CMDRF

​നി​ഗൂഢതയിലൊഴുകുന്ന ​ഗോസ്റ്റ്ഷിപ്പ് എന്ന മേരി സെലസ്റ്റ്

ഷെര്‍ലക്ക് ഹോംസിന്റെ സൃഷ്ടാവായ ആര്‍തര്‍ കനോന്‍ വരെ ആ സംശയങ്ങള്‍ക്ക് പിന്നാലെ ഇറങ്ങി പുറപ്പെട്ടെങ്കിലും പരാജയമായിരുന്നു ഫലം.

​നി​ഗൂഢതയിലൊഴുകുന്ന ​ഗോസ്റ്റ്ഷിപ്പ് എന്ന മേരി സെലസ്റ്റ്
​നി​ഗൂഢതയിലൊഴുകുന്ന ​ഗോസ്റ്റ്ഷിപ്പ് എന്ന മേരി സെലസ്റ്റ്

1872 നവംബര്‍ 7 ന്, ന്യൂയോര്‍ക്ക് ഹാര്‍ബറില്‍ നിന്ന് ഇറ്റലിയിലെ ജെനോവയിലേക്ക് ഒരു കപ്പല്‍ യാത്ര പുറപ്പെട്ടു. മേരി സെലസ്റ്റ്. ബെഞ്ചമിന്‍ എസ്. ബ്രിഗ്സ് ആയിരുന്നു കപ്പലിന്റെ ക്യാപ്റ്റന്‍. എന്നാല്‍ ഒരുമാസം കഴിഞ്ഞ് ഡിസംബര്‍ 5ന് പോര്‍ച്ചുഗലിലെ അസോറസില്‍ നിന്ന് ഏകദേശം 740 കി.മീ അകലെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കപ്പല്‍ കണ്ടെത്തി. കപ്പലിലുണ്ടായിരുന്നവര്‍ക്ക് എന്തുപറ്റിയെന്നോ എങ്ങോട്ട് പോയെന്നോ ഇന്നും അജ്ഞാതം. വലിയ പരുക്കുകളൊന്നുമില്ലാതെ കരയ്ക്കടുത്ത നിലയിലുള്ള കപ്പലില്‍ ആറുമാസത്തേക്കുള്ള ഭക്ഷണസാധനങ്ങളും, കപ്പലിലെ ചരക്ക് വസ്തുവായ മദ്യവും സുരക്ഷിതം. പക്ഷേ, കപ്പലിന്റെ ക്യാപ്റ്റന്‍ ബെഞ്ചമിന്‍ എസ്. ബ്രിഗ്‌സ്, ഭാര്യ സാറ, മകള്‍ രണ്ടു വയസ്സുകാരി സോഫിയ, കൂടെയുണ്ടായിരുന്ന എട്ട് സഹായികള്‍ എന്നിവരുടെ ഒരു പൊടിപോലുമില്ല കണ്ടുപിടിക്കാന്‍. അപകടം നടന്നതിന്റെയോ കൊള്ളയടിക്കപ്പെട്ടതിന്റെയോ യാതൊരു സൂചനയുമില്ല. യാത്രക്കാര്‍ മാത്രം അന്തരീക്ഷത്തിലേക്ക് അപ്രത്യക്ഷമായത് പോലെ. കപ്പല്‍ കണ്ടെത്തിയത് മുതല്‍ കപ്പലിലെ നിഗൂഢതയും അസ്വാഭാവികതയും ചര്‍ച്ച ചെയ്ത് തുടങ്ങി. പിന്നാലെ എന്തുപറ്റി എന്ന അന്വേഷണവും.

1861-ല്‍ ആമസോണ്‍ എന്ന് ആദ്യം പേരിട്ട കപ്പലിന് ആരംഭകാലഘട്ടത്തിലേ കണ്ടകശനിയായിരുന്നു. കന്നിയാത്രയില്‍ തന്നെ കപ്പലിന്റെ ആദ്യ ക്യാപ്റ്റന്‍ മക്ലെല്ലന്‍ രോഗബാധിതനായി മരണമടഞ്ഞു. മക്ലെല്ലനു ശേഷം വന്ന ജോണ്‍ നട്ടിംഗ് പാര്‍ക്കറിന്റെ സമയത്തും കപ്പലിന് കഷ്ടകാലം തന്നെയായിരുന്നു. ന്യൂയോര്‍ക്കിലെ മെയ്നിലെ ഈസ്റ്റ്പോര്‍ട്ടിന് സമീപം കപ്പല്‍ മറ്റൊരു ചരക്ക് കപ്പലുമായി കൂട്ടിയിടിച്ചു. 1867-ല്‍ ഒരു കൊടുങ്കാറ്റില്‍ ആമസോണ്‍ തകര്‍ന്നതിനെ തുടര്‍ന്ന് കേപ് ബ്രെട്ടന്‍ ദ്വീപിന്റെ തീരത്ത് ഉടമകള്‍ക്ക് അത് ഉപേക്ഷിക്കേണ്ടിവന്നു. പിന്നീട് അലക്‌സാണ്ടര്‍ മക്ബീന്‍ കപ്പല്‍ വാങ്ങുകയും കപ്പലിന് മേരി സെലസ്റ്റ് എന്ന് പേരിടുകയും ചെയ്തു. അന്ന് മുതല്‍ പിന്നീട് നീണ്ട 12 വര്‍ഷത്തോളം സ്ഥിരമായ ഒരു നാഥനില്ലാതെ മേരി സെലസ്റ്റ് അലഞ്ഞു. പിന്നീടാണ് ക്യാപ്റ്റന്‍ ബെഞ്ചമിന്‍ എസ്. ബ്രിഗ്‌സിന്റെ കൈപിടിയില്‍ കപ്പല്‍ ഭദ്രമായത്.

The Mystery of the Mary Celeste

പല കഥകളും, അനുമാനങ്ങളുമാണ് കപ്പലിനെപറ്റിയും അതിലെ യാത്രക്കാരുടെ തിരോധാനത്തെപറ്റിയും കാലക്രമേണ വന്നത്. കപ്പല്‍ കൊള്ളയടിച്ചെന്നും അല്ലെങ്കില്‍ ഏതെങ്കിലും കടല്‍ ജീവികള്‍ ആക്രമിച്ചെന്നുമുള്ള ആരോപണങ്ങളെല്ലാം അതിന്റേതായ തെളിവുകളൊന്നുമില്ലാത്ത സാഹചര്യത്തില്‍ തള്ളിക്കളഞ്ഞു. കപ്പലിലുള്ളവര്‍ തന്നെ ക്യാപ്റ്റനെ ആക്രമിച്ചു എന്ന ആരോപണവും ഉയര്‍ന്നിരുന്നു. എന്നാല്‍ അത്തരമൊരു അക്രമത്തിന്റെ തെളിവുകളൊന്നും കണ്ടെത്താനായില്ല. കൂടാതെ ബ്രിഗ്‌സ് തന്നെയാണ് തന്റെ എട്ട് വിശ്വസ്ഥരെ തിരഞ്ഞെടുത്തത്. ഏകദേശം 1700 ബാരല്‍ ക്രൂഡ് ആല്‍ക്കഹോളാണ് കപ്പലില്‍ ഉണ്ടായിരുന്നത്. എന്നാല്‍ അവയെല്ലാം തന്നെ സുരക്ഷിതമാണ്. കാലാവസ്ഥ മോശമായതിനാല്‍ ക്യാപ്റ്റനും സംഘവും, കപ്പല്‍ തീരത്ത് ഉപേക്ഷിച്ച് പോയതായിരിക്കാം എന്നും ചില അഭിപ്രായങ്ങള്‍ വന്നു. പക്ഷേ, അങ്ങനെ പോയെങ്കിലും എത്രനാള്‍… ഇന്നിതാ 152 വര്‍ഷത്തോളമായിട്ടും അതൊരു നിഗൂഢതയായി തന്നെ തുടരുന്നു. ഷെര്‍ലക്ക് ഹോംസിന്റെ സൃഷ്ടാവായ ആര്‍തര്‍ കനോന്‍ വരെ ആ സംശയങ്ങള്‍ക്ക് പിന്നാലെ ഇറങ്ങി പുറപ്പെട്ടെങ്കിലും പരാജയമായിരുന്നു ഫലം.

അന്നത്തെ കാലത്ത് 46,000 ഡോളര്‍ മൂല്യമുണ്ടായിരുന്നു കപ്പലിലെ ചരക്കുകള്‍ക്ക്. അക്കാലത്തെ നിയമമനുസരിച്ച് മേരി സെലസ്റ്റിനെ സുരക്ഷിതമായി കരയ്‌ക്കെത്തിക്കുന്ന കപ്പലിന് ഒരു നിശ്ചിത തുക ലഭിക്കുമായിരുന്നു. ബ്രിട്ടീഷ് കപ്പലായ ദെയ് ഗ്രാഷ്യയിലെ അംഗങ്ങളാണ് മേരി സെലസ്റ്റ് കണ്ടെത്തിയത്. കപ്പലിലെ മൂല്യത്തിന്റെ ആറിലൊന്ന് ദെയ് ഗ്രാഷ്യയ്ക്ക് കൈമാറിയിരുന്നു. പല അന്വേഷണങ്ങളും സംഭവത്തെ ചുറ്റിപ്പറ്റി വന്നെങ്കിലും വന്നവരെല്ലാം പലതരം വാദഗതികള്‍ പറഞ്ഞൊഴിഞ്ഞു. പിന്നീട് പല എഴുത്തുകളായും സിനിമയായുമൊക്കെ മേരി സെലസ്റ്റിന്റെ കഥ തലമുറകളറിഞ്ഞു. പുതിയ പല കണ്ടുപിടുത്തങ്ങളും പഠനങ്ങളുമൊക്കെ വന്നുപോയി. അങ്ങനെ മേരി സെലസ്റ്റ് പതിയെ ഗോസ്റ്റ് ഷിപ്പ് എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി. പല ചോദ്യങ്ങളും ബാക്കിയാക്കി ഇന്നും ആ കപ്പലിലെ 11 ജീവനുകള്‍ക്ക് എന്ത് സംഭവിച്ചു എന്നുള്ളത് അഞ്ജാതമാണ്… ശൂന്യതയിലേക്കെന്നതുപോലെ അതിന്റെ ഉത്തരത്തിനായി ഇന്നും ആളുകള്‍ ഗവേഷണങ്ങള്‍ തുടരുന്നു…

Top