സ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പാക്കാന്‍ കഴിയുന്ന നിലപാടാണ് സര്‍ക്കാരിന്; മന്ത്രി സജി ചെറിയാന്‍

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ തുടര്‍നടപടി സ്വീകരിക്കാന്‍ കോടതിയുടെ ഇടപെടല്‍ ആവശ്യമാണെന്ന് മന്ത്രി

സ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പാക്കാന്‍ കഴിയുന്ന നിലപാടാണ് സര്‍ക്കാരിന്; മന്ത്രി സജി ചെറിയാന്‍
സ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പാക്കാന്‍ കഴിയുന്ന നിലപാടാണ് സര്‍ക്കാരിന്; മന്ത്രി സജി ചെറിയാന്‍

തിരുവനന്തപുരം: സ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പാക്കാന്‍ കഴിയുന്ന നിലപാടാണ് സര്‍ക്കാരിനെന്ന് മന്ത്രി സജി ചെറിയാന്‍. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാരിന് മറച്ച് വയ്‌ക്കേണ്ട കാര്യമില്ലെന്നും അതുകൊണ്ടാണ് പറഞ്ഞതിലും നേരത്തെ തന്നെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചതെന്നും മന്ത്രി പറഞ്ഞു. ഏറ്റവും വേഗത്തില്‍ തന്നെ എസ്‌ഐടിക്ക് പൂര്‍ണമായി റിപ്പോര്‍ട്ട് കൈമാറും. ഷൂട്ടിംഗ് സെറ്റില്‍ പരാതി ഉയര്‍ന്നാല്‍ പരിശോധിക്കാനുള്ള നടപടി ഉണ്ടാകും. റിപ്പോര്‍ട്ട് പുറത്തുവിടരുത് എന്ന് ഹേമകമ്മിറ്റി തന്നെ പറഞ്ഞിട്ടുണ്ടെന്ന കാര്യവും അദ്ദേഹം ആവര്‍ത്തിച്ചു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ കേരള ഹൈക്കോടതി സര്‍ക്കാരിനെ വിമര്‍ശിച്ചുവെന്നത് മാധ്യമങ്ങളുടെ വ്യാഖ്യാനമാണ്. കോടതിയുടേത് ഉചിതമായ നിലപാടാണെന്നും അതിനെ സംസ്ഥാന സര്‍ക്കാര്‍ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. കോടതി വിമര്‍ശനം എന്നത് രാഷ്ട്രിയ നാടകമാണെന്ന് മന്ത്രി കുറ്റപ്പെടുത്തി. ഇത് പൊതുസമൂഹം അംഗീകരിക്കില്ലെന്നും കോടതി പറഞ്ഞത് കൂടുതല്‍ പരിശോധന വേണമെന്ന് മാത്രമാണെന്നും മന്ത്രി പറഞ്ഞു. പ്രത്യേക അന്വേഷണ സംഘം ഇക്കാര്യത്തില്‍ അന്വേഷണം നടത്തുന്നുണ്ട്. വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുന്ന ഭാഗമുള്ളതുകൊണ്ട് റിപ്പോര്‍ട്ട് പുറത്തുവിടരുത് എന്നാണ് പറഞ്ഞത്. പ്രതിപക്ഷ നേതാവിന് എന്തും പറയാം. സര്‍ക്കാരിന് ഇക്കാര്യത്തില്‍ രാഷ്ട്രീയമില്ലെന്നും അദ്ദേഹം പറഞ്ഞു.

Also Read: മുഖ്യമന്ത്രിയെ കണ്ട് ഡബ്ല്യുസിസി അംഗങ്ങള്‍; സിനിമാ നയത്തിലെ നിലപാട് വ്യക്തമാക്കി

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ തുടര്‍നടപടി സ്വീകരിക്കാന്‍ കോടതിയുടെ ഇടപെടല്‍ ആവശ്യമാണെന്ന് മന്ത്രി പറഞ്ഞു. ഹൈക്കോടതിയുടെ തീരുമാനങ്ങള്‍ വിശദമായി പഠിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കും. സിനിമ നയം കരട് പൂര്‍ത്തിയായി. ഷൂട്ടിംഗ് സൈറ്റുകളിലെ പരാതി സ്വീകരിക്കുന്നതിന് സംവിധാനമൊരുക്കും. സര്‍ക്കാര്‍ സ്ത്രീ പക്ഷത്തുനിന്ന് പ്രവര്‍ത്തിക്കുന്നവരാണ്. സ്ത്രീ സുരക്ഷയ്ക്കാണ് പ്രാധാന്യം നല്‍കുന്നത്. പരാതി നല്‍കാനുള്ളവര്‍ നല്‍കണം. ഒരു വിട്ടുവീഴ്ചയും സര്‍ക്കാര്‍ ചെയ്യില്ലെന്നും മന്ത്രി വ്യക്തമാക്കി.

Top