ബെംഗളുരു: ഇന്ത്യയുടെ സ്വപ്നപദ്ധതിയായ സ്വന്തം സ്പേസ് സ്റ്റേഷൻ, ഭാരതീയ അന്തരീക്ഷ് സ്റ്റേഷന്‍റെ ആദ്യമൊഡ്യൂൾ 2028 ഓടെ വിക്ഷേപിക്കുമെന്ന് ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ്. നാസയുടെ സ്പേസ് സയന്‍റിസ്റ്റ് സുനിതാ വില്യംസ് ബഹിരാകാശത്ത് കുടുങ്ങിയതടക്കമുള്ളവ പാഠമാക്കിയാകും ഗഗൻയാൻ പദ്ധതിയുടെ ഡിസൈൻ. ഐഎസ്ആർഒയും നാസയും സംയുക്തമായി വിക്ഷേപിക്കുന്ന നൈസാർ എന്ന ഉപഗ്രഹത്തിന്‍റെ തകരാറുകൾ പരിഹരിച്ച് ഈ മാസം അവസാനത്തോടെ ഇന്ത്യയിലെത്തിക്കുമെന്നും എസ് സോമനാഥ് വ്യക്തമാക്കി.
ഇന്ത്യ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന അടുത്ത മിഷനാണ് നാസയുമായി സഹകരിച്ച് വിക്ഷേപിക്കുന്ന നൈസാർ എന്ന ഉപഗ്രഹം. കാലാവസ്ഥാ മാറ്റത്തെക്കുറിച്ച് സമഗ്രമായി പഠിക്കുന്ന ഈ മിഷന്‍റെ വിക്ഷേപണം ഈ മാസം നടക്കേണ്ടതായിരുന്നു. പക്ഷേ അസംബ്ലി കഴിഞ്ഞ് ടെസ്റ്റ് ചെയ്തപ്പോൾ ചെറിയൊരു തകരാറ് കണ്ടെത്തി. ഇതോടെ ഒരു ഭാഗം അമേരിക്കയിലേക്ക് തിരികെ കൊണ്ടുപോയി. ഇതിലെ തകരാറ് പരിഹരിച്ച് ഈ മാസം തിരികെ എത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിന് ശേഷം രണ്ടര മാസത്തിനുള്ളിൽ ലോഞ്ച് ചെയ്യുമെന്ന് എസ് സോമനാഥ് വ്യക്തമാക്കി.
നമ്മുടെ സ്വന്തം സ്പേസ് സ്റ്റേഷൻ എന്ന സ്വപ്നപദ്ധതിയുടെ നിർമ്മാണവും ലോഞ്ചിന്റേയും ആദ്യഘട്ടം 2028ൽ ചെയ്യണമെന്നാണ് പദ്ധതിയിടുന്നത്. 2035ഓടെ പൂർണമായി പൂർത്തിയാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എസ് സോമനാഥ് പ്രതികരിച്ചു. ബഹിരാകാശത്ത് കുടുങ്ങിയ സുനിത വില്യംസ് ഇപ്പോൾ സുരക്ഷിതയാണ്. ഗഗൻയാന് ഈ സംഭവത്തിൽ നിന്ന് ചില കാര്യങ്ങൾ പഠിക്കാനായിട്ടുണ്ട്. തകരാറ് വന്നാൽ പരിഹരിക്കാനും സുരക്ഷയ്ക്കും വേണ്ട കാര്യങ്ങൾ സൂക്ഷ്മമായി പഠിക്കും. അതിനനുസരിച്ചുള്ള ഡിസൈൻ ചേഞ്ചുകൾ ഗഗൻയാനുമുണ്ടാകുമെന്നും എസ് സോമനാഥ് പറഞ്ഞു. സൂര്യന് ചുറ്റുമുള്ള ഹാലോ ഓർബിറ്റിൽ ഒരു ഭ്രമണം 178 ദിവസം കൊണ്ട് പൂർത്തിയാക്കിയ ആദിത്യ L 1ന്റെ ഏഴ് പേലോഡുകളും നന്നായി പ്രവർത്തിക്കുന്നുണ്ടെന്നും എസ് സോമനാഥ് വിശദമാക്കി.