംസാരിക്കുന്നുവെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.