ഡല്‍ഹി: ലോക്‌സഭാ തിരരഞ്ഞെടുപ്പ് ഒന്നാംഘട്ടത്തിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. 102 മണ്ഡലങ്ങളില്‍ ഏപ്രില്‍ 19ന് ആണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നാളെ പ്രചാരണം നടത്തും. രാഹുല്‍ഗാന്ധിയും അഖിലേഷ് യാദവും നാളെ സംയുക്ത വാര്‍ത്തസമ്മേളനവും വിളിച്ചിട്ടുണ്ട്. തമിഴ്‌നാട്ടിലെ മുഴുവന്‍ സീറ്റിലും ആദ്യഘട്ടത്തിലാണ് തിരരഞ്ഞെടുപ്പ് എന്നതിനാല്‍ ബിജെപിയുടെയും മോദിയുടെയും പ്രധാനശ്രദ്ധ ദക്ഷിണേന്ത്യയിലായിരുന്നു. ബംഗാളിലും പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലും മോദി തുടര്‍ച്ചയായ റാലികളും റോഡ് ഷോകളും നടത്തി.
കെജ്രിവാളിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ചാണെങ്കിലും ആദ്യഘട്ട തിരഞ്ഞെടുപ്പിലെ ഇന്ത്യ സഖ്യത്തിന്റെ ശക്തിപ്രകടനമായി ഡല്‍ഹിയിലെ റാലി മാറി. രാഹുല്‍ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര ഹിന്ദി മേഖലയില്‍ പാര്‍ട്ടിക്ക് ഊര്‍ജ്ജം നല്കിയെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ. രാഹുല്‍ഗാന്ധിയും പ്രിയങ്കഗാന്ധിയും മധ്യപ്രദേശിലും രാജസ്ഥാനിലും റാലികള്‍ നടത്തി. ആദ്യ ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന ബംഗാളിലെ വടക്കന്‍ മേഖലകളില്‍ മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ ശക്തമായി പ്രചാരണം നടന്നു. തമിഴ്‌നാട്ടില്‍ ഇന്ത്യ സഖ്യത്തിന്റെ പ്രചാരണം ഏറ്റെടുത്തത് ഡിഎംകെ.
രാഹുല്‍ഗാന്ധിയുടെ പ്രചരണം ഒറ്റദിവസം മാത്രമാക്കിയത് തമിഴ്‌നാട്ടില്‍ ബിജെപിക്കും ഡിഎംകെയ്ക്കും ഇടയിലുള്ള മത്സരം എന്ന സന്ദേശം വോട്ടര്‍മാര്‍ക്ക് നല്കാനാണ്. രാമക്ഷേത്രം, ആര്‍ട്ടിക്കിള്‍ 370, മട്ടന്‍ വിവാദം , കെജ്രിവാളിന്റെ അറസ്റ്റ്, സന്ദേശ്ഖലി, ഇലക്ട്രല്‍ ബോണ്ട് വിഷയങ്ങളാണ് അദ്യഘട്ടത്തില്‍ പ്രചാരണത്തില്‍ ഉയര്‍ന്നത്. നാളെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലികള്‍ നടക്കും. അസമിലും ത്രിപുരയിലും മോദി റാലികള്‍ നടത്തും. പടിഞ്ഞാറന്‍ യുപിയില് രാഹുലും അഖിലേഷും പങ്കെടുക്കുന്ന സമാജ്‌വാദി പാര്‍ട്ടി കോണ്‍ഗ്രസ് സംയുക്ത റാലികള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ഇരുവരും നാളെ ഗാസിയബാദില്‍ സംയുക്ത വാര്‍ത്തസമ്മേളനം നടത്തുന്നുണ്ട്.