തിരുവനന്തപുരം: ഓണ്‍ലൈന്‍ തട്ടിപ്പുകൾ ഇപ്പോൾ സജീവമായി നടന്നുകൊണ്ടിരിക്കുകയാണ്. ഇത്തരത്തിൽ ഓണ്‍ലൈന്‍ തട്ടിപ്പുകളിലൂടെയുള്ള പണം കേരളത്തിൽ വെച്ചുതന്നെ ക്രിപ്റ്റോ കറന്‍സിയിലേക്ക് മാറ്റി വിദേശത്തെയും ഉത്തരേന്ത്യയിലെയും സംഘങ്ങള്‍ക്ക് നല്‍കുന്നു. പട്ടം സ്വദേശിയില്‍നിന്ന് ആറു കോടി തട്ടിയെടുത്ത സംഭവത്തിലെ അന്വേഷണത്തിലാണ് ഇത്തരം സംഘങ്ങളെക്കുറിച്ചുള്ള സൂചന ലഭിച്ചത്. കോഴിക്കോട് കൊടുവള്ളി കേന്ദ്രീകരിച്ചാണ് ഇവർ പ്രവർത്തിക്കുന്നത്. ഇവരെക്കുറിച്ചുള്ള വിവരം കേരള പോലീസിന്റെ സൈബര്‍ വിഭാഗം ശേഖരിച്ച് വരുകയാണ്.
വ്യാജ ഓഹരി ആപ്പുകളിലൂടെ തട്ടിയെടുത്ത പണം കേരളത്തിലെ വിവിധ ബാങ്ക് അക്കൗണ്ടുകളിലൂടെ പിന്‍വലിച്ചായിരുന്നു തട്ടിപ്പ്. ഈ പണം ക്രിപ്റ്റോ കറന്‍സിയാക്കുന്നത് കൊടുവള്ളിയിലെത്തിച്ചാണ്. ഇടനിലക്കാരായി നിന്ന കൊടുവള്ളി സ്വദേശി അടക്കം മൂന്നുപേര്‍ കഴിഞ്ഞദിവസം തിരുവനന്തപുരം സിറ്റി സൈബര്‍ സെല്ലിന്റെ പിടിയിലായിരുന്നു. ആര്‍ക്കാണ് ക്രിപ്റ്റോ കറന്‍സിയാക്കി നല്‍കുന്നതെന്നോ തട്ടിപ്പുകാരെക്കുറിച്ചോ പിടിയിലായ ഇടനിലക്കാര്‍ക്കും അറിയില്ല.
Also Read:കൊല്ലത്ത് യുവാവിനെ നഗ്നനാക്കി മർദിച്ചു; പ്രതികൾ അറസ്റ്റിൽ
കേരളത്തില്‍നിന്നുള്ള ബാങ്ക് അക്കൗണ്ടുകളും ഇപ്പോള്‍ തട്ടിപ്പിന് ഉപയോഗിക്കുന്നു. മുന്‍പ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ ബാങ്ക് അക്കൗണ്ടുകളിലൂടെയായിരുന്നു ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തിയിരുന്നത്. കേരളത്തില്‍നിന്ന് നേരിട്ട് പണം ക്രിപ്റ്റോ കറന്‍സിയാക്കി നല്‍കുന്ന സംഘങ്ങള്‍ വന്നതോടെയാണ് ബാങ്ക് അക്കൗണ്ടുകളുടെ വില്‍പ്പനയും വാടകയ്‌ക്കെടുക്കലും വ്യാപകമായത്. ഉടമകളില്‍നിന്ന് ബാങ്ക് അക്കൗണ്ടുകള്‍ വിലയ്ക്കുവാങ്ങിയും വാടകയ്‌ക്കെടുത്തുമാണ് പണം മാറിയെടുക്കുന്നത്. അക്കൗണ്ടില്‍ വരുന്ന തുകയുടെ പത്തുശതമാനം മുതല്‍ 20 ശതമാനം വരെയാണ് ഇവര്‍ക്ക് നല്‍കുന്നത്.
ഓണ്‍ലൈന്‍ ജോലി വാഗ്ദാനംചെയ്ത് വീട്ടമ്മമാരടക്കമുള്ളവരെ തെറ്റിധരിപ്പിച്ച് അക്കൗണ്ടുകള്‍ ദുരുപയോഗം ചെയ്യുന്നതായും സംശയമുണ്ട്. തട്ടിപ്പുകാര്‍ ഈ അക്കൗണ്ടുകളിലേക്ക് ഉപഭോക്താക്കളെക്കൊണ്ട് പണം അയപ്പിക്കും. പിന്നീട് പല ഇടനിലക്കാരിലൂടെ ഇത് ക്രിപ്റ്റോ കറന്‍സിയാക്കുന്ന സംഘങ്ങളുടെ കൈവശമെത്തും.