തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിന്ന് കൂടുതല്‍ പേജുകള്‍ ഒഴിവാക്കിയ നടപടിക്കെതിരെ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വലിയ ഗൂഢാലോചനയാണ് നടന്നതെന്നും യഥാര്‍ത്ഥത്തില്‍ പുറത്തുവരേണ്ട ഭാഗങ്ങള്‍ പുറത്തുവന്നിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു. അടിയന്തരമായി പുറത്തുവിടേണ്ട ഭാഗങ്ങളാണ് പൂഴ്ത്തിവെച്ചിരിക്കുന്നത്. സര്‍ക്കാരിന് എന്തൊക്കെയോ മറച്ചുവെക്കാനുണ്ട്. ആരെയൊക്കെയോ കവര്‍ ചെയ്യാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പുറത്തുവന്ന റിപ്പോര്‍ട്ട് തന്നെ പൂര്‍ണമല്ല എന്ന് പറയുന്നത് അങ്ങേയറ്റം തെറ്റാണ്. കേരള ജനത വഞ്ചിക്കപ്പെട്ടിരിക്കുന്നു.
സര്‍ക്കാരിന് ആരെയൊക്കെയോ സംരക്ഷിക്കാനുണ്ട്. കേസെടുക്കാന്‍ എന്താണ് പ്രശ്‌നം? സര്‍ക്കാര്‍ തെറ്റുകളില്‍ നിന്ന് തെറ്റുകളിലേക്കാണ് പോകുന്നത്. അന്തസ്സുണ്ടെങ്കില്‍ മുഴുവന്‍ റിപ്പോര്‍ട്ടും പുറത്തുവിടണം. കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ 11 ഖണ്ഡികകളാണ് മുന്നറിയിപ്പില്ലാതെ സര്‍ക്കാര്‍ ഒഴിവാക്കിയത്. 49 മുതല്‍ 53 വരെ പേജുകള്‍ അധികമായി ഒഴിവാക്കിയെന്നാണ് റിപ്പോര്‍ട്ടര്‍ അന്വേഷണത്തില്‍ കണ്ടെത്തിയത്. 97 മുതല്‍ 107 വരെയുള്ള 11 ഖണ്ഡികകളാണ് നീക്കിയത്. ഈ പേജുകള്‍ ഒഴിവാക്കുമെന്ന് അപേക്ഷകരെ അറിയിച്ചിരുന്നില്ല.
ഏറ്റവും ക്രൂരമായ ലൈംഗികാതിക്രമ വിവരങ്ങള്‍ ഉള്‍പ്പെട്ട ഭാഗങ്ങളാണ് ഒഴിവാക്കിയത്. വിവരാവകാശ കമ്മീഷണര്‍ ഡോ. എ അബ്ദുള്‍ ഹക്കീം 21 ഖണ്ഡികകള്‍ ഒഴിവാക്കാനാണ് നിര്‍ദ്ദേശിച്ചിരുന്നത്. എന്നാല്‍ സര്‍ക്കാര്‍ ആകെ 129 ഖണ്ഡികകളാണ് വെട്ടിമാറ്റിയത്. വിവരാവകാശ കമ്മീഷണര്‍ പുറത്തുവിടാന്‍ ആവശ്യപ്പെട്ട വിവരങ്ങളും വെട്ടിമാറ്റിയിട്ടുണ്ട്. ഗുരുതര വീഴ്ചയാണ് സര്‍ക്കാരില്‍ നിന്ന് ഉണ്ടായിരിക്കുന്നത്.