തെഹ്റാന്‍: ഹെലികോപ്റ്റര്‍ അപകടത്തില്‍ മുന്‍ പ്രസിഡന്റ് ഇബ്രാഹിം റെയിസി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഇറാനില്‍ വെള്ളിയാഴ്ച നടത്തിയ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകള്‍ പുറത്തുവന്നു. പരിഷ്‌കരണവാദിയായ മസൂദ് പെസെഷ്‌കിയനും സയീദ് ജലീലിയും മുന്നേറുന്നതായാണ് റിപ്പോര്‍ട്ട്.
12 ദശലക്ഷത്തിലധികം വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ മസൂദ് പെസെഷ്‌കിയാന് 5.3, സയീദ് ജലീലിക്ക് 4.8 ദശലക്ഷം എന്നിങ്ങനെ വോട്ടുകള്‍ ലഭിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വെള്ളിയാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ ഒരു വ്യക്തിക്കും വ്യക്തമായ ഭൂരിപക്ഷം നേടാനായില്ലെന്ന് ഇറാനിയന്‍ സ്റ്റേറ്റ് ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു.
പാര്‍ലമെന്ററി സ്പീക്കറും തെഹ്‌റാന്‍ മുന്‍ മേയറും റെവല്യൂഷണറി ഗാര്‍ഡ് കമാന്‍ഡറുമായിരുന്ന മുഹമ്മദ് ബഗര്‍ ഗാലിബാഫ്, നയതന്ത്രജ്ഞനും സുരക്ഷാ കൗണ്‍സില്‍ അംഗവുമായിരുന്ന സയിദ് ജലീലി, പാര്‍ലമെന്റ് അംഗവും പുരോഗമനവാദിയും മുന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനിയുടെ വിശ്വസ്തനുമായ മസൂദ് പെസെഷ്‌കിയാന്‍, മുന്‍ ആഭ്യന്തര, നീതിന്യായ മന്ത്രി മുസ്തഫ പൗര്‍ മുഹമ്മദി എന്നിവരാണ് മറ്റ് സ്ഥാനാര്‍ഥികള്‍. 80 പേര്‍ സമര്‍പ്പിച്ച നാമനിര്‍ദേശ പട്ടികയില്‍ നിന്ന് ആറ് പേരെയാണ് ഗാര്‍ഡിയന്‍ കൗണ്‍സില്‍ തിരഞ്ഞെടുത്തത്.
ഇവരില്‍ തെഹ്റാന്‍ മേയര്‍ അലിറേസ സകാനി, സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അമീര്‍ ഹുസൈന്‍ ഗാസിസാദെ ഹഷേമി എന്നിവര്‍ തിരഞ്ഞെടുപ്പിന് മുമ്പ് മത്സരരംഗത്ത് നിന്ന് പിന്മാറിയിരുന്നു.