എന്‍.ഡി.എയേക്കാള്‍ ഇന്‍ഡ്യാ മുന്നണിക്ക് രണ്ട് ശതമാനം വോട്ട് മാത്രം കുറവ്; രാജ്യം മതനിരപേക്ഷതയുടെ കൂടെയെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ

എന്‍.ഡി.എയേക്കാള്‍ ഇന്‍ഡ്യാ മുന്നണിക്ക് രണ്ട് ശതമാനം വോട്ട് മാത്രം കുറവ്; രാജ്യം മതനിരപേക്ഷതയുടെ കൂടെയെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ
എന്‍.ഡി.എയേക്കാള്‍ ഇന്‍ഡ്യാ മുന്നണിക്ക് രണ്ട് ശതമാനം വോട്ട് മാത്രം കുറവ്; രാജ്യം മതനിരപേക്ഷതയുടെ കൂടെയെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ

ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിലെ ഫലം മതനിരപേക്ഷ ജനാധിപത്യം സംരക്ഷിക്കാനുള്ള ജനവിധിയാണെന്ന് സിപിഎം പൊളിറ്റ്ബ്യുറോ. മതനിരപേക്ഷതയും ജനാധിപത്യവും ജനങ്ങളുടെ സാമ്പത്തിക പരമാധികാരവും സാമൂഹ്യനീതിയും ഫെഡറലിസവും സംരക്ഷിക്കാനുള്ള പോരാട്ടം തുടരുമെന്നും പൊളിറ്റ്ബ്യുറോ വ്യക്തമാക്കി. കഴിഞ്ഞ ദിവസം നടന്ന പൊളിറ്റ്ബ്യുറോ യോഗത്തിലാണ് തീരുമാനം.

ഹിന്ദുത്വ കടന്നാക്രമണങ്ങള്‍ക്കും ഹിന്ദുത്വ കോര്‍പറേറ്റ് കൂട്ടുകെട്ടുകള്‍ക്കുമെതിരെ ഇന്ത്യാ മുന്നണി പോരാട്ടം ശക്തിപ്പെടുത്തണമെന്നും യോഗം തീരുമാനമെടുത്തു. ‘ഇന്ത്യാ മുന്നണി ജാഗ്രത തുടരണം. ലോക്സഭയില്‍ ബി.ജെ.പിക്ക് തനിച്ച് ഭൂരിപക്ഷം നേടാനായില്ലെങ്കിലും നരേന്ദ്ര മോദി തന്റെ ആധിപത്യം വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ ശക്തമായി തുടരും. ഇതിനെതിരെ പ്രവര്‍ത്തിക്കുക തന്നെ വേണം,’ യോഗത്തിനു ശേഷം നടത്തിയ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വലിയ തിരിച്ചടി നേരിട്ടിരുന്നു. 2014ലും 2019ലും ഒറ്റക്ക് കേവലഭൂരിപക്ഷം നേടിയ ബി.ജെ.പിക്ക് ഇത്തവണ 240 സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. സഖ്യകക്ഷികളുടെ സഹായത്തോടെയാണ് ഇത്തവണ സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിച്ചത്. 400ല്‍ അധികം സീറ്റുകള്‍ക്കായി പ്രചാരണം നടത്തിയ ബി.ജെ.പിക്ക് വലിയ തിരിച്ചടിയാണ് ലഭിച്ചത്. 234 സീറ്റുകള്‍ നേടിയ ഇന്ത്യ മുന്നണിക്ക് കേവല ഭൂരിപക്ഷം ലഭിക്കാന്‍ 38 സീറ്റുകളുടെ കുറവാണ് ഉള്ളത്.

എന്‍.ഡി.എക്ക് 43.31 ശതമാനവും ഇന്ത്യ മുന്നണിക്ക് 41.69 ശതമാനവും വോട്ടുകളാണ് ലഭിച്ചത്. രണ്ട് ശതമാനത്തിന്റെ വോട്ട് വ്യത്യാസം മാത്രമാണ് ഇവിടെയുള്ളത്. ഇത് വലിയ മുന്നേറ്റമാണ്. ഭരണഘടനയും, മതനിരപേക്ഷതയും, ജനാധിപത്യവും സംരക്ഷിക്കാനാണ് ജനങ്ങള്‍ വിധിയെഴുതിയതെന്നും പൊളിറ്റ്ബ്യുറോ വ്യക്തമാക്കി.

ലോക്സഭയില്‍ ഇടതുപക്ഷ പാര്‍ട്ടികള്‍ക്ക് അംഗബലം കൂട്ടാനായെങ്കിലും കേരളത്തിലെ പ്രകടനത്തില്‍ പോളിറ്റ്ബ്യുറോ നിരാശ പ്രകടിപ്പിച്ചു. കേരളത്തിലെ പരാജയത്തില്‍ പരിശോധന നടത്തണമെന്നും യോഗത്തില്‍ തീരുമാനമെടുത്തു.

Top