തിരുവനന്തപുരം: ചെസ് ഒളിംപ്യാഡ് വിജയികൾക്ക് നാട്ടിലെത്തിയ ദിവസം തന്നെ പാരിതോഷികം നൽകി തമിഴ്നാട് സർക്കാർ അനുമോദിക്കുമ്പോൾ പാരിസ് ഒളിംപിക്സിൽ വെങ്കല മെഡൽ നേടിയ മലയാളി താരം പിആർ ശ്രീജേഷിനോടുള്ള കേരള സർക്കാരിന്റെ അവഗണന ചർച്ചയാവുന്നു. മാറ്റിവെച്ച അനുമോദന ചടങ്ങ് ഇതുവരെ നടത്താത്തതിന് പുറമെ പ്രഖ്യാപിച്ച രണ്ടുകോടി സമ്മാനത്തുകയും ഇതുവരെ നൽകിയില്ല. കായികതാരങ്ങളോടുള്ള കരുതലിലും പ്രോത്സാഹനത്തിലും വാക്കിൽ മാത്രമല്ല പ്രവൃത്തിയിലും അതിവേഗമാണ് തമിഴ്നാട് സർക്കാർ. ലോക ചെസ് ഒളിംപ്യാഡ് ജേതാക്കളായി നാട്ടിൽ തിരിച്ചെത്തിയ ദിവസം തന്നെ ആർ പ്രഗ്നാനന്ദ, ഡി ഗുകേഷ് വൈശാലി എന്നിവർക്ക് സർക്കാർ അനുമോദനം നൽകുകയായിരുന്നു.
മൂന്നുതാരങ്ങൾക്കും ചടങ്ങിനിടെ മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ഇരുപത്തിയഞ്ച് ലക്ഷം രൂപവീതം നമ്മാനിച്ചു. ടീം ക്യാപ്റ്റൻ ശ്രീനാഥ് നാരായണന് 15 ലക്ഷം രൂപയും കൈമാറി. പാരിസ് ഒളിംപിക്സിൽ പങ്കെടുത്ത തമിഴ്നാട് താരങ്ങൾക്കും നാട്ടിലെത്തിയ ഉടനെ സംസ്ഥാന സർക്കാരിന്റെ അംഗീകാരം കിട്ടി. ടോക്കിയോയ്ക്ക് പിന്നാലെ പാരിസ് ഒളിംപിക്സിലും വെങ്കല മെഡൽ നേടിയ ഹോക്കി ഗോൾകീപ്പർ പിആർ ശ്രീജേഷിന് കേരള സർക്കാർ പ്രഖ്യാപിച്ചത് രണ്ടുകോടി രൂപയാണ്. ഓഗസ്റ്റ് ഇരുപത്തിയാറിന് അനുമോദന ചടങ്ങും നിശ്ചയിച്ചു. ശ്രീജേഷിന് സ്വീകരണ ചടങ്ങ് ഒരുക്കേണ്ടത് വിദ്യാഭ്യാസ വകുപ്പോ, കായിക വകുപ്പോ എന്ന കാര്യത്തിൽ മന്ത്രിമാരായ വി ശിവൻകുട്ടിയും വി അബ്ദുറഹ്മാനും തർക്കിച്ചതോടെയായാണ് മുഖ്യമന്ത്രി ഇടപെട്ട് നിശ്ചയിച്ച പരിപാടി മാറ്റിവച്ചത്. ഇതോടെ ചടങ്ങിൽ പങ്കെടുക്കാൻ കുടുംബ സമേതം തിരുവന്തപുരത്ത് എത്തിയ അഭിമാന താരത്തിന് മന്ത്രിമാരുടെ ഈഗോയിൽ അപമാനിതനായി വെറും കയ്യോടെ വീട്ടിലേക്ക് മടങ്ങേണ്ടിവന്നു.
സാങ്കേതിക തടസം കാരണം അനുമോദന ചടങ്ങ് മാറ്റിയ സർക്കാർ ഇതുവരെ പുതിയൊരു തീയതി പ്രഖ്യാപിക്കുകയോ വാഗ്ദാനം ചെയ്ത സമ്മാനത്തുക കൈമാറുകയോ ചെയ്തിട്ടില്ല. ശ്രീജേഷിനൊപ്പം പാരിസിൽ നേടിയ മെഡൽ നേടിയ താരങ്ങൾക്കെല്ലാം അതത് സംസ്ഥാന സർക്കാരുകൾ കൈനിറയെ പണവും പാരിതോഷികങ്ങളും നൽകിയപ്പോൾ രണ്ട് ഒളിംപിക്സ് മെഡൽ നേടിയ ഏക മലയാളിക്ക് കിട്ടിയത് വെറുംവാക്കും അപമാനവും മാത്രമാണ്.